Kerala

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്തുവെന്ന കേസ്: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നു പ്രോസിക്യുഷന്‍

കേസിലെ മുഴുവന്‍ ഫയലും ഹൈക്കോടതിയില്‍ ഹാജരാക്കാന്‍ ഹൈക്കോടതി പ്രോസിക്യുഷനു നിര്‍ദ്ദേശം നല്‍കി. കേസ് പരിഗണിക്കുന്ന ജൂണ്‍ 26 നു വിചാരണ കോടതിയിലുള്ള ഫയല്‍ ഹാജരാക്കണമെന്നാണ് നിര്‍ദ്ദേശം. കോട്ടയത്തെ അഡീഷണല്‍ സെഷന്‍സ് (പോക്സോ) കോടതിയില്‍ സമര്‍പ്പിച്ച വിടുതല്‍ ഹരജി തള്ളിയതിനെ തുടര്‍ന്നാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഹൈക്കോടതിയില്‍ പുനപരിശോധന ഹരജി സമര്‍പ്പിച്ചത്

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്തുവെന്ന കേസ്: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നു പ്രോസിക്യുഷന്‍
X

കൊച്ചി: കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്തുവെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ശക്തമായ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നു പ്രോസിക്യുഷന്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. കേസിലെ മുഴുവന്‍ ഫയലും ഹൈക്കോടതിയില്‍ ഹാജരാക്കാന്‍ ഹൈക്കോടതി പ്രോസിക്യുഷനു നിര്‍ദ്ദേശം നല്‍കി. കേസ് പരിഗണിക്കുന്ന ജൂണ്‍ 26 നു വിചാരണ കോടതിയിലുള്ള ഫയല്‍ ഹാജരാക്കണമെന്നാണ് നിര്‍ദ്ദേശം. കോട്ടയത്തെ അഡീഷണല്‍ സെഷന്‍സ് (പോക്സോ) കോടതിയില്‍ സമര്‍പ്പിച്ച വിടുതല്‍ ഹരജി തള്ളിയതിനെ തുടര്‍ന്നാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഹൈക്കോടതിയില്‍ പുനപരിശോധന ഹരജി സമര്‍പ്പിച്ചത്.

ഹരജി നിലനില്‍ക്കുന്നതല്ലെന്നും പുനപരിശോധന ഹരജി നല്‍കിയത് കേസ് നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും പ്രോസിക്യുഷന്‍ കോടതിയില്‍ അറിയിച്ചു. കേസില്‍ കക്ഷി ചേരാന്‍ പരാതിക്കാരിയായ കന്യാസ്ത്രീയും അപേക്ഷ നല്‍കിയിട്ടുണ്ട്. കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്തെന്ന കേസില്‍ തനിക്കെതിരെ തെളിവുകള്‍ ഇല്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമാണ് ഹരജിയിലെ വാദം. ഇതിനാല്‍ വിചാരണ കൂടാതെ തന്നെ പ്രതിസ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നുമാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ വാദം.നിരവധി തവണ പീഡിപ്പിക്കപ്പെട്ടെന്ന കന്യാസ്ത്രീയുടെ പരാതിയെ തുടര്‍ന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ 2018 സെപ്റ്റംബര്‍ 22 ന് അറസ്റ്റ് ചെയ്തിരുന്നു. റിമാന്റിലായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ പിന്നീട് ജാമ്യത്തിലിറങ്ങിയിരുന്നു.

Next Story

RELATED STORIES

Share it