Kerala

നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ്: ജോബ് കള്‍സള്‍ട്ടന്‍സി സ്ഥാപനം നടത്തിവന്ന രണ്ടുപേര്‍ പിടിയില്‍

നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ്: ജോബ് കള്‍സള്‍ട്ടന്‍സി സ്ഥാപനം നടത്തിവന്ന രണ്ടുപേര്‍ പിടിയില്‍
X

കൊച്ചി: ദുബയിലേക്ക് കൊവിഡ് രോഗികളെ ചികില്‍സിക്കുന്ന ആശുപത്രിയില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ രണ്ടുപേര്‍ എറണാകുളത്ത് പിടിയിലായി. കലൂര്‍ ടേക്ക് ഓഫ് എന്ന പേരില്‍ ജോബ് കള്‍സള്‍ട്ടന്‍സി സ്ഥാപനം നടത്തിവരുന്ന നെട്ടൂര്‍ സ്വദേശി ഫിറോസ് ഖാന്‍ (42), ചേര്‍ത്തല കൊമ്പനമുറി സ്വദേശി സത്താര്‍ (50) എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പോലിസ് അറസ്റ്റുചെയ്തത്. നിരവധി പേരെയാണ് ഇവര്‍ ദുബയിലേക്ക് അയച്ചത്. ഓരോരുത്തരില്‍നിന്നായി 2.5 ലക്ഷം രൂപ മുന്‍കൂറായി കൈപ്പറ്റുകയും ചെയ്തിരുന്നു. റിക്രൂട്ടിങ് ലൈസെന്‍സില്ലാത്തതിനാല്‍ വേറെ പല ഏജന്‍സികളിലൂടെയാണ് ഇവര്‍ക്ക് ജോലി ശരിയാക്കാന്‍ ഉദ്ദേശിച്ചത്.

എന്നാല്‍, വാഹന കച്ചവടക്കാറായ ഇവര്‍ കിട്ടിയ പണം മുഴുവന്‍ സെക്കന്റ് ഹാന്‍ഡ് വണ്ടികള്‍ വാങ്ങാന്‍ ചെലവാക്കി. ദുബയിലുള്ള ഏജന്റുമാര്‍ക്ക് പൈസ കിട്ടാതിരുന്നത്തോടെ പലതും പിന്‍വലിഞ്ഞു. ഇതോടെ പല ദിവസങ്ങളിലായി വിദേശത്തെത്തിയ ഉദ്യോഗാര്‍ഥികള്‍ താമസിക്കാന്‍ സ്ഥലമോ, ഭക്ഷണമോ, ജോലിയോ ഇല്ലാതെ പെരുവഴിയിലായി. ഇതിനിടയില്‍ പലരും സ്വന്തം നിലയ്ക്ക് അവിടെ പല ജോലികളും തരപ്പെടുത്തി. പണം നഷ്ടപ്പെട്ട ചിലര്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നോര്‍ത്ത് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇരുവരും പിടിയിലായത്. കേസെടുത്ത വിവരമറിഞ്ഞ രണ്ടുപേരും കോഴിക്കോടെത്തി അവിടെനിന്നും ഡല്‍ഹിക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്.

കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ നാഗരാജ്, ഡെപ്യൂട്ടി കമ്മീഷണര്‍ ഐശ്വര്യ ഡോണ്‍ഗ്രെ, എറണാകുളം സെന്‍ട്രല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ എ ജെ തോമസ് എന്നിവരുടെ പ്രത്യേക നിര്‍ദേശപ്രകാരം നോര്‍ത്ത് എസ്എച്ച്ഒ വി എസ് പ്രദീപ് കുമാര്‍, എസ്‌ഐ കെ കെ പ്രശോഭു, എഎസ്‌ഐ വിനോദ് കൃഷ്ണ, സിപിഒമാരായ എ അജിലേഷ്, പി വിനീത്, വി എസ് വാസന്‍, ഒ കെ രാധാകൃഷ്ണന്‍, പി ഷോബിമോന്‍, സിനീഷ്, സനൂബ് എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു. ഫിറോസ് ഖാനെ സമാനമായ കുറ്റത്തിന് കഴിഞ്ഞമാസം നോര്‍ത്ത് പോലിസ് അറസ്റ്റുചെയ്തിരുന്നു. ആ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീണ്ടും തട്ടിപ്പ് നടത്തിയത്. ഇയാള്‍ക്കെതിരേ എറണാകുളം സെന്‍ട്രല്‍, മരട്, ചേര്‍ത്തല സ്റ്റേഷനുകളില്‍ തട്ടിപ്പുകേസുകള്‍ നിലവിലുണ്ട്.

Next Story

RELATED STORIES

Share it