Kerala

ഓണക്കിറ്റ് വിതരണത്തിലെ തട്ടിപ്പ്: വിജിലന്‍സ് കണ്ടെത്തല്‍ ലജ്ജാകരം- എസ് ഡിപിഐ

സര്‍ക്കാരിന്റെ എല്ലാ പദ്ധതികളും അഴിമതിയില്‍ മുങ്ങുന്നത് ഇനിയും ആവര്‍ത്തിക്കപ്പെടരുത്. കൊവിഡ് പശ്ചാത്തലത്തില്‍ റേഷന്‍ കാര്‍ഡുടമകള്‍ വളരെ കഷ്ടപ്പെട്ടാണ് ഓണക്കിറ്റ് വാങ്ങാന്‍ കടകളിലെത്തുന്നത്.

ഓണക്കിറ്റ് വിതരണത്തിലെ തട്ടിപ്പ്: വിജിലന്‍സ് കണ്ടെത്തല്‍ ലജ്ജാകരം- എസ് ഡിപിഐ
X

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ വിതരണംചെയ്യുന്ന ഓണക്കിറ്റില്‍ ഗുണനിലവാരവും തൂക്കവും ഉറപ്പുവരുത്തുന്നതില്‍ വീഴ്ച പറ്റിയെന്ന വിജിലന്‍സ് കണ്ടെത്തല്‍ ലജ്ജാകരമാണെന്ന് എസ് ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍. ആരെ തൃപ്തിപ്പെടുത്താനാണ് ഇത്തരം വിതരണ മാമാങ്കങ്ങള്‍ നടത്തുന്നത്. ജനങ്ങളുടെ ദാരിദ്ര്യത്തെയും കൊവിഡ് മഹാമാരിയെയും ചൂഷണംചെയ്ത് രാഷ്ട്രീയ-സാമ്പത്തിക നേട്ടങ്ങള്‍ കൊയ്യാനുള്ള ഹീനമായ ശ്രമമാണ് നടക്കുന്നത്.

കൊവിഡ് പശ്ചാത്തലത്തില്‍ റേഷന്‍ കടകള്‍വഴി നടത്തിയ സൗജന്യ കിറ്റ് വിതരണത്തിലും അതിന്റെ ഫണ്ട് കണ്ടെത്തിയതിലുള്‍പ്പെടെ ധാരാളം ക്രമക്കേടുകള്‍ നടന്നതായി ആക്ഷേപമുണ്ടായിരുന്നു. സര്‍ക്കാരിന്റെ എല്ലാ പദ്ധതികളും അഴിമതിയില്‍ മുങ്ങുന്നത് ഇനിയും ആവര്‍ത്തിക്കപ്പെടരുത്. കൊവിഡ് പശ്ചാത്തലത്തില്‍ റേഷന്‍ കാര്‍ഡുടമകള്‍ വളരെ കഷ്ടപ്പെട്ടാണ് ഓണക്കിറ്റ് വാങ്ങാന്‍ കടകളിലെത്തുന്നത്.

ഓണക്കിറ്റില്‍ സാധനങ്ങള്‍ കുറവാണെന്ന് സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നപ്പോള്‍ അതിനെ ന്യായീകരിച്ച് രക്ഷപ്പെടാനുള്ള ശ്രമമാണ് സപ്ലൈകോ അധികൃതര്‍ നടത്തിയത്. ഇപ്പോള്‍ വിജിലന്‍സ് തന്നെ അത് ശരിയാണെന്നു കണ്ടെത്തിയിരിക്കുകയാണ്. ചില പാക്കിങ് സെന്ററുകളിലെ കിറ്റുകളില്‍ നിര്‍ദേശിക്കപ്പെട്ടിട്ടുള്ള എല്ലാ വസ്തുക്കളുമില്ല. ഉള്ള സാധനങ്ങള്‍ തന്നെ തൂക്കത്തില്‍ കുറവാണ്. ഉത്പാദന തിയ്യതിയോ പാക്കിങ് തിയ്യതിയോ രേഖപ്പെടുത്തിയിട്ടില്ല. വീഴ്ച പരിശോധിക്കുമെന്നും തൂക്കത്തില്‍ കുറവ് വന്ന പാക്കറ്റുകള്‍ റീപാക്ക് ചെയ്ത് വീണ്ടും വിതരണം ചെയ്യുമെന്നും മന്ത്രി പി തിലോത്തമന്‍ പറയുന്നു.

എന്നാല്‍, കഴിഞ്ഞ 13 ന് വിതരണം ആരംഭിച്ച് എഎവൈ കാര്‍ഡുടമകളുടെ വിതരണം പൂര്‍ത്തിയാക്കി. ബിപിഎല്‍ കാര്‍ഡുടമകളുടെ വിതരണം പകുതിയിലധികം പൂര്‍ത്തിയായിരിക്കുകയാണ്. കിറ്റുകള്‍ വാങ്ങിയവര്‍ക്ക് ഇനി എങ്ങിനെ പരിഹരിക്കാനാവും. ആനുകൂല്യങ്ങളും സൗജന്യങ്ങളും നല്‍കുന്നെന്ന പേരില്‍ പൊതുജനങ്ങളെ കബളിപ്പിക്കുന്ന ഇത്തരം രീതികള്‍ ഇനിയെങ്കിലും ഭരണകൂടം അവസാനിപ്പിക്കണമെന്ന് തുളസീധരന്‍ പള്ളിക്കല്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it