Kerala

ഓണ്‍ലൈന്‍ വിദ്യാഭ്യാസം സൗജന്യമായി നല്‍കണമെന്ന്; ഹരജിയില്‍ കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളോട് വിശദീകരണം തേടി ഹൈക്കോടതി

14 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദ്ദേശം.കൊവിഡ് വ്യാപനകാലഘട്ടത്തില്‍ യോഗ്യതയും കഴിവുമുള്ള വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നതിനു സര്‍ക്കാറുകള്‍ സൗകര്യമൊരുക്കിയിട്ടില്ലെന്ന് ഹര്‍ജിയില്‍ ആരോപിച്ചു

ഓണ്‍ലൈന്‍ വിദ്യാഭ്യാസം സൗജന്യമായി നല്‍കണമെന്ന്; ഹരജിയില്‍ കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളോട് വിശദീകരണം തേടി ഹൈക്കോടതി
X

കൊച്ചി: ഓണ്‍ലൈന്‍ വിദ്യാഭ്യാസം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സൗജന്യമായി നല്‍കുന്നതിനു നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളോട് വിശദീകരണം തേടി.14 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദ്ദേശം. എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍ അഡ്വ. എം മുഹമ്മദ് ഷാഫി, ആര്‍ അനസ് മുഹമ്മദ് ഷംനാദ് എന്നിവര്‍ മുഖേന സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നടപടി.

കൊവിഡ് വ്യാപനകാലഘട്ടത്തില്‍ യോഗ്യതയും കഴിവുമുള്ള വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നതിനു സര്‍ക്കാറുകള്‍ സൗകര്യമൊരുക്കിയിട്ടില്ലെന്ന് ഹര്‍ജിയില്‍ ആരോപിച്ചു.വിദ്യാഭ്യാസ അവകാശ സംക്ഷണ നിയമപ്രകാരം വിദ്യാഭ്യാസം എന്നത് സൗജന്യമായി നല്‍കാതെ സര്‍ക്കാറുകള്‍ ഉത്തരവാദിത്വത്തില്‍ വീഴ്ച വരുത്തുകയാണെന്നും ഹരജിക്കാരന്‍ ആരോപിച്ചു.ശാസ്ത്രസാഹിത്യപരിഷത്ത് ഉള്‍പ്പെടെയുള്ള സംഘടനകള്‍ സര്‍ക്കാര്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ പ്രയാസപ്പെടുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച റിപോര്‍ട്ടുകള്‍ ലഭിച്ചിട്ടും സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്നു ഹരജി ഭാഗം കോടതിയില്‍ ബോധിപ്പിച്ചു.

ഓണ്‍ലൈന്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ ഇടപെടലുകള്‍ അപര്യാപ്തമാണെന്നും വിവിധ ഏജന്‍സികളും സന്നദ്ധസംഘടനകളും സൗകര്യങ്ങള്‍ ഒരുക്കിയിട്ടും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ രണ്ടാം വര്‍ഷത്തിലും ഏകദേശം ഏഴ് ലക്ഷത്തോളം വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് പുറത്താണ്. വിദ്യാര്‍ഥികള്‍ക്ക് മൗലിക അവകാശം നിഷേധിക്കപ്പെട്ട ഗൗരവകരമായ സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും ഹരജിയില്‍ പറയുന്നു.

വിദ്യാര്‍ഥികള്‍ക്ക് ഫ്രീ എഡ്യൂക്കേഷന്‍ സൗകര്യം ഒരുക്കുന്നതിനായി 'സ്റ്റുഡന്റ്സ് ഡാറ്റ' പാക്കേജുകള്‍ ആരംഭിക്കുക, ഓണ്‍ലൈന്‍ സൗകര്യമി ല്ലാത്തവര്‍ക്ക് സൗകര്യങ്ങള്‍ എത്തിക്കുക മൊബൈല്‍ നെറ്റ് വര്‍ക്ക് പ്രതിസന്ധി നേരിടുന്ന മേഖലകളില്‍ പ്രതിസന്ധി പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനു സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it