Kerala

ഓൺലൈൻ മദ്യവിൽപ്പന: സർക്കാർ കബളിപ്പിച്ചെന്ന് ചെന്നിത്തല; തെളിവുകൾ പുറത്തുവിട്ടു

ഫെയർകോഡ് കമ്പനിയെ ഓൺലൈൻ മദ്യവിൽപനയ്ക്ക് തിരഞ്ഞെടുത്തതിന്റെ മാനദണ്ഡങ്ങൾ സർക്കാർ പുറത്തുവിടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ഓൺലൈൻ മദ്യവിൽപ്പന: സർക്കാർ കബളിപ്പിച്ചെന്ന് ചെന്നിത്തല; തെളിവുകൾ പുറത്തുവിട്ടു
X

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ മദ്യവില്‍പ്പനയ്ക്കായി തിരഞ്ഞെടുത്ത ഫെയര്‍കോഡ് കമ്പനിക്ക് ടോക്കണ്‍ ചാര്‍ജില്‍ നിന്നും അധിക വരുമാനം ലഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സൗകര്യം ചെയ്തുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓൺലൈൻ മദ്യവിൽപനയിൽ ഓരോ ടോക്കണും 50 പൈസ ബെവ്കോയ്ക്ക് ആണെന്ന് പറയുന്ന സർക്കാർ വാദം കളവാണെന്നും തെളിവുകള്‍ ഉള്‍പ്പടെ പുറത്തുവിട്ട് ചെന്നിത്തലയുടെ ആരോപിച്ചു.


ഓണ്‍ലൈന്‍ മദ്യവില്‍പ്പനയില്‍ ടോക്കണ്‍ ചാര്‍ജ് ആപ്പ് നിര്‍മ്മാതാക്കള്‍ക്കാണ് ലഭിക്കുക. ടോക്കണ്‍ നിരക്ക് ബെവ്‌കോയ്ക്ക് എന്ന് സര്‍ക്കാര്‍ പറഞ്ഞത് കളവാണ്. ബാറുകളില്‍ വില്‍ക്കുന്ന ഓരോ ടോക്കണില്‍ നിന്നും 50 പൈസ വീതം ബാറുടമകള്‍ ഫെയര്‍ കോഡിന് നല്‍കണം. ഈ ഘട്ടത്തിൽ ഫെയർകോഡ് കമ്പനിയെ ഓൺലൈൻ മദ്യവിൽപനയ്ക്ക് തിരഞ്ഞെടുത്തതിന്റെ മാനദണ്ഡങ്ങൾ സർക്കാർ പുറത്തുവിടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.


ബാറുടമകൾ നൽകുന്ന അണ്ടർടേക്കിങിൽ ബാറുകാരിൽനിന്ന് ഓരോ ടോക്കണും വാങ്ങുന്ന 50 പൈസ ആദ്യം തന്നെ ആപ്ലിക്കേഷൻ തയ്യാറാക്കിയ ഫെയർ കോഡ് എന്ന സ്റ്റാർട്ട് അപ്പ് കമ്പനിക്ക് ബെവ്കോ നൽകും. ഈഅമ്പത് പൈസയാണ് പിന്നീട് ബാറുകാരിൽ നിന്ന് ഈടാക്കുന്നത്. ഇത് മറച്ചുവച്ചാണ് ബെവ്കോയ്ക്കാണ് അമ്പത് പൈസ ലഭിക്കുന്നതെന്ന അടിസ്ഥാനരഹിതമായ അവകാശവാദം ബെവ്കോ ഉയർത്തുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ബെവ്കോ ആപ്പുമായി ബന്ധപ്പെട്ട് സർക്കാരിന്റെ കള്ളക്കളി ഇതോടെ വ്യക്തമാവുകയാണ്. ടെക്നിക്കൽ ബിഡിന് ശേഷം നടന്ന പരിശോധനയിലൂടെ ഫെയർകോഡ് എന്ന കമ്പനിക്ക് ടെൻഡർ ലഭിച്ചതിൽ ദുരൂഹതയേറുകയാണെന്നും ചെന്നിത്തല പറഞ്ഞു.

ടോക്കണ്‍ ചാര്‍ജ് ബെവ്‌കോയ്ക്ക് ആണ് ലഭിക്കുകയെന്ന് നേരത്തെ എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞിരുന്നു. ഫെയര്‍കോഡ് കമ്പനിക്ക് സിപിഎം ബന്ധമുണ്ടെന്ന് നേരത്തെ തന്നെ പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. ബെവ് ക്യൂ ആപ്പിന് ഗൂഗിൾ അനുമതി നൽകിയതോടെ നാളെ മുതൽ സംസ്ഥാനത്ത് ഓൺലൈനിലൂടെ മദ്യവിൽപ്പന ആരംഭിക്കും.

Next Story

RELATED STORIES

Share it