Kerala

വടകര: സതീദേവിയുടെ ബൂത്തിലും ജയരാജന്‍ പിന്നില്‍; എല്‍ജെഡി വോട്ടും ലഭിച്ചില്ല

വടകര: സതീദേവിയുടെ ബൂത്തിലും ജയരാജന്‍ പിന്നില്‍; എല്‍ജെഡി വോട്ടും ലഭിച്ചില്ല
X

വടകര: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വടകര നിയമസഭാമണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി ജയരാജന് ലീഡ് ലഭിച്ചത് 14 ബൂത്തുകളില്‍ മാത്രം. സഹോദരിയും മുന്‍ എംപിയുമായ പി സതീ ദേവിയുടെ ബൂത്തിലടക്കം ജയരാജന്‍ ഏറെ പിന്തള്ളപ്പെട്ടു.

ആകെയുള്ള 110 ബൂത്തുകളില്‍ 96 ബൂത്തുകളിലും കെ മുരളീധരന്‍ ഭൂരിപക്ഷം നേടി. അടുത്തിടെ ഇടതു മുന്നണിയില്‍ തിരിച്ചെത്തിയ വീരേന്ദ്ര കുമാറിന്റെ എല്‍ജെഡിക്ക് സ്വാധീനമുണ്ടെന്ന് കരുതപ്പെടുന്ന പ്രദേശങ്ങളിലും ജയരാജന്‍ പിന്നാക്കം പോയി.

സതീദേവിയുടെ വീട് സ്ഥിതി ചെയ്യുന്ന ചോറോട് പഞ്ചായത്തിലെ ബൂത്തില്‍ കെ മുരളീധരന്‍ 184 വോട്ടിന്റെ ലീഡ് നേടി. സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ ജയരാജന്‍ ഇവിടെയായിരുന്നു താമസിച്ചത്.

ജയരാജനും സഹോദരിയും ഈ ബൂത്തിലെ മുഴുവന്‍ വീടികളിലും സന്ദര്‍ശനം നടത്തി നേരിട്ട് വോട്ടഭ്യര്‍ഥിച്ചിരുന്നു. സിപിഎം തട്ടകമായ ചോറോട് പഞ്ചായത്തില്‍ 23ല്‍ മൂന്നു ബൂത്തുകളില്‍ മാത്രമാണ് ജയരാജന് ലീഡുള്ളത്. അതും 141 വോട്ടുകള്‍ മാത്രം. മണ്ഡലത്തിലെ നാല് ബൂത്തുകളില്‍ മാത്രമാണ് പി ജയരാജനു നൂറിന് മുകളില്‍ വോട്ട് ലഭിച്ചത്. അതില്‍ രണ്ടെണ്ണം വടകര മുന്‍സിപ്പാലിറ്റിയിലും ഒന്ന് അഴിയൂരും മറ്റൊന്ന് ഒഞ്ചിയത്തുമാണ്.

വടകരയില്‍ വീരേന്ദ്ര കുമാറിന്റെ എല്‍ജെഡി നിര്‍ണായക ശക്തിയാണെന്ന് കരുതുന്ന ഏറാമല പഞ്ചായത്തില്‍ ഒരു ബൂത്തില്‍ മാത്രമാണ് ജയരാജന്‍ ലീഡ് നേടിയത്. അതും 34 വോട്ടു മാത്രം.

സിപിഎം ഭരിക്കുന്ന വടകര നഗരസഭയിലെ 23ല്‍ ആറ് ബൂത്തുകളില്‍ മാത്രമാണ് ഇടതു സ്ഥാനാര്‍ഥിക്ക് ഭൂരിപക്ഷം ലഭിച്ചത്. പരമ്പരാഗത സിപിഎം വോട്ടുകള്‍ ഇത്തവണ പാര്‍ട്ടിയുടെ കരുത്തനായ സ്ഥാനാര്‍ഥിക്ക് ലഭിച്ചില്ലെന്നത് വരും ദിവസങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കും. എല്‍ജെഡി വോട്ടുകള്‍ പൂര്‍ണമായി സിപിഎമ്മിന് ലഭിക്കില്ലെന്ന് തെരഞ്ഞെടുപ്പിന് മുന്‍പുതന്നെ സൂചനയുണ്ടായിരുന്നു.

Next Story

RELATED STORIES

Share it