Kerala

അതിഥി തൊഴിലാളികളെ ഇളക്കിവിടാന്‍ ഗൂഢാലോചന നടത്തിയവരെ പുറത്തുകൊണ്ടുവരും: മുഖ്യമന്ത്രി

5000ഓളം ക്യാംപുകളിലായി 1.70 ലക്ഷത്തിലേറെ അതിഥി തൊഴിലാളികളെ ഇപ്പോള്‍ സംസ്ഥാനത്ത് പാര്‍പ്പിച്ചിട്ടുണ്ട്. എവിടെയെങ്കിലും അപാകം കണ്ടെത്തിയാല്‍ ഇടപെട്ട് പരിഹരിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. അതിഥി തൊഴിലാളികള്‍ എന്ന സംബോധന തന്നെ ഈ നാടിന്റെ കരുതലിന്റെ സൂചനയാണ്.

അതിഥി തൊഴിലാളികളെ ഇളക്കിവിടാന്‍ ഗൂഢാലോചന നടത്തിയവരെ പുറത്തുകൊണ്ടുവരും: മുഖ്യമന്ത്രി
X

കോട്ടയം: ജില്ലയിലെ പായിപ്പാട്ട് അതിഥി തൊഴിലാളികള്‍ ലോക്ക് ഡൗണ്‍ നിബന്ധനകള്‍ ലംഘിച്ച് തെരുവിലിറങ്ങിയ സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടാകെ കൊവിഡ്- 19നെ ചെറുക്കാന്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയ ഘട്ടത്തില്‍ ഒരുകാരണവശാലും നടക്കാന്‍ പാടില്ലാത്ത ഒന്നാണിത്. അതിഥി തൊഴിലാളികളോട് എല്ലാ ഘട്ടത്തിലും ഏറ്റവും കരുതലോടെയുള്ള നിലപാട് സ്വീകരിച്ച സംസ്ഥാനമാണ് കേരളം. എന്നിട്ടും പായിപ്പാട്ട് കൂട്ടത്തോടെ അവര്‍ തെരുവിലിറങ്ങിയതിന്റെ പിന്നില്‍ സമൂഹത്തില്‍ അസ്വസ്ഥത സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ചില ശക്തികളുണ്ടെന്ന സൂചനയുണ്ട്. അത്തരം ഗൂഢാലോചന നടത്തിയവരെ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

തൊഴിലെടുത്ത് ജീവിക്കുന്നവരെ തെറ്റിദ്ധരിപ്പിച്ച് പ്രകോപനത്തിന്റെ വഴിയിലേക്ക് നയിച്ച ശക്തികളെക്കുറിച്ചും പായിപ്പാട് സംഭവം കേരളത്തിനെതിരായ അപവാദപ്രചാരണത്തിന് ഉപയോഗിച്ചവരെക്കുറിച്ചും കൃത്യമായ സൂചനകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. അത്തരക്കാര്‍ ഇതുപോലുള്ള പ്രതിസന്ധി ഘട്ടത്തില്‍ ജനങ്ങളെയാകെ വെല്ലുവിളിക്കുന്ന ഹീനകൃത്യത്തില്‍നിന്ന് പിന്‍മാറണമെന്നാണ് അഭ്യര്‍ഥിക്കാനുള്ളത്. ചില്ലറ ലാഭത്തിനുവേണ്ടി നാടിനെത്തന്നെ ആക്രമിക്കാന്‍ നില്‍ക്കരുത്. കുറ്റം ചെയ്തവരെ കണ്ടെത്താനും അവരെ നിയമത്തിനു മുന്നിലെത്തിക്കാനും വിട്ടുവീഴ്ചയില്ലാതെ സര്‍ക്കാര്‍ ഇടപെടും. കൊറോണ വ്യാപനം തൊഴില്‍ നഷ്ടപ്പെടുത്തുന്ന ഘട്ടത്തില്‍ അവരെ താമസിപ്പിക്കാനും അവര്‍ക്ക് ഭക്ഷണവും വൈദ്യസഹായവുമെത്തിക്കാനും ഇവിടെ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി.

5000ഓളം ക്യാംപുകളിലായി 1.70 ലക്ഷത്തിലേറെ അതിഥി തൊഴിലാളികളെ ഇപ്പോള്‍ സംസ്ഥാനത്ത് പാര്‍പ്പിച്ചിട്ടുണ്ട്. എവിടെയെങ്കിലും അപാകം കണ്ടെത്തിയാല്‍ ഇടപെട്ട് പരിഹരിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. അതിഥി തൊഴിലാളികള്‍ എന്ന സംബോധന തന്നെ ഈ നാടിന്റെ കരുതലിന്റെ സൂചനയാണ്. ഇവിടെ അവര്‍ക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോവാന്‍ പറ്റാത്ത ഒരു സാഹചര്യവും നിലവിലില്ല. തൊഴിലാളികള്‍ക്കെന്നല്ല ആര്‍ക്കും സഞ്ചരിക്കാന്‍ ഇപ്പോള്‍ അനുവാദമില്ല. നിന്നിടത്തുതന്നെ നില്‍ക്കുക എന്നതാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ച നിലപാട്. അതുകൊണ്ട് സ്വന്തം നാടുകളിലേക്ക് തിരിച്ചുപോവുക എന്ന അവരുടെ ആവശ്യം അംഗീകരിക്കാന്‍ നിര്‍വാഹമില്ല. അതെല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നിട്ടും അവര്‍ക്കിടയില്‍ നാട്ടിലേക്ക് പോവാമെന്ന വ്യാമോഹം ഉണര്‍ത്തിയവരെയും അതിനുതകുന്ന സന്ദേശങ്ങള്‍ അയച്ചവരെയും പ്രചാരണം നടത്തിയവരെയും തിരിച്ചറിയേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

അതിഥി തൊഴിലാളികള്‍ക്ക് താമസവും ഭക്ഷണവും ഒരുക്കേണ്ട ചുമതല കരാറുകാര്‍ക്കാണ്. എന്നാല്‍, അവര്‍ നല്‍കുന്ന താമസം തൊഴില്‍ കഴിഞ്ഞുള്ള സമയത്തേക്ക് മാത്രമാണെന്ന് മനസ്സിലാക്കി അതിഥി തൊഴിലാളികളെ കൂടുതല്‍ സൗകര്യപ്രദമായ ക്യാംപുകളിലേക്ക് മാറ്റാനാണ് ഈ പ്രത്യേകഘട്ടത്തില്‍ സര്‍ക്കാര്‍ തയ്യാറായത്. ഭക്ഷണത്തിന്റെ കാര്യത്തിലും ഇടപെടലുണ്ടായി. അവര്‍ക്ക് കേരളീയ ഭക്ഷണമല്ല, അവരുടേതായ പ്രത്യേക ഭക്ഷണമാണ് ആവശ്യമെന്നു വന്നപ്പോള്‍ അത് ലഭ്യമാക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ മുഖേന നടപടി സ്വീകരിച്ചു. ഭക്ഷണമല്ല, ഭക്ഷ്യവസ്തുക്കള്‍ മതി, തങ്ങള്‍ പാകം ചെയ്യാമെന്നു പറഞ്ഞവര്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ നല്‍കി. വൈദ്യസഹായത്തിന് എല്ലാവിധ സംവിധാനവുമുണ്ടാക്കി.

ഒരു ബുദ്ധിമുട്ടും വരാതിരിക്കാന്‍ സര്‍ക്കാര്‍ നിരന്തരം ശ്രദ്ധിക്കുകയും ഇടപെടുകയും ചെയ്യുകയാണ്. എന്നിട്ടും അവര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തി ഇളക്കിവിടാന്‍ നടന്ന ശ്രമം ഈ നാടിനെതിരായ നീക്കമാണ്. ഇന്നത്തെ പായിപ്പാട് സംഭവം സമൂഹത്തില്‍ രൂക്ഷമായ പ്രതികരണം സൃഷ്ടിച്ചിട്ടുണ്ട്. ശാരീരിക അകലം പാലിക്കാതെ കൂട്ടത്തോടെ തെരുവിലിറങ്ങിയത് കൊറോണ പ്രതിരോധത്തിന്റെ അടിസ്ഥാനസ്വഭാവത്തിനുതന്നെ വിരുദ്ധമാണെന്ന് ജനങ്ങളാകെ കരുതുകയാണ്. മികച്ച രോഗപ്രതിരോധപ്രവര്‍ത്തനം നടത്തുന്ന നാടിന് ഇത് അംഗീകരിക്കാനാവില്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നിലപാടെടുക്കും. അതിഥി തൊഴിലാളികള്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങളില്‍ എന്തെങ്കിലും കുറവുണ്ടെങ്കില്‍ നികത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it