- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സർക്കാരിന് ജനങ്ങള്‍ നല്കിയ ജനകീയ മാന്‍ഡേറ്റാണ് പാലായിലെ ജനവിധി: മുഖ്യമന്ത്രി
സഹതാപത്തിനുപോലും ഇടമില്ലാത്ത തരത്തില്‍ വെറുക്കപ്പെട്ട നിലയിലേക്ക് യുഡിഎഫും പ്രതിപക്ഷവും സ്വന്തം ദുഷ്ചെയ്തികളാല്‍ വീണുപോവുന്ന അവസ്ഥയാണുണ്ടായത്. അധികാരത്തിന്റെ അപ്പത്തിനായി കടിപിടി കൂടലല്ലാതെ മറ്റൊന്നുമല്ല യുഡിഎഫ് രാഷ്ട്രീയം എന്ന് തിരിച്ചറിയുകയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ജനങ്ങള്‍.
തിരുവനന്തപുരം: ജനക്ഷേമ-വികസന കര്‍മ്മപരിപാടികളുമായി മുമ്പോട്ടുപോകാന്‍ എല്‍ഡിഎഫ് സർക്കാരിന് ജനങ്ങള്‍ നല്കിയ ജനകീയ മാന്‍ഡേറ്റാണ് പാലായിലെ ജനവിധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ജനവിധിയെ വിനയത്തോടെ സ്വീകരിക്കുന്നു. ജനങ്ങള്‍ അര്‍പ്പിച്ച വര്‍ധിച്ച വിശ്വാസവുമായി കൂടുതല്‍ ഊര്‍ജസ്വലമായി മുമ്പോട്ടുപോവുകതന്നെ ചെയ്യുമെന്ന് ഉറപ്പുനല്‍കുകയും ചെയ്യുന്നു.
പല വിധത്തില്‍ പ്രധാനമാണ് പാലായിലെ ജനവിധി. അരനൂറ്റാണ്ടിലേറെക്കാലം ഒരു പ്രത്യേക രീതിയില്‍ ചിന്തിക്കുകയും ആ ചിന്തയുടെ അടിസ്ഥാനത്തില്‍ വോട്ടുചെയ്യുകയും ചെയ്തിരുന്ന ആ മണ്ഡലത്തിലെ മഹാഭൂരിപക്ഷം വരുന്ന ജനങ്ങള്‍ ഇതാദ്യമായി മാറി ചിന്തിച്ചിരിക്കുകയാണ്. ആ ചിന്ത വോട്ടിലൂടെ പ്രകടിപ്പിച്ചിരിക്കുകയാണ്. വളരെ പ്രാധാന്യമുള്ള ഈ ചിന്താമാറ്റം, കേരളത്തില്‍ പരക്കെ ഉണ്ടാവുന്ന ഒരു പുതിയ പ്രവണതയുടെ പ്രതീകമാണ് എന്നുവേണം കരുതാന്‍. അത് കേരളത്തിലെ ക്ഷേമ-വികസന കര്‍മ്മപദ്ധതികള്‍ ഇതേപോലെ തുടരണമെന്നും ഇതു തുടരണമെങ്കില്‍ എല്‍ഡിഎഫ് തന്നെ വേണമെന്നുമുള്ള ഉറച്ച വിശ്വാസത്തിന്റെ പ്രഖ്യാപനമാണ്. വരാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പുകളിലും ഒന്നരവര്‍ഷം കഴിഞ്ഞു വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഇതാവും പ്രതിഫലിക്കുക.
യുഡിഎഫിന്റെ എക്കാലത്തെയും വലിയ കോട്ടയായി കരുതപ്പെട്ട പാലാ മണ്ഡലമാണ് ഇങ്ങനെ വിധിയെഴുതിയത് എന്നതോര്‍ക്കണം. യുഡിഎഫിന്റെ കാല്ക്കീഴില്നിന്ന് വന്‍തോതില്‍ മണ്ണിടിച്ചില്‍ ഉണ്ടാവുന്നു എന്നാണിതില്നിന്നു മനസ്സിലാക്കേണ്ടത്. ഒപ്പം, എല്‍ഡിഎഫിന്റെ അടിത്തറ കൂടുതല്‍ ബലപ്പെടുന്നതായും മനസ്സിലാക്കണം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുവേളയില്‍ വരെ ഇടതുപക്ഷ ജനാധിപത്യമുന്നണിക്കൊപ്പം ഇല്ലാതിരുന്ന ജനവിഭാഗം കൂടിയതോതില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്കൊപ്പം അണിനിരക്കുന്നു. എല്‍ഡിഎഫിന്റെ വിശ്വാസ്യതയും സ്വീകാര്യതയും വലിയതോതില്‍ വര്‍ധിക്കുന്നതായാണ് ഇതു കാണിക്കുന്നത്. ഒപ്പം, എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണത്തിനുള്ള വിപുലമായ ജനകീയ അംഗീകാരം കൂടിയാണിത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ 33,472 വോട്ട് യുഡിഎഫ് അധികം നേടിയ മണ്ഡലത്തിലാണ് എല്‍ഡിഎഫ് ഇപ്പോള്‍ ഇത്രയധികം വോട്ട് അധികമായി നേടിയിട്ടുള്ളത്. ഇത് എങ്ങനെ സംഭവിച്ചു എന്ന് യുഡിഎഫ് ആലോചിക്കണം. എങ്ങനെ തങ്ങള്‍ കൂടുതല്‍ ജനവിഭാഗങ്ങളാല്‍ തിരസ്കരിക്കപ്പെടുന്നു എന്നത് ആലോചിക്കണം. പ്രതിപക്ഷത്തിന്റെ വാക്കുകള്‍ ജനങ്ങള്‍ ഒട്ടും വിശ്വാസത്തിലെടുക്കാത്ത നിലയായി എന്നു കൂടിയാണ് ഇതില്‍നിന്നു തെളിയുന്നത്.
പാലാരിവട്ടം പാലം പോലുള്ള മൂര്‍ത്തമായ അഴിമതികളെക്കുറിച്ച് തെളിവുവെച്ച് ഞങ്ങള്‍ ജനങ്ങളോടു പറഞ്ഞു. അപ്പോള്‍ അടിസ്ഥാനരഹിതമെന്നു ജനങ്ങള്‍ക്കാകെ ഉറപ്പുള്ള കിഫ്ബി-ട്രാന്‍സ്ഗ്രിഡ് ആരോപണങ്ങളുമായി പുകമറ ഉയര്‍ത്തി പ്രതിരോധിക്കാനാണു പ്രതിപക്ഷം ശ്രമിച്ചത്. ആ ആരോപണങ്ങള്‍ തങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ മാത്രമായി കെട്ടിച്ചമച്ചവയാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു. പ്രതിപക്ഷ നേതാവിന്റെ വാക്കുകള്‍ക്ക് ഇത്രമേല്‍ വിലയില്ലാതായ കാലം വേറെയില്ല.
കെ.എം. മാണിയെപ്പോലെ സമുന്നതനായ ഒരു നേതാവ് മരിച്ച് മാസങ്ങള്‍ക്കുള്ളില്‍ അദ്ദേഹത്തിന്റെ മണ്ഡലത്തില്‍, അതും എക്കാലത്തെയും യുഡിഎഫ്-കേരള കോണ്‍ഗ്രസ് എം കോട്ടയായ മണ്ഡലത്തില്‍ നടന്ന തെരഞ്ഞെടുപ്പാണിത്. സ്വാഭാവികമായും മരണത്തിലുള്ള സഹതാപം കൊണ്ട് വോട്ട് കൂടുകയേ ഉള്ളു എന്ന് യുഡിഎഫ് കരുതി. എന്നാല്‍, സഹതാപത്തിനുപോലും ഇടമില്ലാത്ത തരത്തില്‍ വെറുക്കപ്പെട്ട നിലയിലേക്ക് യുഡിഎഫും പ്രതിപക്ഷവും സ്വന്തം ദുഷ്ചെയ്തികളാല്‍ വീണുപോവുന്ന അവസ്ഥയാണുണ്ടായത്. അധികാരത്തിന്റെ അപ്പത്തിനായി കടിപിടി കൂടലല്ലാതെ മറ്റൊന്നുമല്ല യുഡിഎഫ് രാഷ്ട്രീയം എന്ന് തിരിച്ചറിയുകയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ജനങ്ങള്‍. ഇനിയുള്ള ഘട്ടത്തില്‍ ഈ കടിപിടി വര്‍ധിക്കുകയും ആ പ്രക്രിയ യുഡിഎഫിന്റെ അന്തഃഛിദ്രത്തിലേക്കുള്ള വാതില്‍ തുറക്കുകയുമാവുമുണ്ടാവുക.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ദേശീയ പ്രശ്നങ്ങളായിരുന്നു ചര്‍ച്ചയ്ക്കു വന്നത്. കോണ്‍ഗ്രസാണ് ബദല്‍ എന്നും രാഹുല്‍ഗാന്ധിയാണു പ്രധാനമന്ത്രിയാവുക എന്നും ഇവര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. തെറ്റിദ്ധാരണ പരത്തലാണിത് എന്നു ഞങ്ങള്‍ അന്നേ പറഞ്ഞു. ഞങ്ങള്‍ പറഞ്ഞതായിരുന്നു ശരി എന്നു വന്നു. തെറ്റിദ്ധാരണ, കിട്ടിയ ആദ്യ അവസരത്തിലിതാ ജനങ്ങള്‍ തിരുത്തിയിരിക്കുന്നു.
പാലാ ഉപതെരഞ്ഞെടുപ്പില്‍ സംസ്ഥാന കാര്യങ്ങളാണു വിഷയമാവുക എന്നു ഞങ്ങള്‍ പറഞ്ഞു. സംസ്ഥാന കാര്യങ്ങള്‍ വിഷയമായപ്പോള്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കുകയാണു വേണ്ടത് എന്ന് ജനം തിരിച്ചറിഞ്ഞു. നവകേരളമടക്കമുള്ള കര്‍മ്മപദ്ധതികളുമായി മുമ്പോട്ടുപോവുന്ന, രണ്ടു പ്രളയങ്ങളെ പ്രതിബന്ധതയോടെ അതിജീവിക്കാന്‍ മുന്നിന്നു പ്രവര്‍ത്തിച്ച എല്‍ഡിഎഫ് സര്‍ക്കാരിനൊപ്പം നില്ക്കുകയാണു വേണ്ടത് എന്ന് ജനങ്ങള്‍ വിശ്വസിച്ചു. ആ വിശ്വാസമാണു വോട്ടിങ്ങില്‍ പ്രതിഫലിച്ചത്.
വര്‍ഗീയപ്രശ്നങ്ങള്‍ കുത്തിപ്പൊക്കി സമുദായത്തില്‍ ധ്രുവീകരണമുണ്ടാക്കാനും ധ്രുവീകരണത്തെ ശാശ്വതീകരിക്കാനും അങ്ങനെ വോട്ടുതട്ടി ജയിക്കാനും ബിജെപി ശ്രമിച്ചു. പലപ്പോഴും അതേ തന്ത്രം തന്നെ പാലായില്‍ യുഡിഎഫും പയറ്റി. ഈ കുത്സിത നീക്കങ്ങളെ കേരളത്തിന്റെ മണ്ണില്‍ അനുവദിക്കില്ല എന്ന ജനങ്ങളുടെ നിശ്ചയദാര്‍ഢ്യം കൂടി പ്രതിഫലിച്ചുനില്‍ക്കുന്നുണ്ട് ഈ ജനവിധിയില്‍. ജാതിജീര്‍ണതകള്‍ തിരിച്ചുകൊണ്ടുവരാനും നവോത്ഥാന മുന്നേറ്റശ്രമങ്ങളെ കൈയൊഴിയിക്കാനും ശ്രമിച്ചവര്‍ക്കുള്ള മറുപടിയുമുണ്ട് ഈ ജനവിധിയില്‍.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം വന്ന ഘട്ടത്തില്‍ത്തന്നെ ഞങ്ങള്‍ പറഞ്ഞിരുന്നു, ഞങ്ങള്‍ തിരിച്ചുവരുമെന്ന്. യുഡിഎഫിന്റെ ഏറ്റവും കരുത്തുറ്റ കോട്ട പിടിച്ചെടുത്തു തന്നെ തിരിച്ചുവരുന്നതില്‍ ഇരട്ടിമധുരത്തിന്റെ സന്തോഷമുണ്ട്. നിയമസഭാ ഉപതെരഞ്ഞെടുപ്പു ഘട്ടത്തിന്റെ തുടക്കത്തില്‍ തന്നെ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞത്, പാലായിലെ ജനങ്ങള്‍ സംസ്ഥാന ഭരണത്തെ വിലയിരുത്തിത്തന്നെ പ്രതികരിക്കുമെന്നാണ്. അവര്‍ അതിഗംഭീരമായി ഭരണത്തെ പിന്തുണക്കുന്ന വിധത്തില്‍ പ്രതികരിച്ചു. പ്രതിപക്ഷത്തെയും അവരുടെ അവസരവാദ രാഷ്ട്രീയത്തെയും അടിസ്ഥാനരഹിതമായ ആരോപണങ്ങളെയും അപ്പാടെ തള്ളിക്കളഞ്ഞിരിക്കുന്നു. അവരോടു നന്ദി പറയുന്നു.
എല്‍ഡിഎഫ് ഭരണഘട്ടത്തില്‍ നിയമസഭയിലേക്കു നടന്ന എല്ലാ ഉപതെരഞ്ഞെടുപ്പുകളിലും എല്‍ഡിഎഫിനു വോട്ടു വര്‍ധിപ്പിക്കാന്‍ സാധിച്ചു. ചെങ്ങന്നൂരിലും പാലായിലും ഒക്കെ അതാണു കണ്ടത്. വര്‍ഗീയ ധ്രുവീകരണത്തിനുവേണ്ടി നിലകൊണ്ട ബിജെപിക്ക് പോയ ഘട്ടത്തിലേതിനെ അപേക്ഷിച്ച് കാര്യമായി കുറഞ്ഞ നിലയിലുള്ള വോട്ടാണു കിട്ടിയത്. വര്‍ഗീയരാഷ്ട്രീയത്തോട് സന്ധിയില്ല എന്നും മതനിരപേക്ഷതയോടൊപ്പം ഉറച്ചുനില്‍ക്കുന്നു എന്നുമുള്ള ജനങ്ങളുടെ നിലപാടിന്റെ സ്ഥിരീകരണമാണിത്.
യുഡിഎഫിന്റെ സമ്പൂര്‍ണ തകര്‍ച്ചയുടെ തുടക്കമാണിത്. പരസ്പര അവിശ്വാസത്തിന്റെയും കാലുവാരലിന്റെയും കുതികാല്‍വെട്ടിന്റെയും വഴിയിലൂടെ സമ്പൂര്‍ണ നാശത്തിലേക്കെത്തുക എന്നതല്ലാതെ അവര്‍ക്കിനി ഒന്നും ചെയ്യാനില്ല. ബിജെപിയുമായി സന്ധിചെയ്തു നീങ്ങുന്ന യുഡിഎഫിനെ ന്യൂനപക്ഷങ്ങളടക്കം മതനിരപേക്ഷ ജനവിഭാഗങ്ങളാകെ വര്‍ധിച്ചതോതില്‍ കൈയൊഴിയുകയാണ്. ഈ പ്രക്രിയ കൂടുതല്‍ ശക്തിയോടെ തുടരുകയേ ഉള്ളു.
മാധ്യമ മുതലാളിമാരുടെ താല്പര്യങ്ങള്ക്കും അവരുടെ രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കുമപ്പുറം വസ്തുതകള്‍ മനസ്സിലാക്കാനും സാഹചര്യങ്ങള്‍ വിലയിരുത്താനും കേരളത്തിലെ ജനങ്ങള്‍ക്കുള്ള കഴിവിനെ വ്യക്തമാക്കുന്നതാണ് ഈ ഉപതെരഞ്ഞെടുപ്പു ഫലം. അത്തരത്തില്‍ സുസ്ഥിര വികസനത്തിന്റെയും ജനക്ഷേമ നടപടികളുടെയും സാമൂഹ്യപുരോഗതിയുടെയും മതനിരപേക്ഷതയുടെയും ഒപ്പം നിന്ന പാലായിലെ ജനങ്ങളെയാകെ അഭിവാദ്യം ചെയ്യുന്നു.
RELATED STORIES
സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
22 Nov 2024 5:35 PM GMTഐലീഗില്‍ ജയത്തോടെ തുടങ്ങി ഗോകുലം കേരള; ശ്രീനിധിയെ തകര്‍ത്തു
22 Nov 2024 3:45 PM GMTമദ്യലഹരിയില്‍ കാറിടിച്ച് തെറിപ്പിച്ചു; പാലക്കാട് രണ്ടുപേര്‍ക്ക്...
22 Nov 2024 3:10 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTസന്തോഷ് ട്രോഫി; ലക്ഷദ്വീപിനെ 10 ഗോളിന് തകര്‍ത്ത് കേരളം
22 Nov 2024 1:32 PM GMT