Kerala

പാലാ സീറ്റ്: നിലപാടിലുറച്ച് ശശീന്ദ്രനും കാപ്പനും; മുഖ്യമന്ത്രി നടത്തിയ ചര്‍ച്ച അലസിപ്പിരിഞ്ഞു

പാലാ സീറ്റ്: നിലപാടിലുറച്ച് ശശീന്ദ്രനും കാപ്പനും; മുഖ്യമന്ത്രി നടത്തിയ ചര്‍ച്ച അലസിപ്പിരിഞ്ഞു
X

തിരുവനന്തപുരം: പാലാ സീറ്റിനെച്ചൊല്ലി എന്‍സിപിയില്‍ തര്‍ക്കം രൂക്ഷമായിരിക്കെ പ്രശ്‌നപരിഹാരത്തിനായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയും പരാജയം. മന്ത്രി എ കെ ശശീന്ദ്രന്‍, പാലാ എംഎല്‍എ മാണി സി. കാപ്പന്‍ എന്നിവരുമായാണു മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്. ഇരുവരെയും വെവ്വേറെയാണു മുഖ്യമന്ത്രി കണ്ടത്. പാലാ സീറ്റുമായി ബന്ധപ്പെട്ടുയര്‍ന്ന തര്‍ക്കം മുന്നണി മാറ്റത്തിലേക്ക് ഉള്‍പ്പെടെ എത്തിനില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച. പാലായില്‍ വീട്ട് വീഴ്ചയില്ലെന്ന നിലപാടില്‍ മാണി സി കാപ്പനും ഒരു സീറ്റിന് വേണ്ടി കടുംപിടിത്തം വേണ്ടെന്ന് എ കെ ശശീന്ദ്രനും നിലപാടെടുത്തതോടെയാണ് സീറ്റ് സംബന്ധിച്ചുള്ള ചര്‍ച്ച അലസിപ്പിരിഞ്ഞത്.

40 വര്‍ഷത്തോളം പോരാടി നേടിയ സീറ്റാണ് പാലയെന്നും അത് വിട്ടുകൊടുത്തുള്ള ഒരു ഒത്തുതീര്‍പ്പിനും എന്‍സിപി ഇല്ലെന്നുമായിരുന്നു മാണി സി കാപ്പന്റെ നിലപാട്. വഴിയെ പോന്നവര്‍ക്ക് നല്‍കാനുള്ളതല്ല പാലാ സീറ്റെന്നും മാണി സി കാപ്പന്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, പാലാ സീറ്റിന്റെ പേരില്‍ ഇടത് മുന്നണി വിടാനില്ലെന്ന് ശശീന്ദ്രനും നിലപാടെടുത്തു. ഇതോടെ പാലാ സീറ്റിനെ ചൊല്ലി എന്‍സിപിയില്‍ പിളര്‍പ്പുണ്ടായേക്കുമെന്ന കാര്യം ഉറപ്പായിരിക്കുകയാണ്. പാലാ സീറ്റ് വിട്ടുനല്‍കുകയാണെങ്കില്‍ ഇടതുമുന്നണിയില്‍ തുടരേണ്ടെന്ന ഒരു പൊതുധാരണ പാര്‍ട്ടിക്കുള്ളിലുണ്ട്. സംസ്ഥാന അധ്യക്ഷന്‍ ടി പി പിതാംബരന്‍ അടക്കം ഇത്തരത്തിലുള്ള സൂചന നേരത്തെ നല്‍കിയിട്ടുണ്ട്.

കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം ഇടതുമുന്നണിയിലേക്ക് വന്നപ്പോള്‍ പാലാ സീറ്റ് ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍, അത് സിപിഎം നിഷേധിക്കാതിരുന്നത് ജോസിന് പാല വിട്ടുകൊടുക്കാമെന്ന് കരുതിയാണ്. ഇത് തങ്ങളോട് കാട്ടിയ നീതിനിഷേധത്തിന്റെ ഭാഗമാണെന്നും ടി പി പീതാംബരന്‍ അടക്കമുള്ളവര്‍ വിശ്വസിക്കുന്നുണ്ട്. പാല സീറ്റില്‍ പ്രശ്‌നപരിഹാരമില്ലാതെ വരികയാണെങ്കില്‍ മുന്നണി മാറ്റമെന്ന കടുത്ത നിലപാടിലേക്കും വരുംദിവസങ്ങളില്‍ എന്‍സിപിയിലെ ഒരുവിഭാഗം പോവാന്‍ സാധ്യതയുണ്ട്. വിഷയത്തില്‍ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറും ഇടപെടുന്നുണ്ട്. തുടര്‍ന്ന് സ്വീകരിക്കുന്ന നിലപാട് എ കെ ശശീന്ദ്രന്‍ അടക്കമുള്ളവര്‍ അംഗീകരിക്കേണ്ടിവരുമെന്ന് സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

മാത്രമല്ല, കേരളത്തില്‍ മാത്രമാണ് കോണ്‍ഗ്രസിനോട് സിപിഎമ്മിന് വിരോധമുള്ളൂവെന്നും ടി പി പീതാംബരന്‍ ചൂണ്ടിക്കാട്ടിയിരുന്നു. പിളര്‍പ്പ് ഒഴിവാക്കി എന്‍സിപിയെ ഇടതുമുന്നണിയുടെ ഭാഗമാക്കി നിര്‍ത്താനുള്ള ശ്രമമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത്. ജോസ് കെ മാണിയെയും മാണി സി കാപ്പനെയും ഒപ്പംനിര്‍ത്തി മത്സരിച്ചാല്‍ മധ്യകേരളത്തില്‍ വലിയ ഗുണമുണ്ടാവുമെന്നാണ് ഇടതുപ്രതീക്ഷ.

Next Story

RELATED STORIES

Share it