Kerala

പാലക്കാട് മിന്നല്‍ ചുഴലി; മരങ്ങള്‍ കടപുഴകി വീണു; 15 ഓളം വീടുകള്‍ തകര്‍ന്നു

കാറ്റിന്റെ ആഘാതത്തില്‍ ബൈക്കില്‍ പോയ ഒരാള്‍ മറിഞ്ഞ് വീണും അപകടമുണ്ടായി.

പാലക്കാട് മിന്നല്‍ ചുഴലി; മരങ്ങള്‍ കടപുഴകി വീണു; 15 ഓളം വീടുകള്‍ തകര്‍ന്നു
X
പാലക്കാട്; പാലക്കാട് ചെര്‍പ്പുളശേരിയില്‍ മിന്നല്‍ ചുഴലിയില്‍ വ്യാപക നഷ്ടം. 15 ഓളം വീടുകള്‍ ഭാഗികമായി തകര്‍ന്നു. 20 വൈദ്യുതി പോസ്റ്റുകളും മരം വീണ് തകര്‍ന്നിട്ടുണ്ട്. ആര്‍ക്കും ആളപായമില്ല. ഇവിടെ വൈദ്യുതി തടസവും നേരിടുകയാണ്.

തിങ്കളാഴ്ച രാത്രി എട്ടോടെയായിരുന്നു ചെര്‍പ്പുളശേരി ചളവറ മേഖലയില്‍ ചുഴലിക്കാറ്റ് വീശിയടിച്ചത്.മൂന്ന് മിനിറ്റോളം ചുഴലിക്കാറ്റ് ആഞ്ഞുവീശി. ചളവറ പാലാട്ടുപടിയിലാണ് വീടുകള്‍ക്ക് മുകളിലേക്ക് മരങ്ങള്‍ കടപുഴകി വീണത്. വനംവകുപ്പിന്റെ കീഴിലുള്ള കൂറ്റന്‍ തേക്ക് മരങ്ങളും കടപുഴകി. രണ്ട് ഓട്ടോറിക്ഷകളും മൂന്ന് സ്‌കൂട്ടറുകളും മരം വീണ് തകര്‍ന്നു.കാറ്റിന്റെ ആഘാതത്തില്‍ ബൈക്കില്‍ പോയ ഒരാള്‍ മറിഞ്ഞ് വീണും അപകടമുണ്ടായി.

ചളവര കുബേര ക്ഷേത്രത്തിന് മുകളിലേക്കും മരം വീണു. ശക്തമായ കാറ്റില്‍ ക്ഷേത്രത്തിന്റെ മേല്‍ക്കൂരയുടെ ഓടുകളും ജനലുകളും നിലംപൊത്തി. അതേസമയം കാറ്റില്‍ പോസ്റ്റുകള്‍ പലതും വീണതോടെ പ്രദേശത്ത് വൈദ്യുതി വിതരണം പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്. വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മരങ്ങള്‍ വീണ് ഗതാഗതവും തടസപ്പെട്ടിട്ടുണ്ട്. ഇവ മാറ്റാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.

അതേസമയം സംസ്ഥാനത്ത് ഇന്ന് പാലക്കാട് ഉള്‍പ്പെടെ 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരുകയാണ്. പാലക്കാടിനെ കൂടാതെ ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് ഉള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലിനും, വടക്ക് - പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലിനും മുകളിലായി ചക്രവാതചുഴി രൂപപ്പെട്ടിട്ടുണ്ടെന്നാണ് കാലവസ്ഥാ മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് ന്യുനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. ജൂലൈ 26 ഓടെ വീണ്ടും തീവ്രന്യുനമര്‍ദ്ദമായി ശക്തി പ്രാപിച്ച് പടിഞ്ഞാറ് - വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു വടക്കന്‍ ആന്ധ്രാപ്രദേശ് - തെക്കന്‍ ഒഡിഷ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. ഈ സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത 4 ദിവസം വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Next Story

RELATED STORIES

Share it