Kerala

പാലാരിവട്ടം പാലം അഴിമതിക്കേസ്: ഇബ്രാഹിംകുഞ്ഞിന് ജാമ്യമില്ല; വിജിലന്‍സിന് ആശുപത്രിയില്‍ ചോദ്യം ചെയ്യാന്‍ അനുമതി

നിബന്ധനകളോടെ ഇബ്രാഹിംകുഞ്ഞിനെ ഒരു ദിവസം ആശുപത്രിയില്‍ ചോദ്യം ചെയ്യാന്‍ വിജിലന്‍സിന് കോടതി അനുമതി നല്‍കി. നവംബര്‍ 30 ന് ഇബ്രാഹിംകുഞ്ഞിനെ ആശുപത്രിയില്‍ വെച്ച് ചോദ്യം ചെയ്യാം

പാലാരിവട്ടം പാലം അഴിമതിക്കേസ്: ഇബ്രാഹിംകുഞ്ഞിന് ജാമ്യമില്ല; വിജിലന്‍സിന് ആശുപത്രിയില്‍ ചോദ്യം ചെയ്യാന്‍ അനുമതി
X

കൊച്ചി: പാലാരിവട്ടം പാലം അഴിതിക്കേസില്‍ വിജിലന്‍സ് അറസ്റ്റു ചെയ്ത അഞ്ചാം പ്രതി മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എയുടെ ജാമ്യാപേക്ഷ കോടതി തള്ളി.നിബന്ധനകളോടെ ഇബ്രാഹിംകുഞ്ഞിനെ ഒരു ദിവസം ആശുപത്രിയില്‍ ചോദ്യം ചെയ്യാന്‍ വിജിലന്‍സിന് കോടതി അനുമതി നല്‍കി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍യുടെ ജാമ്യാപേക്ഷ തള്ളുകയും ഉപാധികളോടെ ആശുപത്രിയില്‍ ചോദ്യം ചെയ്യാനും വിജിലന്‍സിന് അനുമതിയും നല്‍കിയത്.ഏഴു നിബന്ധനകളോടെയാണ് ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാന്‍ വിജിലന്‍സിന് കോടതി അനുമതി നല്‍കിയിരിക്കന്നത്.

നവംബര്‍ 30 ന് ഇബ്രാഹിംകുഞ്ഞിനെ ആശുപത്രിയില്‍ വെച്ച് വിജിലന്‍സിന് ചോദ്യം ചെയ്യാം.ഒരു മണിക്കൂര്‍ ചോദ്യം ചെയ്താല്‍ 15 മിനിട് ഇബ്രാഹിം കുഞ്ഞിന് വിശ്രമം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ചോദ്യം ചെയ്യുന്ന സംഘത്തില്‍ മൂന്നു ഉദ്യോഗസ്ഥര്‍ മാത്രമെ പാടുള്ളു.ചോദ്യം ചെയ്യല്‍ ആരംഭിക്കുന്നതിന് മുമ്പായി ഇവര്‍ കൊവിഡ് പരിശോധന നടത്തണം. ഇബ്രാഹിംകുഞ്ഞിന്റെ ചികില്‍സയക്ക് തടസം പാടില്ല,മാനസികമായോ ശാരീരീകമായോ ബുദ്ധിമുട്ടിക്കരുത് എന്നിങ്ങനെയാണ് നിബന്ധനകള്‍.

ഇബ്രാഹിംകുഞ്ഞ് എംഎല്‍എയുടെ ജാമ്യാപേക്ഷയിലും വിജിലന്‍സിന്റെ കസ്റ്റഡി അപേക്ഷയിലും ഇന്നലെ മണിക്കൂറുകള്‍ നീണ്ടു നിന്ന ഇരു വിഭാഗത്തിന്റെയും വാദം വിശദമായി കേട്ടതിനു ശേഷമാണ് കോടതി വിധി ഇന്നത്തേക്ക് മാറ്റിയത്. ഇബ്രാഹിംകുഞ്ഞ് എംഎല്‍എയുടെ രോഗം ഗുരുതരമായതിനാല്‍ ആശുപത്രി മാറ്റം പാടില്ലെന്ന് എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ മൂവാറ്റു പുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഇബ്രാഹിംകുഞ്ഞിന് നല്‍കുന്ന ചികില്‍സ സൗകര്യം എറണാകുളത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഇല്ല. അതിനാല്‍ നിലവില്‍ ചികില്‍സ തുടരുന്ന സ്വകാര്യ ആശുപത്രിയില്‍ തന്നെ ഇബ്രാഹിംകുഞ്ഞിന്റെ ചികില്‍സ തുടരാനാണ് മെഡിക്കല്‍ സംഘം നിര്‍ദേശിച്ചിരിക്കുന്നത്. ഇതേ തുടര്‍ന്ന് കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം വിജിലന്‍സ് പിന്‍വലിച്ചിരുന്നു..തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ വെച്ചു തന്നെ ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് മൂവാറ്റു പുഴ വിജിലന്‍സ് കോടതിയുടെ വിധി ഉണ്ടായിരിക്കുന്നത്.

Next Story

RELATED STORIES

Share it