Kerala

പാലാരിവട്ടം പാലം നിര്‍മാണ അഴിമതി: ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യഹരജി; സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

ഹരജി ഈ മാസം 11 വീണ്ടും പരിഗണിക്കും. ജാമ്യഹരജി അടിയന്തരമായി കേള്‍ക്കണമെന്നും അന്വേഷണ സംഘം ആശുപത്രിയില്‍ നിന്നും കസ്റ്റഡിയില്‍ എടുക്കുമോയെന്ന് ആശങ്കയുണ്ടെന്നും ഇബ്രാഹിംകുഞ്ഞിനായി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു

പാലാരിവട്ടം പാലം നിര്‍മാണ അഴിമതി: ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യഹരജി; സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി
X

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണ അഴിമതിക്കേസില്‍ അറസ്റ്റിലായി ആശുപത്രിയില്‍ റിമാന്റില്‍ കഴിയുന്ന പൊതുമരാമത്ത് വകുപ്പ് മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എയുടെ ജാമ്യഹരജിയില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി.ഇത് സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഹരജി ഈ മാസം 11 വീണ്ടും പരിഗണിക്കും. ജാമ്യഹരജി അടിയന്തരമായി കേള്‍ക്കണമെന്നും അന്വേഷണ സംഘം ആശുപത്രിയില്‍ നിന്നും കസ്റ്റഡിയില്‍ എടുക്കുമോയെന്ന് ആശങ്കയുണ്ടെന്നും ഇബ്രാഹിംകുഞ്ഞിനായി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു.അതേ സമയം ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് വിജിലന്‍സും കോടതിയെ അറിയിച്ചു.തുടര്‍ന്നാണ് ജാമ്യഹരജി പരിഗണിക്കുന്നത് കോടതി ഈ മാസം 11 ലേക്ക് മാറ്റിയത്.

നേരത്തെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജാമ്യഹരജി തള്ളിയതിനെ തുടര്‍ന്നാണ് ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയെ സമീപിച്ചത്.കേസിലെ അഞ്ചാം പ്രതിയാണ് വി കെ ഇബ്രാഹിംകുഞ്ഞ്.അര്‍ബുദ ബാധിതനായ ഇബ്രാഹിംകുഞ്ഞ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ ഇരിക്കെ കഴിഞ്ഞ മാസം 18 നാണ് വിജിലന്‍സ് സംഘം അറസ്റ്റു ചെയ്തത്.ആശുപത്രിയില്‍ നിന്നും മാറ്റുന്നത് ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യസ്ഥിതി ഗുരുതരമാക്കുമെന്ന ആശുപത്രി അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജഡ്ജി ആശുപത്രിയില്‍ എത്തിയാണ് റിമാന്റ് ചെയ്തത്.

കോടതി നിര്‍ദേശ പ്രകാരം രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡും ഇബ്രാഹിംകുഞ്ഞിന്റെ ആശുപത്രിമാറ്റം പാടില്ലെന്ന് റിപോര്‍ട് നല്‍കിയിരുന്നു.തുടര്‍ന്ന് കോടതി ആശുപത്രിയില്‍ തന്നെ ഇബ്രാഹിംകുഞ്ഞിനെ റിമാന്റില്‍ തുടരാന്‍ അനുവദിക്കുകയും ഒരു ദിവസം ആശുപത്രിയില്‍ വെച്ച് ചോദ്യം ചെയ്യാന്‍ വിജിലന്‍സിന് അനുമതി നല്‍കുകയും ചെയ്തിരുന്നു.ഇതു പ്രകാരം വിജിലന്‍സ് ചോദ്യം ചെയ്തുവെങ്കിലും വീണ്ടും ചോദ്യം ചെയ്യണമെന്ന നിലപാടിലാണ് അന്വേഷണം സംഘം.ജാമ്യം തേടി ഇബ്രാഹികുഞ്ഞ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയെ സമീപിച്ചുവെങ്കിലും കോടതി ഇത് തള്ളിയിരുന്നു.തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it