Kerala

പന്തീരാങ്കാവ് കേസില്‍ ജാമ്യ ഉത്തരവ് വായിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടു; പോലിസ് ഉദ്യോഗസ്ഥന് കമ്മീഷണറുടെ കാരണം കാണിക്കല്‍ നോട്ടീസ്

സുഹൃത്തായ യുവതിക്ക് താമസിക്കാന്‍ ഫ്ളാറ്റെടുത്തു നല്‍കിയതിന്റെ പേരില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട കോഴിക്കോട് സിറ്റി കണ്‍ട്രോള്‍ റൂമിലെ പോലിസ് ഉദ്യോഗസ്ഥന്‍ ഉമേഷ് വള്ളിക്കുന്നിനെതിരേയാണ് വീണ്ടും പോലിസിന്റെ വേട്ടയാടലുണ്ടായിരിക്കുന്നത്. ഡിഐജിയും കോഴിക്കോട് സിറ്റി പോലിസ് കമ്മീഷണറുമായ എ വി ജോര്‍ജാണ് ഏഴുദിവസത്തിനകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

പന്തീരാങ്കാവ് കേസില്‍ ജാമ്യ ഉത്തരവ് വായിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടു; പോലിസ് ഉദ്യോഗസ്ഥന് കമ്മീഷണറുടെ കാരണം കാണിക്കല്‍ നോട്ടീസ്
X

കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസില്‍ അലന്‍ ഷുഹൈബിനും താഹ ഫസലിനും ജാമ്യം അനുവദിച്ച കോടതി ഉത്തരവ് വായിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരില്‍ പോലിസ് ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്. സുഹൃത്തായ യുവതിക്ക് താമസിക്കാന്‍ ഫ്ളാറ്റെടുത്തു നല്‍കിയതിന്റെ പേരില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട കോഴിക്കോട് സിറ്റി കണ്‍ട്രോള്‍ റൂമിലെ പോലിസ് ഉദ്യോഗസ്ഥന്‍ ഉമേഷ് വള്ളിക്കുന്നിനെതിരേയാണ് വീണ്ടും പോലിസിന്റെ വേട്ടയാടലുണ്ടായിരിക്കുന്നത്. ഡിഐജിയും കോഴിക്കോട് സിറ്റി പോലിസ് കമ്മീഷണറുമായ എ വി ജോര്‍ജാണ് ഏഴുദിവസത്തിനകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.


മാവോവാദി ബന്ധമാരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റുചെയ്ത അലനും താഹയ്ക്കും ജാമ്യം അനുവദിച്ച കോടതി വിധി വായിക്കുകയും പ്രതികള്‍ക്ക് അനുകൂലമായ വിധത്തിലും ഇന്‍ക്രിമെന്റ് നഷ്ടമായത് സംബന്ധിച്ച് പോലിസ് വകുപ്പിനെ അവഹേളിക്കുന്ന തരത്തിലും ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടുവെന്നാണ് നോട്ടീസില്‍ പറയുന്നത്. കോഴിക്കോട് സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ ഇതുസംബന്ധിച്ച് റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. പോലിസ് വകുപ്പ് സ്വീകരിച്ച അച്ചടക്കനടപടിയെ കളിയാക്കുന്ന തരത്തിലാണ് ഫെയ്‌സ്ബുക്കില്‍ അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നത്.

പോലിസുദ്യോഗസ്ഥര്‍ സമൂഹമാധ്യമത്തില്‍ ഇടപെടുമ്പോള്‍ പാലിക്കേണ്ട ഡിജിപിയുടെ നിര്‍ദേശങ്ങളുണ്ടായിട്ടും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനെന്ന നിലയില്‍ തുടര്‍ച്ചയായി അച്ചടക്കലംഘനം നടത്തിവരികയാണ്. തീവ്ര ഇടതുപക്ഷപ്രവര്‍ത്തകര്‍ക്ക് അനുകൂല നിലപാടില്‍ അഭിപ്രായപ്രകടനം നടത്തിവരുന്നതായും ബോധ്യപ്പെട്ടിരിക്കുകയാണ്. അതിനാല്‍, ശിക്ഷാനടപടി സ്വീകരിക്കാതിരിക്കാന്‍ എന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കിലും ഏഴുദിവസത്തിനകം മറുപടി നല്‍കണം. അല്ലാത്തപക്ഷം യാതൊന്നും ബോധിപ്പിക്കാനില്ലെന്ന നിഗമനത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്ന് നോട്ടീസില്‍ കമ്മീഷണര്‍ വ്യക്തമാക്കുന്നു.

ഉമേഷ് വള്ളിക്കുന്നിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ ഭാഗങ്ങളും നോട്ടീസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, വേട്ട തുടങ്ങിക്കഴിഞ്ഞതായും അടുത്ത മെമ്മോ കൈപ്പറ്റിയതായും ഉമേഷ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. കോടതി വിധി വായിക്കുക എന്നത് തീവ്ര ഇടതുപക്ഷ നിലപാടാത്രേ. ഇതുകൊണ്ടൊന്നും വേട്ടക്കാര്‍ പിന്‍മാറില്ല. അവര്‍ വേട്ട തുടരുക തന്നെ ചെയ്യും. പോലിസുകാരനെന്ന നിലയില്‍ അധികകാലം ജീവിക്കാന്‍ എന്നെയിനി അനുവദിക്കില്ല എന്നുറപ്പാണ്. തുടര്‍ച്ചയായി നിയമനടപടികള്‍ നേരിടേണ്ടിവരും.

മെമ്മോയ്ക്ക് മറുപടിയെഴുതാന്‍ സര്‍വീസ് ജീവിതം തികയാതെവരും. തുടര്‍ച്ചയായി ശിക്ഷാവിധികള്‍ വരും. അധികം വൈകാതെ പോലിസ് സേനയുടെ 'അന്തസ്സി'നും 'സല്‍പ്പേരി'നും തീരാകളങ്കമായ ഉമേഷ് വള്ളിക്കുന്നിനെ തിരിച്ചു വരാനാത്ത വിധം പോലിസ് സേനയില്‍നിന്ന് പുറന്തള്ളും. ഇപ്പോഴും ഏതു തൊഴിലും ചെയ്യാന്‍ മടിയില്ല. അഥവാ മടി തോന്നിയാല്‍ പോലും മനസ്സിനെയും ശരീരത്തെയും പാകപ്പെടുത്തി ഏത് തൊഴിലെടുക്കാനും സജ്ജമാക്കാന്‍ ഈ സസ്‌പെന്‍ഷന്‍ കാലം വിനിയോഗിക്കും. ജോലിപോയാലും നമുക്ക് ജീവിച്ചിരുന്നേ പറ്റൂ- ഉമേഷ് കുറിപ്പില്‍ വ്യക്തമാക്കി.

സുഹൃത്തായ യുവതിക്ക് ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്ത് നല്‍കിയതിന്റെ പേരിലാണ് ഉമേഷ് വള്ളിക്കുന്നിനെ കമ്മീഷണര്‍ എ വി ജോര്‍ജ് സസ്‌പെന്‍ഡ് ചെയ്തത്. യുവതിയുടെ അമ്മയുടെ പരാതിയിലാണ് സസ്പെഷനെന്നായിരുന്നു ഉത്തരവില്‍ പറഞ്ഞിരുന്നത്. അതേസമയം, ഉമേഷ് വള്ളിക്കുന്നിന്റെ സസ്പെന്‍ഷന്‍ ഉത്തരവില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയെന്നാരോപിച്ച് കോഴിക്കോട് സിറ്റി പോലിസ് കമ്മീഷണര്‍ക്കെതിരേ യുവതി ഐജിക്ക് പരാതി നല്‍കിയിട്ടുണ്ട്.

ഉമേഷ് വള്ളിക്കുന്നിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:


വേട്ട തുടങ്ങിക്കഴിഞ്ഞു. അടുത്ത മെമ്മോ ഇന്ന് ഉച്ചയ്ക്ക് കൈപ്പറ്റി.

'കോടതി വിധി വായിക്കുക' എന്നത് തീവ്ര ഇടതുപക്ഷ നിലപാടാത്രേ! ????

ജില്ലാ തലത്തിലുള്ള ഒരു ഭരണാധികാരി എന്ന അധികാരം ദുര്‍വിനിയോഗം ചെയ്ത് ഒരു വെറും പോലീസുകാരനെതിരെ, സര്‍ക്കാര്‍ നയങ്ങള്‍ക്കും ഈ രാജ്യത്തിലെ നിയമങ്ങള്‍ക്കും സാമാന്യബോധത്തിനും പോലീസ്- സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും സാംസ്‌കാരിക-രാഷ്ട്രീയ കേരളത്തിനും അപമാനകരമായ തരത്തില്‍ ഒരു സ്ത്രീയെ പേരെടുത്തു പറഞ്ഞ് അവളുടെ വ്യക്തിത്വത്തെയും സ്ത്രീത്വത്തെയും അതിഹീനമായി അപമാനിച്ചു കൊണ്ട് കേരള പോലീസിന്റെ ചരിത്രത്തിലെ ഏറ്റവും ഹീനമായ ഒരു സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ പുറത്തിറക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ സുഹൃത്തുക്കളും മാധ്യമങ്ങളും കേരളത്തിലെ സമാന്യജനതയും ഒറ്റക്കെട്ടായാണ് പ്രതികരിച്ചത്.

അഭിവാദ്യങ്ങള്‍.

ഹൃദയവും മനസ്സും നിറഞ്ഞ് കവിയുന്ന നന്ദിയും സ്‌നേഹവും എല്ലാവരോടുമുണ്ട് .

ഈ കാര്യത്തില്‍ എനിക്കെതിരായ നടപടികള്‍ എന്തുതന്നെയായാലും

കേരളത്തില്‍ ഇനിയൊരിക്കലും മറ്റൊരു പോലീസുകാരനെതിരെയും ഇതു പോലൊരുത്തരവ് പുറപ്പെടുവിക്കാന്‍ ഒരധികാരിയും ധൈര്യപ്പെടില്ല എന്നുറപ്പാണ്. നമ്മള്‍ വീണുപോയാലും സിസ്റ്റം നവീകരിക്കപ്പെടും. അതാണ് നമ്മുടെ ഈ പോരാട്ടത്തിന്റെ വിജയം. (ഇന്നലെ മുതല്‍ തന്നെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരായ ആതിരയുടെ പരാതികള്‍ പിന്‍വലിക്കാന്‍ ചില 'അഭ്യുദയകാംക്ഷികള്‍' ശ്രമിച്ച് പരാജയപ്പെടുന്നുണ്ട്. )

പക്ഷേ, ഇതുകൊണ്ടൊന്നും വേട്ടക്കാര്‍ പിന്‍മാറില്ല. അവര്‍ വേട്ട തുടരുക തന്നെ ചെയ്യും. പോലീസുകാരന്‍ എന്ന നിലയില്‍ അധികകാലം ജീവിക്കാന്‍ എന്നെയിനി അനുവദിക്കില്ല എന്നുറപ്പാണ്. തുടര്‍ച്ചയായി നിയമനടപടികള്‍ നേരിടേണ്ടി വരും. മെമ്മോയ്ക്ക് മറുപടിയെഴുതാന്‍ സര്‍വീസ് ജീവിതം തികയാതെ വരും. തുടര്‍ച്ചയായി ശിക്ഷാവിധികള്‍ വരും. അധികം വൈകാതെ പോലീസ് സേനയുടെ 'അന്തസ്സി'നും 'സല്‍പ്പേരി'നും തീരാ കളങ്കമായ ഉമേഷ് വള്ളിക്കുന്നിനെ തിരിച്ചു വരാനാത്ത വിധം പോലീസ് സേനയില്‍ നിന്ന് പുറന്തള്ളും.

ഇതൊക്കെ അറിയാവുന്നത് കൊണ്ട് ഇന്നലെ അമ്മയ്‌ക്കൊരു സൂചന കൊടുത്തു. 'പണി പോകാന്‍ സാധ്യതയുണ്ട്'

അമ്മ സൗമ്യമായി പറഞ്ഞു:

'പണി പോയാലും എങ്ങനെയെങ്കിലും ജീവിക്കാം. പക്ഷേ, അയാളുടെ കാലു പിടിച്ചിട്ടോ മാപ്പു പറഞ്ഞിട്ടോ നീ പണിക്ക് പോണ്ട.'

ജീവിതത്തിലെ ഏറ്റവും അഭിമാനം തോന്നിയ നിമിഷം.

എനിക്ക് ഓര്‍മ്മവെക്കുന്ന പ്രായത്തില്‍ മേങ്കോറഞ്ചിലെ തേയിലത്തോട്ടത്തില്‍ തൊഴിലാളിയായിരുന്നു എന്റെ അമ്മ.

കാട്ടുകള്ളനും തൊഴിലാളിവിരുദ്ധനുമായ എസ്റ്റേറ്റ് മാനേജര്‍ വിജയനെതിരെ അമ്മയുള്‍പ്പെടുന്ന തൊഴിലാളി സംഘം മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ച് നീങ്ങുന്നതാണ് ജീവിതത്തില്‍ ആദ്യം കണ്ട സമരം. കഴിഞ്ഞ വര്‍ഷം സസ്‌പെന്‍ഷന്‍ കാലത്ത് അഞ്ജുവിന്റെ കല്യാണത്തിന് പോയപ്പോള്‍ തേയിലക്കുന്നുകളെ നോക്കിയിരുന്ന്

ഉമേഷേട്ടന്റെ അച്ഛന്‍ കുമാരേട്ടന്‍ അന്നത്തെ സമരകഥകളൊക്കെ ഓര്‍ത്ത് പറയുന്നത് കേള്‍ക്കാന്‍ നല്ല രസമുണ്ടായിരുന്നു.

പതിനാലാം വയസ്സില്‍ കോഴിക്കോട് നാലാം ഗെയിറ്റിനടുത്തുള്ള ന്യൂ സോമരാജ് ഹോട്ടലിന്റെ അടുക്കളയിലെ കൊട്ടത്തളത്തില്‍ പത്ത് രൂപ ദിവസക്കൂലിക്ക് പ്ലേറ്റും ഗ്ലാസും കഴുകിയാണ് തൊഴില്‍ ജീവിതം ആരംഭിക്കുന്നത്. ലോക്കലടിക്കുന്ന ജീപ്പില്‍ 'ഉപ്പട്ടി...ഉപ്പട്ടി..' 'പന്തല്ലൂര്‍.. പന്തല്ലൂര്‍.. ന്തല്ലൂര്‍ ' എന്ന് വിളിച്ച് 'കിളി' യായിരുന്നു ഒരു കാലം. ഉപ്പട്ടിയിലെ ചില വീടുകളിലൊക്കെ പോകുമ്പോള്‍ അറിയാതെ ചുമരുകള്‍ തടവി നോക്കാറുണ്ടിപ്പോഴും. നമ്മള്‍ ചുമന്ന് കൊണ്ടുവന്ന കല്ലും മണലും എന്നൊരു റൊമാന്‍സ് ആ ചുവരുകളോട് തോന്നാറുണ്ട്. ഏതു തൊഴിലും ആത്മാഭിമാനത്തോടെയും സന്തോഷത്തോടെയും ആസ്വദിച്ചേ ചെയ്തിട്ടുള്ളൂ.

ഇപ്പോഴും ഏതു തൊഴിലും ചെയ്യാന്‍ മടിയില്ല. അഥവാ മടി തോന്നിയാല്‍ പോലും മനസ്സിനെയും ശരീരത്തെയും പാകപ്പെടുത്തി ഏത് തൊഴിലെടുക്കാനും സജ്ജമാക്കാന്‍ ഈ സസ്‌പെന്‍ഷന്‍ കാലം വിനിയോഗിക്കും. ജോലി പോയാലും നമുക്ക് ജീവിച്ചിരുന്നേ പറ്റൂ.



Next Story

RELATED STORIES

Share it