Kerala

പീരുമേട് കസ്റ്റഡി മരണം: ജൂലൈ പത്തിനകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്ന് ഡിജിപി

വിശദമായ അന്വേഷണ റിപ്പോർട്ട് സംസ്ഥാന പോലിസ് മേധാവി അടിയന്തരമായി ഹാജരാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. നാലു ദിവസത്തെ തുടർച്ചയായ മർദ്ദനത്തിന്റെ ഫലമായി രാജ് കുമാറിന്റെ ശരീരത്തിൻ 32 മുറിവുകൾ ഉണ്ടായിരുന്നതായി മനുഷ്യാവകാശ പ്രവർത്തകനായ ഡോ. ഗിന്നസ് മാടസ്വാമി നൽകിയ പരാതിയിൽ പറയുന്നു.

പീരുമേട് കസ്റ്റഡി മരണം: ജൂലൈ പത്തിനകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്ന് ഡിജിപി
X

തിരുവനന്തപുരം: പീരുമേട് കസ്റ്റഡി മരണക്കേസിൽ ജൂലൈ പത്തിനകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്ന് ക്രൈംബ്രാഞ്ചിനോട് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ആവശ്യപ്പെട്ടു. ക്രൈംബ്രാഞ്ച് ഐജി ഗോപേഷ് അഗര്‍വാളിനാണ് ഡിജിപി നിര്‍ദേശം നല്‍കിയത്. കേസില്‍ വീഴ്ച ഉണ്ടായ എല്ലാവര്‍ക്കെതിരെയും നടപടി ഉണ്ടാകും.

വഞ്ചനക്കേസ് ഉള്‍പ്പെടെ എല്ലാകാര്യങ്ങളും വിശദമായി അന്വേഷിക്കുമെന്നും ഡിജിപി പറഞ്ഞു. രാജ്കുമാറിനെ കസ്റ്റഡിയിലെടുക്കുമ്പോൾ ചട്ടങ്ങള്‍ പാലിച്ചോയെന്നതും പരിശോധിക്കും. റിമാന്റ് പ്രതിയായിരുന്ന ഇടുക്കി സ്വദേശി രാജ് കുമാറാണ് പോലിസ് മർദ്ദനത്തെ തുടർന്ന് മരിച്ചത്.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണ റിപ്പോർട്ട് സംസ്ഥാന പോലിസ് മേധാവി അടിയന്തരമായി ഹാജരാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. നാലു ദിവസത്തെ തുടർച്ചയായ മർദ്ദനത്തിന്റെ ഫലമായി രാജ് കുമാറിന്റെ ശരീരത്തിൻ 32 മുറിവുകൾ ഉണ്ടായിരുന്നതായി മനുഷ്യാവകാശ പ്രവർത്തകനായ ഡോ. ഗിന്നസ് മാടസ്വാമി നൽകിയ പരാതിയിൽ പറയുന്നു. കസ്റ്റഡി മരണങ്ങളും ലോക്കപ്പ് മർദ്ദനങ്ങളും അവസാനിപ്പിക്കാൻ മനുഷ്യാവകാശ കമ്മീഷൻ കാലാകാലങ്ങളിൽ നൽകിയ നിർദേശങ്ങൾ കാറ്റിൽ പറത്തിയതിന്റെ പുതിയ ഉദാഹരണമാണ് രാജ് കുമാറിന്റെ മരണമെന്ന് പരാതിയിൽ പറയുന്നു.

രാജ്കുമാറിന്റെ മരണത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കുള്ളതായുള്ള റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. പ്രതിയെ നാല് ദിവസം അനധികൃതമായി കസ്റ്റഡിയില്‍ വെച്ചത് എസ്പിയുടേയും ഡിവൈഎസ്പിയുടേയും അറിവോടെയാണെന്നാണ് റിപ്പോര്‍ട്ട്. രാജ്കുമാറിന്റെ മരണത്തില്‍ പോലിസിനെതിരെ ഗുരുതര ആരോപണങ്ങള്‍ ആണ് ഉയരുന്നത്. പോലിസുകാര്‍ക്ക് 20 ലക്ഷം രൂപ കൈക്കൂലി നല്‍കാത്തതിനാലാണ് രാജ്കുമാറിനെ മര്‍ദ്ദിച്ചതെന്ന് നെടുങ്കണ്ടം സ്വദേശി രാഹുല്‍ വെളിപ്പെടുത്തിയിരുന്നു.

Next Story

RELATED STORIES

Share it