Kerala

മുഖ്യമന്ത്രിയും ഗവർണറും നാളെ പെട്ടിമുടിയിലേക്ക്; ദുരന്തത്തിൽപ്പെട്ടവരുടെ പുനരധിവാസം ഉറപ്പാക്കും

മരിച്ചവരുടെ ആശ്രിതർക്ക് വീട്, ജോലി, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവയടങ്ങുന്നതാകും പാക്കേജ്. ദുരന്തത്തിൽ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് പൂർണമായും സർക്കാർ വഹിക്കാനും തീരുമാനിച്ചു.

മുഖ്യമന്ത്രിയും ഗവർണറും നാളെ പെട്ടിമുടിയിലേക്ക്; ദുരന്തത്തിൽപ്പെട്ടവരുടെ പുനരധിവാസം ഉറപ്പാക്കും
X

തിരുവനന്തപുരം: മണ്ണിടിച്ചിൽ ദുരന്തമുണ്ടായ രാജമല പെട്ടിമുടിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും നാളെ പോവും. ഇരുവരും ഹെലികോപ്ടറിൽ മൂന്നാർ ആനച്ചാലിലെത്തും. മൂന്നാറിൽ നിന്നും റോഡ് മാർഗം പെട്ടിമുടിക്ക് പോവും. കാലാവസ്ഥ അനുകൂലമല്ലെങ്കിൽ യാത്ര മറ്റൊരു ദിവസത്തേക്ക് മാറ്റാനും സാധ്യതയുണ്ട്. കരിപ്പൂർ വിമാന ദുരന്തത്തിൽ സ്ഥലം സന്ദർശിച്ച മുഖ്യമന്ത്രി പെട്ടിമുടിയിൽ പോവാതിരുന്നതിനെതിരേ പ്രതിപക്ഷം വിമർശനം ഉന്നയിച്ചിരുന്നു.

അതേസമയം, രാജമല പെട്ടിമുടിയിൽ മണ്ണിടിച്ചിൽ ദുരന്തത്തിൽപെട്ടവരുടെ പുനരധിവാസം ഉറപ്പാക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ഇത് സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റെ റിപ്പോർട്ട് വാങ്ങും. പെട്ടിമുടിയിലെ രക്ഷാപ്രവർത്തനങ്ങളും തിരച്ചിലും അവസാനിപ്പിച്ച ശേഷമാകും നാശനഷ്ടത്തെക്കുറിച്ചുള്ള ഭരണകൂടത്തിന്റെ റിപ്പോർട്ട് വാങ്ങുക. മരിച്ചവരുടെ ആശ്രിതർക്ക് വീട്, ജോലി, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവയടങ്ങുന്നതാകും പാക്കേജ്. ദുരന്തത്തിൽ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് പൂർണമായും സർക്കാർ വഹിക്കാനും തീരുമാനിച്ചു.

പെട്ടിമുടിയിൽനിന്ന് മൂന്ന് മൃതദേഹങ്ങൾക്കൂടി ഇന്ന് കണ്ടെത്തി. പെട്ടിമുടിയിൽനിന്ന് ആറ് കിലോമീറ്റർ അകലെ പുഴയിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇതോടെ മരണസംഖ്യ 55 ആയി. കാണാതായവർക്കായി ആറാം ദിനവും തിരച്ചൽ തുടരുകയാണ്.

Next Story

RELATED STORIES

Share it