Kerala

പ്ലസ് ടു പരീക്ഷാ ഫലം: മലയാളത്തെ ശ്രേഷ്ഠമാക്കി ബീഹാര്‍ സ്വദേശി കാജല്‍ കുമാരി

മലയാളം ഉപഭാഷയായി തിരഞ്ഞെടുത്ത ബീഹാര്‍ സ്വദേശിനി കാജല്‍ കുമാരി മലയാളത്തില്‍ 200ല്‍ 193 മാര്‍ക്ക് നേടിയാണ് മിന്നും ജയം സ്വന്തമാക്കിയത്.

പ്ലസ് ടു പരീക്ഷാ ഫലം: മലയാളത്തെ ശ്രേഷ്ഠമാക്കി ബീഹാര്‍ സ്വദേശി കാജല്‍ കുമാരി
X

ഒളവട്ടൂര്‍: കഴിഞ്ഞ ദിവസം ഫലം പുറത്തുവന്ന പ്ലസ്ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ ഒളവട്ടൂര്‍ എച്ച്‌ഐഒ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും വ്യത്യസ്തമായ ഒരു വിജയ വാര്‍ത്ത. മലയാളം ഉപഭാഷയായി തിരഞ്ഞെടുത്ത ബീഹാര്‍ സ്വദേശിനി കാജല്‍ കുമാരി മലയാളത്തില്‍ 200ല്‍ 193 മാര്‍ക്ക് നേടിയാണ് മിന്നും ജയം സ്വന്തമാക്കിയത്.

ബീഹാറിലെ ദര്‍ഭംഗയിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നും കേരളത്തിലെ മലപ്പുറം ജില്ലയിലെത്തിയിട്ട് വര്‍ഷം കുറെയായി. പുളിക്കല്‍ ആലുങ്ങലില്‍ ആണ് ഇപ്പോള്‍ താമസിക്കുന്നത്. അച്ഛന്‍ കോഴിക്കോട് ഒരു ചെരുപ്പ് കമ്പനിയില്‍ ജോലി നോക്കുന്നു. അമ്മയോടൊപ്പം എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന അനിയത്തിയും ഒരു കുഞ്ഞനിയനും ചേര്‍ന്ന സാധാരണ കുടുംബം. പഠനകാര്യങ്ങളില്‍ മിടുക്കിയായ ഇവളെ വ്യത്യസ്തയാക്കുന്നത് മലയാള ഭാഷയോടുള്ള സ്‌നേഹവും താത്പര്യവുമാണ്.

എസ്എസ്എല്‍സിക്കുശേഷം കൊണ്ടോട്ടി ഒളവട്ടൂര്‍ എച്ച്‌ഐഒഎച്ച്എസ്എസില്‍ പ്ലസ്ടു കോമേഴ്‌സ് ഗ്രൂപ്പ് എടുക്കുകയും സെക്കന്റ് ലാംഗ്വേജ് തന്റേടത്തോടെ മലയാളം തിരഞ്ഞെടുക്കുകയും ചെയ്തു.

മലയാളിയായി ജനിച്ചിട്ടുപോലും മലയാളം പഠിക്കാനും എഴുതാനും വൈമുഖ്യം കാണിക്കുന്ന മലയാളികള്‍ക്ക് മാതൃകയാവുകയാണ് കാജല്‍കുമാരി.

ഹയര്‍സെക്കന്‍ഡറിയില്‍ നിന്നും ഈ വര്‍ഷം മികച്ച വിജയം നേടിയതോടൊപ്പം മലയാളത്തിന് എ പ്ലസ് വിജയം നേടിയത് ഈ മിടുക്കിയുടെ തിളക്കം വര്‍ധിപ്പിക്കുന്നു. കേരളത്തില്‍ നിന്നും ഉപരിപഠനം പൂര്‍ത്തിയാക്കി ഉന്നത നിലവാരമുള്ള അധ്യാപികയായി സ്വദേശത്തേക്ക് പോകാനാണ് കാജലിന്റെ ആഗ്രഹം.

Next Story

RELATED STORIES

Share it