Kerala

തണ്ടർബോൾട്ടിന് ഉപകരണങ്ങൾ വാങ്ങിയതിലും ക്രമക്കേട് നടന്നതായി ആരോപണം

2013-2014 കാലയളവിൽ ടെൻഡർ വ്യവസ്ഥകൾ അട്ടിമറിച്ച് ഒരു കോടിയോളം രൂപ ചെലവഴിച്ച് റിമോട്ട് ക്യാമറകൾ വാങ്ങിയെന്നാണ് കണ്ടെത്തൽ.

തണ്ടർബോൾട്ടിന് ഉപകരണങ്ങൾ വാങ്ങിയതിലും   ക്രമക്കേട് നടന്നതായി ആരോപണം
X

തിരുവനന്തപുരം: തണ്ടർബോൾട്ടിന് ഉപകരണങ്ങൾ വാങ്ങിയതിന്റെ മറവിലും പോലിസിൽ ക്രമക്കേട് നടന്നതായി ആരോപണം. നിലവിലെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ മൊഡേണൈസേഷൻ എഡിജിപി ആയിരുന്ന കാലയളവിലാണ് ക്രമക്കേട് നടന്നതെന്നാണ് ആക്ഷേപം. 2013-2014 കാലയളവിൽ ടെൻഡർ വ്യവസ്ഥകൾ അട്ടിമറിച്ച് ഒരു കോടിയോളം രൂപ ചെലവഴിച്ച് റിമോട്ട് ക്യാമറകൾ വാങ്ങിയെന്നാണ് കണ്ടെത്തൽ.

കമാൻഡോ വിഭാഗമായ തണ്ടർബോൾട്ടിന് തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്കായി രാത്രിസമയങ്ങളിൽ ഉപയോഗിക്കാനെന്ന പേരിൽ 94,52,789 രൂപ ചിലവഴിച്ച് 2 റിമോട്ട് ക്യാമറകൾ വാങ്ങി. മൂന്ന് കമ്പനികൾ പങ്കെടുത്ത ടെൻഡറിൽ സാങ്കേതിക പരിശോധന സമയത്ത് പങ്കെടുത്തത് കരാർ ലഭിച്ച കോർ ഇ എൽ ടെക്‌നോളജീസ് മാത്രം. ഒരു കമ്പനി മാത്രമാണുള്ളതെങ്കിൽ റീ ടെൻഡർ വിളിക്കണമെന്നാണ് ചട്ടം.

എന്നാൽ ഈ ചട്ടം ലംഘിച്ച് ടെണ്ടർ അട്ടിമറിച്ചു. എല്ലാ തരത്തിലുള്ള പരിശോധനയും പൂർത്തിയാകുന്നതിന് മുമ്പ് സാങ്കേതിക പരിശോധന സമിതി കമ്പനിയുടെ ഉപകരണം വാങ്ങാൻ അനുവദിച്ചു. ഉപകരണം ലഭിക്കുന്നതിന് മുമ്പ് മുഴുവൻ പണവും കമ്പനിക്ക് കൈമാറി. ഉപകരണം ലഭിച്ചുവെന്ന പോലിസ് ആസ്ഥാനത്തെ സീനിയർ ക്ലർക്കിന്റെ തെറ്റായ റിപ്പോർട്ട് ഉപയോഗിച്ചായിരുന്നു പണം മുൻകൂറായി കൈമാറിയത്. പ്രാഥമിക ഘട്ടത്തിൽ തന്നെ അന്നത്തെ വയനാട്, മലപ്പുറം എസ്പിമാരും, തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് എസ്പിയും ഉപകരണം ഉപയോഗിക്കാൻ പരിശീലനം പോലും ലഭിച്ചില്ലെന്ന് പരാതി പറഞ്ഞിരുന്നു. സംഭവത്തിൽ സ്വതന്ത്ര അന്വേഷണം നടത്താനുളള തീരുമാനം പിന്നീട് ഉന്നത ഉദ്യോഗസ്ഥർ അട്ടിമറിച്ചെന്നാണ് ആക്ഷേപം.

Next Story

RELATED STORIES

Share it