Kerala

ആശുപത്രിയില്‍ ഡോക്ടറുടെ ജോലി തടസ്സപ്പെടുത്തി; പിവി അന്‍വറിനെതിരെ കേസെടുത്ത് പോലിസ്

ആശുപത്രിയില്‍ ഡോക്ടറുടെ ജോലി തടസ്സപ്പെടുത്തി; പിവി അന്‍വറിനെതിരെ കേസെടുത്ത് പോലിസ്
X

തൃശൂര്‍: ചേലക്കര താലൂക്ക് ആശുപത്രിയില്‍ ഒപിയില്‍ കയറി ഡോക്ടറോട് കയര്‍ത്ത് സംസാരിച്ച സംഭവത്തില്‍ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനെതിരെ കേസെടുത്ത് പോലിസ്. അനുവാദമില്ലാതെ ആശുപത്രിയില്‍ എത്തി ഡോക്ടറുടെ ജോലി തടസ്സപ്പെടുത്തിയതിന് ചേലക്കര പോലിസാണ് കേസെടുത്തിരിക്കുന്നത്. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സുനില്‍കുമാര്‍ നല്‍കിയ പരാതിയിലാണ് കേസ്.

എംഎല്‍എയ്ക്കെതിരെ ആശുപത്രി സംരക്ഷണ നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡോ. കെആര്‍ അനില്‍കുമാര്‍ പരാതി നല്‍കിയത്. ചൊവ്വാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡിഎംകെ സ്ഥാനാര്‍ഥി എന്‍കെ സുധീറിനും അനുയായികള്‍ക്കുമൊപ്പമെത്തിയ അന്‍വര്‍ എംഎല്‍എ ആശുപത്രിയിലെത്തി ഒപിയിലുണ്ടായിരുന്ന ഡോക്ടര്‍ സെബാസ്റ്റ്യനോട് തട്ടിക്കയറുകയും ആശുപത്രി ജീവനക്കാരോട് മോശമായി സംസാരിക്കുകയും ചെയ്തെന്നാണ് പരാതി. അറ്റന്‍ഡന്‍സ് രജിസ്റ്റര്‍ പരിശോധിക്കാന്‍ അനുമതിയില്ലാതിരുന്നിട്ടും അന്‍വര്‍ രജിസ്റ്റര്‍ പരിശോധിച്ചുവെന്നും പരാതിയില്‍ പറയുന്നു.

'താല്‍കാലിക ഡോക്ടറുടെ അറ്റന്‍ഡന്‍സ് മറ്റൊരു ബുക്കിലായിരുന്നു. ഇത് കാണാതെയാണ് അന്‍വര്‍ ഡോക്ടര്‍ ഇല്ല എന്ന നിഗമനത്തിലെത്തിയത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും രോഗികളുടെ സ്വകാര്യത ഹനിക്കുന്ന രീതിയില്‍ ചിത്രീകരണം നടത്തിയതിനും അന്‍വറിനെതിരെ കേസെടുക്കണം' എന്നാണ് സൂപ്രണ്ടിന്റെ പരാതി. സംഭവസമയത്തെ ദൃശ്യങ്ങള്‍ ശേഖരിച്ച് പോലിസ് അന്വേഷണമാരംഭിച്ചു. സംഭവത്തില്‍ പി വി അന്‍വറിനെതിരെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന രംഗത്തെത്തിയിരുന്നു.




Next Story

RELATED STORIES

Share it