Kerala

അക്രമികളായ ഭരണകൂടത്തിന്റെ കൈയ്ക്ക് പിടിക്കാൻ ആർജവം കാണിക്കണം: അർഷദ് മുഹമ്മദ് നദ്‌വി

മൗനികളായി ഭയപ്പെട്ടിരിക്കാൻ സാധ്യമല്ലെന്ന തിരിച്ചറിവ് ജനങ്ങളിലേക്ക് എത്തിക്കുകയാണ് പോപുലർ ഫ്രണ്ട് ലക്ഷ്യമിടുന്നത്. സമൂഹം യഥാർത്ഥ ശത്രുവിനെ തിരിച്ചറിയേണ്ട സാഹചര്യം അതിക്രമിച്ചിരിക്കുന്നു.

അക്രമികളായ ഭരണകൂടത്തിന്റെ കൈയ്ക്ക് പിടിക്കാൻ ആർജവം കാണിക്കണം: അർഷദ് മുഹമ്മദ് നദ്‌വി
X

തിരുവനന്തപുരം: സംഘപരിവാര ശക്തികൾ അധികാരത്തിലേറിയത് മുതൽ രാജ്യത്തെ ജനങ്ങൾ ഭീതിയിലും ഭയപ്പാടിലുമാണ് കഴിയുന്നതെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സമിതി അംഗം അർഷദ് മുഹമ്മദ് നദ്‌വി. ഭയപ്പെടരുത് അന്തസ്സോടെ ജീവിക്കുക എന്ന പ്രമേയത്തിൽ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തുന്ന ദേശീയ കാംപയിന്റെ ഭാഗമായി തിരുവനന്തപുരം സിറ്റി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജാഗ്രത സംഗമം പൂന്തുറയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അക്രമികളായ ഭരണകൂടത്തിന്റെ കൈയ്ക്ക് പിടിക്കാൻ ആർജവം കാണിക്കണം. മുൻഗാമികളായ പണ്ഡിതസൂരികൾ നമുക്ക് കാണിച്ചുതന്ന മാതൃക അതാണെന്നും ഭയപ്പെടുത്താൻ വരുന്നവന്റെ മുന്നിൽ കൈ കൂപ്പലല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പശുവിന്റെ പേരിൽ ആൾക്കൂട്ട കൊലപാതകങ്ങൾക്ക് തുടക്കം കുറിച്ചവർ ഇപ്പോൾ ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിക്കുകയും അതിന്റെ പേരിൽ ആളുകളെ കൊന്നൊടുക്കുകയുമാണ്. യു.എ.പി.എ, എൻ.ഐ.എ തുടങ്ങിയ കരിനിയമങ്ങൾ ഭേദഗതി ചെയ്യുകയും മുത്തലാഖ് ബില്ല്, ദേശീയ പൗരത്വ രജിസ്റ്റർ ബില്ല് തുടങ്ങിയവ പാർലമെൻറിൽ പാസ്സാക്കി രാജ്യത്തെ ന്യൂനപക്ഷ പിന്നോക്ക മുസ്‌ലിം ദലിത് വിഭാഗത്തെ അവരുടെ ചൊൽപടിയിൽ ഒതുക്കുവാനുളള തന്ത്രങ്ങൾ മെനഞ്ഞു കൊണ്ടിരിക്കുകയാണ്.


മൗനികളായി ഭയപ്പെട്ടിരിക്കാൻ സാധ്യമല്ലെന്ന തിരിച്ചറിവ് ജനങ്ങളിലേക്ക് എത്തിക്കുകയാണ് പോപുലർ ഫ്രണ്ട് ലക്ഷ്യമിടുന്നത്. സമൂഹം യഥാർത്ഥ ശത്രുവിനെ തിരിച്ചറിയേണ്ട സാഹചര്യം അതിക്രമിച്ചിരിക്കുന്നു. ഇന്ത്യയില്‍ ജനിച്ചവരെ രാജ്യത്തിന് പുറത്താക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നു. ഇതിന്‍റെ ഇരകളിലേറെയും മുസ്ലീംങ്ങളാണ്. ആസാമിന് പുറത്തേക്ക് പൗരത്വ രജിസ്റ്ററുമായി ബിജെപിയും ആര്‍എസ്എസും വന്നാല്‍ ജനങ്ങള്‍ തള്ളിക്കളയുന്ന സാഹചര്യമുണ്ടാക്കാന്‍ പോപുലര്‍ഫ്രണ്ട് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

പോപുലർ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് കരമന സലീം അധ്യക്ഷത വഹിച്ചു. ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ മജീദ് ഖാസിമി വിഷയാവതരണം നടത്തി. സംഘപരിവാരത്തെ നേരിടേണ്ട മാർഗമെന്തെന്ന് കാൽനൂറ്റാണ്ട് മുമ്പുതന്നെ പോപുലർ ഫ്രണ്ട് മനസ്സിലാക്കി കൊടുത്തതാണെന്നും ജനകീയ പ്രതിരോധത്തിന് മുന്നിൽ മുട്ട് മടക്കിയ ചരിത്രമാണ് അവർക്കുളളതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറിമാരായ നവാസ് തോന്നക്കൽ, ഷമീർ പോത്തൻകോട്, ഇമാംസ് കൗൺസിൽ സംസ്ഥാന സെക്രട്ടറി അഫ്സൽ ഖാസിമി, ഇബ്രാഹിം മൗലവി, സിയാദ് കണ്ടല, റാഫി കരമന, സിദ്ധീഖ് കല്ലാട്ടുമുക്ക്, പ്രോഗ്രാം കൺവീനർ അഫ്സൽ മൗലവി പൂന്തുറ പങ്കെടുത്തു.

Next Story

RELATED STORIES

Share it