Kerala

ശങ്കരന്‍മലയിലെ ഉരുള്‍പൊട്ടല്‍: നാടുണരും മുമ്പെ അവരുണര്‍ന്നു

ഭീതിയുണര്‍ത്തി മലവെള്ളം ഇരച്ചെത്തിയതോടെ പ്രദേശവാസികള്‍ ആദ്യം ബന്ധപ്പെട്ടത് പോപ്പുലര്‍ ഫ്രണ്ട് നേതൃത്വത്തെ ആയിരുന്നു.

ശങ്കരന്‍മലയിലെ ഉരുള്‍പൊട്ടല്‍: നാടുണരും മുമ്പെ അവരുണര്‍ന്നു
X

വഴിക്കടവ്: ശങ്കരന്‍മലയിലെ ഉരുള്‍പൊട്ടലിനു പിന്നാലെ ഇരുളിന്റെ മറ പിടിച്ച് പുഴ ആര്‍ത്തലച്ചെത്തിയപ്പോള്‍ രക്ഷകരായത് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍. ഭീതിയുണര്‍ത്തി മലവെള്ളം ഇരച്ചെത്തിയതോടെ പ്രദേശവാസികള്‍ ആദ്യം ബന്ധപ്പെട്ടത് പോപ്പുലര്‍ ഫ്രണ്ട് നേതൃത്വത്തെ ആയിരുന്നു. പുലര്‍ച്ചെ 4.25ഓടെയാണ് പോപുലര്‍ഫ്രണ്ട് നേതൃത്വത്തിന് അപകടം സംബന്ധിച്ച വിളിയെത്തുന്നത്. 4.35 ആവുമ്പോഴേക്ക് കനത്ത കുത്തൊഴുക്കിനെ വകഞ്ഞു മാറ്റി പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ അശ്‌റഫ്, ഹുസൈന്‍, നവാസ്, ഹസയ്ന്‍, നിസാം എന്നിവര്‍ രക്ഷാ പ്രവര്‍ത്തന ദൗത്യം ഏറ്റെടുത്ത് രംഗത്തിറങ്ങി. പ്രദേശവാസികള്‍ പലരും ഉണരുമ്പോള്‍ കാണുന്നത് യൂണിഫോം ധാരികളായ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയായിരുന്നു.



മലവെള്ളപ്പാച്ചിലില്‍ പകച്ചു നിന്ന ആളുകളെ അവര്‍ സുരക്ഷിത സ്ഥലങ്ങളില്‍ നിര്‍ത്തി ഓരോ വീട്ടിലേക്കും ഓടിച്ചെന്നു. അതിനിടയില്‍ പോലിസിനെയും ഫയര്‍ ഫോഴ്‌സിനെയും വിവരമറിയിക്കാനും മറന്നില്ല. വെള്ളത്തിലേക്ക് ഇറങ്ങുവാന്‍ തുടങ്ങിയ അവരോട് മുന്‍ അനുഭവമുള്ള പോലിസുകാരന്‍ നിങ്ങള്‍ക്കതിനു കഴിയുമെന്ന് പറഞ്ഞ് ആത്മവിശ്വാസം പകര്‍ന്നു.



എല്ലാവരെയും സുരക്ഷിത സ്ഥാനത്തേക്കു മാറ്റിക്കൊണ്ടിരിക്കെയാണ് 6.30ഓടെ ഉരുള്‍ പൊട്ടിയത്. അതോടെ വെള്ളം കൂടുതല്‍ ഉയരാന്‍ തുടങ്ങി. മലവെള്ളം മാത്രമാണെന്ന് തെറ്റിദ്ധരിച്ചു വീണ്ടും വീട്ടില്‍ ഇരുന്നവരെ ആ സമയത്ത് ജീവന്‍ പണയപ്പെടുത്തിയായിരുന്നു അവര്‍ നീന്തിച്ചെന്ന് വിവരം ധരിപ്പിച്ചത്. എല്ലാറ്റിനും മുന്‍കൈയെടുത്ത് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി എസ്ഡിപിഐ നിലമ്പൂര്‍ മണ്ഡലം പ്രസിഡന്റ് സി പി മുജീബും രംഗത്തുണ്ടായിരുന്നു.

8.15 ആയപ്പോഴേക്കും പോലിസ്‌ ട്രോമ കെയര്‍ വിഭാഗം എത്തി. അപ്പൊഴെക്കും വെള്ളത്തിന്റെ ഒഴുക്ക് നിലച്ചുതുടങ്ങിയിരുന്നു. വാര്‍ഡ് മെമ്പര്‍ ഹഖീമിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അഭിനന്ദിച്ചു.


Next Story

RELATED STORIES

Share it