Kerala

രാഷ്ട്രപതിയുടെ പോലിസ് മെഡല്‍: കേരളത്തില്‍നിന്ന് 11 പേര്‍

രാഷ്ട്രപതിയുടെ പോലിസ് മെഡല്‍: കേരളത്തില്‍നിന്ന് 11 പേര്‍
X

തിരുവനന്തപുരം: രാഷ്ട്രപതിയുടെ ഇക്കൊല്ലത്തെ പോലിസ് മെഡലിന് കേരളത്തില്‍നിന്ന് 11 പോലിസ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി. എഡിജിപി യോഗേഷ് ഗുപ്ത വിശിഷ്ടസേവനത്തിനുളള രാഷ്ട്രപതിയുടെ പോലിസ് മെഡലിന് അര്‍ഹനായി. ഐജി ജി സ്പര്‍ജന്‍ കുമാര്‍, എസ്പിമാരായ ബി കൃഷ്ണകുമാര്‍, ടോമി സെബാസ്റ്റ്യന്‍ (റിട്ട.), ഡിവൈഎസ്പിമാരായ എ അശോകന്‍ (റിട്ട.), എസ് അരുണ്‍ കുമാര്‍, ഇന്‍സ്‌പെക്ടര്‍ ബി സജി കുമാര്‍, ആംഡ് പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ കിഴക്കേ വീട്ടില്‍ ഗണേഷന്‍, സബ് ഇന്‍സ്‌പെക്ടര്‍ പി വി സിന്ധു, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍മാരായ സന്തോഷ് കുമാര്‍ സദാശിവന്‍, എം സതീശന്‍ എന്നിവര്‍ക്കാണ് സ്തുത്യര്‍ഹസേവനത്തിനുളള രാഷ്ട്രപതിയുടെ പോലിസ് മെഡല്‍ ലഭിച്ചത്.

യോഗേഷ് ഗുപ്ത നിലവില്‍ ബിവറേജസ് കോര്‍പറേഷന്‍ ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടറാണ്. ഏഴുവര്‍ഷത്തോളം ഡല്‍ഹിയിലും കൊല്‍ക്കത്തയിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍ ജോലിചെയ്തു. വിവിധ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിച്ച് തെളിയിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ എസ്പിയായും സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം, റോഡ് സേഫ്റ്റി ട്രാഫിക്ക്, ഇന്റലിജന്‍സ്, അഡ്മിനിസ്‌ട്രേഷന്‍ എന്നിവിടങ്ങളില്‍ ഐജിയായും ജോലി നോക്കി. സപ്ലൈകോ, കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ സിഎംഡി ആയിരുന്നു. സിബിഐയിലും ജോലിചെയ്തിട്ടുണ്ട്. ഐജി ജി സ്പര്‍ജന്‍കുമാര്‍ നിലവില്‍ ക്രൈംബ്രാഞ്ച് തിരുവനന്തപുരം റെയ്ഞ്ച് ഐജിയാണ്.


തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണറായി പ്രവര്‍ത്തിച്ചിച്ചുണ്ട്. ട്രാഫിക്ക് സൗത്ത് സോണ്‍ വിഭാഗം എസ്പിയായ ബി.കൃഷ്ണകുമാര്‍ ക്രൈംബ്രാഞ്ചിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്. പോലിസ് ആസ്ഥാനത്തെ സ്‌പെഷ്യല്‍ സെല്‍ എസ്.പിയുടെ അധികച്ചുമതലയും വഹിക്കുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളില്‍ ഡിവൈഎസ്പിയായി ജോലിനോക്കിയിട്ടുണ്ട്. എറണാകുളം ക്രൈംബ്രാഞ്ച് എസ്പിയായി വിരമിച്ച ടോമി സെബാസ്റ്റ്യന്‍ ട്രാഫിക്ക് സൗത്ത് സോണ്‍ എസ്പി, സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ വിജിലന്‍സ് ഓഫിസര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 2000ല്‍ മുഖ്യമന്ത്രിയുടെ പോലിസ് മെഡല്‍ ലഭിച്ചിരുന്നു.

കൊല്ലം ഡിവൈഎസ്പിയായി വിരമിച്ച എ അശോകന്‍ വിജിലന്‍സ്, കൊട്ടാരക്കര, ജില്ലാ ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്. 2016 ലും 2021 ലും മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ ലഭിച്ചിരുന്നു. ഡിവൈഎസ്പിയായ എസ് അരുണ്‍ കുമാര്‍ ഇപ്പോള്‍ പോലിസ് ട്രെയിനിങ് കോളജ് വൈസ് പ്രിന്‍സിപ്പലാണ്. ഇക്കൊല്ലത്തെ മുഖ്യമന്ത്രിയുടെ പോലിസ് മെഡല്‍ ലഭിച്ചിരുന്നു. വിജിലന്‍സ്, ക്രൈംബ്രാഞ്ച്, പോലിസ് ആസ്ഥാനം എന്നിവിടങ്ങളില്‍ ജോലിചെയ്തു. ഇന്‍സ്‌പെക്ടറായ ബി സജി കുമാര്‍ നിലവില്‍ തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ സെല്ലില്‍ ജോലിചെയ്യുന്നു.

2012 ല്‍ മുഖ്യമന്ത്രിയുടെ പോലിസ് മെഡല്‍ ലഭിച്ചിരുന്നു. കണ്ണൂര്‍ ആസ്ഥാനമായുളള കേരളാ ആംഡ് പോലിസ് നാലാം ബറ്റാലിയനിലെ ആംഡ് പോലീസ് സബ് ഇന്‍സ്‌പെക്ടറാണ് കിഴക്കേ വീട്ടില്‍ ഗണേശന്‍. 2017 ല്‍ മുഖ്യമന്ത്രിയുടെ പോലിസ് മെഡല്‍ ലഭിച്ചിരുന്നു. നിലവില്‍ തൃശ്ശൂര്‍ സിറ്റി വനിതാ പോലിസ് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടറാണ് പി വി സിന്ധു 2017 ല്‍ മുഖ്യമന്ത്രിയുടെ പോലിസ് മെഡല്‍ ലഭിച്ചിരുന്നു. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറായ എസ് സന്തോഷ് കുമാര്‍ നിലവില്‍ വിജിലന്‍സ് തിരുവനന്തപുരം മരുതംകുഴി യൂനിറ്റില്‍ ജോലിനോക്കിവരികയാണ്. 2009ല്‍ മുഖ്യമന്ത്രിയുടെ പോലിസ് മെഡല്‍ ലഭിച്ചിരുന്നു. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറായ എം സതീശന്‍ തൃശ്ശൂര്‍ റൂറലിലെ കൊരട്ടി പോലിസ് സ്‌റ്റേഷനിനാണ്. 2013ല്‍ മുഖ്യമന്ത്രിയുടെ പോലിസ് മെഡല്‍ ലഭിച്ചിരുന്നു.

Next Story

RELATED STORIES

Share it