Kerala

ദുര്‍ബലവിഭാഗത്തിലെ കുട്ടികള്‍ക്കെതിരായ അതിക്രമം തടയല്‍; 'കവചം' പദ്ധതിയുമായി കേരളാ പോലിസ്

പോക്‌സോ കേസുകളില്‍ അന്വേഷണനിലവാരം ഉയര്‍ത്തുന്നതിന് വനിതാ പോലിസ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. പോക്‌സോ കേസുകളില്‍ മേല്‍നോട്ടം വഹിക്കുന്നതിനും മികച്ച അന്വേഷണത്തിനും വിചാരണയുടെ മേല്‍നോട്ടത്തിനുമായി സമര്‍ഥരായ ഉദ്യോഗസ്ഥരെ നിയോഗിക്കും.

ദുര്‍ബലവിഭാഗത്തിലെ കുട്ടികള്‍ക്കെതിരായ അതിക്രമം തടയല്‍; കവചം പദ്ധതിയുമായി കേരളാ പോലിസ്
X

തിരുവനന്തപുരം: ദുര്‍ബലവിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ ശാരീരിക ലൈംഗികപീഡനങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും ഇരയാവുന്നത് തടയാന്‍ 'കവചം' എന്ന പേരില്‍ കേരളാ പോലിസ് പുതിയ പദ്ധതി നടപ്പാക്കും. കണ്ണൂര്‍ റെയ്ഞ്ചില്‍ നടപ്പാക്കിയ പദ്ധതിയാണ് സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്നത്. തുടര്‍നടപടികള്‍ക്ക് ജില്ലാ പോലിസ് മേധാവിമാരെ ചുമതലപ്പെടുത്തി. പദ്ധതിയുടെ പുരോഗതി സോഷ്യല്‍ പോലിസിങ് വിഭാഗം ഐജി വിലയിരുത്തും. ഇതിന്റെ ഭാഗമായി ദുര്‍ബലവിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളെ തിരിച്ചറിയാനും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും കൗണ്‍സിലിങ് നല്‍കാനും നടപടികള്‍ സ്വീകരിക്കും. ഇത്തരം കുടുംബങ്ങള്‍ക്ക് സമൂഹത്തിലെ മറ്റു വിഭാഗക്കാരുമായി പരസ്പരബന്ധവും വിശ്വാസ്യതയും സ്ഥാപിക്കുന്നതിന് ബീറ്റ് ഓഫിസര്‍മാര്‍ മുന്‍കൈയെടുക്കും.

പ്രത്യേക കാരണമില്ലാതെ സ്‌കൂളില്‍ വരാത്ത കുട്ടികളെയും പ്രവൃത്തിസമയം അവസാനിക്കുന്നതിനു മുമ്പ് സ്‌കൂള്‍ വിട്ടുപോവുന്ന കുട്ടികളെയും കണ്ടെത്താന്‍ സ്‌കൂള്‍ സുരക്ഷാസമിതികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികള്‍ സ്‌കൂളുകളില്‍ പോവുകയും വരികയും ചെയ്യുന്ന സമയത്ത് അവരോട് ചങ്ങാത്തം കൂടാന്‍ വരുന്നവരെ പ്രത്യേകം നിരീക്ഷിക്കും. പോക്‌സോ കേസുകളില്‍ അന്വേഷണനിലവാരം ഉയര്‍ത്തുന്നതിന് വനിതാ പോലിസ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. പോക്‌സോ കേസുകളില്‍ മേല്‍നോട്ടം വഹിക്കുന്നതിനും മികച്ച അന്വേഷണത്തിനും വിചാരണയുടെ മേല്‍നോട്ടത്തിനുമായി സമര്‍ഥരായ ഉദ്യോഗസ്ഥരെ നിയോഗിക്കും. പോക്‌സോ നിയമപ്രകാരം ക്രൈം കേസുകള്‍ റിപോര്‍ട്ട് ചെയ്യുമ്പോള്‍ കുറ്റവാളികളുടെ രജിസ്‌ട്രേഷനും നിരീക്ഷണവും കര്‍ശനമായി നടത്താനും സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി.

Next Story

RELATED STORIES

Share it