Kerala

ഇന്ന് അനുകൂലതീരുമാനമുണ്ടായില്ലെങ്കില്‍ നിരാഹാരസമരം; ചര്‍ച്ചയില്‍ മന്ത്രി കടകംപള്ളിയില്‍നിന്നുണ്ടായത് പ്രതികൂല സമീപനമെന്ന് ഉദ്യോഗാര്‍ഥികള്‍

എല്‍ജിഎസ് ഉദ്യോഗാര്‍ഥികളുടെ ആവശ്യത്തെത്തുടര്‍ന്ന് മന്ത്രി കാണാന്‍ സമയം അനുവദിക്കുകയായിരുന്നു. എന്നാല്‍, അനുകൂലമായ സമീപനമല്ല മന്ത്രിയില്‍നിന്നുണ്ടായതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു. മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം തങ്ങളെ വല്ലാതെ വിഷമിപ്പിക്കുകയും ഞെട്ടിക്കുകയും ചെയ്തുവെന്ന് ഉദ്യോഗാര്‍ഥികളുടെ പ്രതിനിധി ലയ രാജേഷ് പറഞ്ഞു.

ഇന്ന് അനുകൂലതീരുമാനമുണ്ടായില്ലെങ്കില്‍ നിരാഹാരസമരം; ചര്‍ച്ചയില്‍ മന്ത്രി കടകംപള്ളിയില്‍നിന്നുണ്ടായത് പ്രതികൂല സമീപനമെന്ന് ഉദ്യോഗാര്‍ഥികള്‍
X

തിരുവനന്തപുരം: പിഎസ്‌സി നിയമനം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സമരം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി ഉദ്യോഗാര്‍ഥികള്‍. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ സംബന്ധിച്ച് ഇന്ന് ഉത്തരവായി ഇറങ്ങിയില്ലെങ്കില്‍ നിരാഹാരസമരവുമായി മുന്നോട്ടുപോവുമെന്ന് ഉദ്യോഗാര്‍ഥികള്‍ മുന്നറിയിപ്പ് നല്‍കി. സര്‍ക്കാരില്‍നിന്ന് അനുകൂല തീരുമാനമുണ്ടാവുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗാര്‍ഥികള്‍. അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ വൈകുന്നേരം മുതല്‍ നിരാഹാര സമരം ആരംഭിക്കാനാണ് തീരുമാനം. യൂത്ത് കോണ്‍ഗ്രസും നിരാഹാരസമരം തുടരുകയാണ്.

അതേസമയം, സമരംചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ മന്ത്രി കടകംപളളി സുരേന്ദ്രനുമായി ചര്‍ച്ച നടത്തി. ഇന്ന് രാവിലെ മന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു ചര്‍ച്ച. എല്‍ജിഎസ് ഉദ്യോഗാര്‍ഥികളുടെ ആവശ്യത്തെത്തുടര്‍ന്ന് മന്ത്രി കാണാന്‍ സമയം അനുവദിക്കുകയായിരുന്നു. എന്നാല്‍, അനുകൂലമായ സമീപനമല്ല മന്ത്രിയില്‍നിന്നുണ്ടായതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു. മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം തങ്ങളെ വല്ലാതെ വിഷമിപ്പിക്കുകയും ഞെട്ടിക്കുകയും ചെയ്തുവെന്ന് ഉദ്യോഗാര്‍ഥികളുടെ പ്രതിനിധി ലയ രാജേഷ് പറഞ്ഞു.

മന്ത്രിയെ കാര്യങ്ങള്‍ ധരിപ്പിക്കുന്നതിനിടയില്‍ റാങ്ക് എത്രയാണെന്ന് ചോദിച്ചതായും റാങ്ക് ലിസ്റ്റ് പത്തുവര്‍ഷത്തേക്ക് നീട്ടുകയാണെങ്കില്‍കൂടി താങ്കള്‍ക്ക് ജോലി ലഭിക്കില്ലെന്നും പിന്നെന്തിനാണ് സമരവുമായി മുന്നോട്ടുപോവുന്നതെന്നും മന്ത്രി ചോദിച്ചതായും ലയ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 28 ദിവസമായി ഉദ്യോഗാര്‍ഥികള്‍ നടത്തുന്ന സമരത്തിന്റെ സത്യാവസ്ഥയെക്കുറിച്ച് ആര്‍ക്കും മനസ്സിലായിട്ടില്ലെന്നാണ് മന്ത്രിയുടെ പ്രതികരണത്തില്‍നിന്ന് മനസ്സിലാകുന്നതെന്നും ലയ പറഞ്ഞു. സര്‍ക്കാരിനെ കരിവാരിത്തേക്കാന്‍ നടത്തുന്ന സമരമെന്ന പ്രതീതിയാണ് മന്ത്രിയുടെ വാക്കുകളില്‍നിന്നുണ്ടായത്.

എന്നാല്‍, ഇത് സര്‍ക്കാരിനെതിരേ നടത്തുന്ന സമരമല്ലെന്ന് ഉദ്യോഗാര്‍ഥികള്‍ വ്യക്തമാക്കി. ചീഫ് സെക്രട്ടറി തലത്തില്‍ ഇന്ന് യോഗം വിളിക്കുന്നുണ്ടെന്നും ഓരോ വകുപ്പിലെയും സെക്രട്ടറിമാരുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി അറിയിച്ചതായും ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു. സമരക്കാര്‍ ഉന്നയിച്ച ആവശ്യങ്ങളെല്ലാം പരിഗണിക്കാമെന്നും ചില കാര്യങ്ങളില്‍ നടപടി അന്തിമഘട്ടത്തിലാണെന്നുമാണ് സര്‍ക്കാര്‍ നല്‍കിയ ഉറപ്പ്. ഉദ്യോഗസ്ഥതല ചര്‍ച്ച തൃപ്തികരമായിരുന്നുവെന്നും ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഉടന്‍ ഉത്തരവുണ്ടാവുമെന്നും മന്ത്രി എ കെ ബാലന്‍ ഇന്നലെ പറഞ്ഞിരുന്നു.

ചര്‍ച്ചയ്ക്ക് ശേഷവും സിപിഒ, എല്‍ജിഎസ്, അധ്യാപക റാങ്ക് ലിസ്റ്റിലെ ഉദ്യോഗാര്‍ഥികള്‍ സമരം തുടരുകയാണ്. പിഎസ്‌സി ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ് ഉദ്യോഗാര്‍ഥികളുടെ സമരം 28 ദിവസം പിന്നിട്ടു. 14ാം ദിവസത്തിലാണ് സിവില്‍ പോലിസ് റാങ്ക് ഹോള്‍ഡേഴ്‌സിന്റെ പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് നിരാഹാരം ഒമ്പതാം ദിവസവും തുടരുകയാണ്. ആരോഗ്യനില വഷളായ സാഹചര്യത്തില്‍ ആശുപത്രിയിലേക്ക് മാറാന്‍ എംഎല്‍എമാരായ ഷാഫി പറമ്പിലിനോടും കെ എസ് ശബരിനാഥനോടും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും സമരം തുടരാനാണ് തീരുമാനം.

Next Story

RELATED STORIES

Share it