Kerala

മല്‍സ്യം വില്‍ക്കാന്‍ അനുവദിച്ചില്ല; പുല്ലുവിളയില്‍ പ്രതിഷേധവുമായി ജനം തെരുവിലിറങ്ങി (വീഡിയോ)

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇവിടെ മല്‍സ്യ ബന്ധനം നിരോധിച്ചതിനാല്‍ കുടുംബങ്ങള്‍ പട്ടിണിയിലായിരുന്നു. ഇതിനിടെ ജില്ലാ കലക്ടര്‍ നവജ്യോത് ഖോസ ഇന്നു മുതല്‍ മീന്‍ പിടിക്കാന്‍ അനുമതി നല്‍കിയിരുന്നു.

മല്‍സ്യം വില്‍ക്കാന്‍ അനുവദിച്ചില്ല;  പുല്ലുവിളയില്‍ പ്രതിഷേധവുമായി ജനം തെരുവിലിറങ്ങി (വീഡിയോ)
X

തിരുവനന്തപുരം: കൊവിഡ് സമൂഹ വ്യാപനം റിപ്പോര്‍ട്ട് ചെയ്ത തിരുവനന്തപുരം ജില്ലയിലെ തീരദേശ പ്രദേശമായ പുല്ലുവിളയില്‍ പ്രതിഷേധവുമായി ജനം തെരുവിലിറങ്ങി. പോലിസ് ബാരിക്കേഡുകള്‍ തകര്‍ത്ത നാട്ടുകാര്‍ പോലിസുകാരെ ഓടിച്ചു.


കഴിഞ്ഞ ഒരു മാസമായി ഈ പ്രദേശം കണ്ടെയിന്‍മെന്റ് സോണിലാണ്. മല്‍സ്യബന്ധനമാണ് പ്രദേശമാസികളുടെ ഏക വരുമാനമാര്‍ഗം. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇവിടെ മല്‍സ്യ ബന്ധനം നിരോധിച്ചതിനാല്‍ കുടുംബങ്ങള്‍ പട്ടിണിയിലായിരുന്നു. ഇതിനിടെ ജില്ലാ കലക്ടര്‍ നവജ്യോത് ഖോസ ഇന്നു മുതല്‍ മീന്‍ പിടിക്കാന്‍ അനുമതി നല്‍കിയിരുന്നു. ഇതുപ്രകാരം മല്‍സ്യബന്ധനം നടത്തിയ ശേഷം കരയ്‌ക്കെത്തിച്ച മല്‍സ്യങ്ങള്‍ വില്‍ക്കാന്‍ കഴിയാതെ വന്നതാണ് പ്രദേശവാസികളെ ചൊടുപ്പിച്ചത്.

മല്‍സ്യം വാങ്ങാന്‍ പുറത്തു നിന്ന് ആരേയും പോലിസ് കടത്തിവിടില്ല. പുറത്തേക്ക് മത്സ്യം കൊണ്ടുപോകാനും അനുമതി നല്‍കിയില്ല. ഇതേത്തുടര്‍ന്ന് രോഷാകുലരായ ജനക്കൂട്ടം റോഡിലിറങ്ങി ബാരിക്കേഡുകള്‍ തകര്‍ക്കുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസുകാരെ വിരട്ടിയോടിക്കുകയുമായിരുന്നു. കൊവിഡ് രോഗം റിപോര്‍ട്ട് ചെയ്തതോടെ കാഞ്ഞിരംകുളം പോലിസ് സ്‌റ്റേഷന്‍ അടച്ചതിനാല്‍ 15 ന് താഴെ പോലിസുകാരാണ് പുല്ലുവിള മേഖലയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നത്. വിവരമറിഞ്ഞ് നെയ്യാറ്റിന്‍കര ഡിവൈഎസ്പിയും സ്ഥലത്തെത്തിയെങ്കിലും വാഹനത്തില്‍ നിന്നിറങ്ങാന്‍ പോലും അനുവദിക്കാതെ അദ്ദേഹത്തേയും ജനക്കൂട്ടം തിരിച്ചയച്ചു. പുല്ലുവിളയില്‍ പതിനായിരം പേര്‍ക്ക് കൊവിഡ് ബാധിച്ചെന്ന് കഴിഞ്ഞ ദിവസം പ്രചരണം നടന്നിരുന്നു. ഇതും പ്രദേശവാസികളുടെ പ്രതിഷേധത്തിന് കാരണമായി. വൈകീട്ടോടെ ജില്ലാ കലക്ടര്‍ സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. ആഴ്ചകള്‍ക്ക് മുമ്പ് പുന്തൂറയിലും പ്രദേശവാസികള്‍ സമാനരീതിയില്‍ സംഘടിച്ചിരുന്നു.

Next Story

RELATED STORIES

Share it