Kerala

മഴക്കെടുതി: കോട്ടയം ജില്ലയില്‍ 46.06 കോടിയുടെ നഷ്ടം; 1,500.68 ഹെക്ടര്‍ കൃഷി നശിച്ചു, ക്ഷീരമേഖലയിലും വന്‍നാശം

ജില്ലയില്‍ രണ്ട് വീടുകള്‍ പൂര്‍ണമായും 107 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഇതുവഴി 1.15 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കിയത്. 1500.68 ഹെക്ടര്‍ കൃഷി നശിച്ചതുവഴി 35.51 കോടി നഷ്ടമുണ്ടായി.

മഴക്കെടുതി: കോട്ടയം ജില്ലയില്‍ 46.06 കോടിയുടെ നഷ്ടം; 1,500.68 ഹെക്ടര്‍ കൃഷി നശിച്ചു, ക്ഷീരമേഖലയിലും വന്‍നാശം
X

കോട്ടയം: കാലവര്‍ഷം ശക്തിപ്രാപിച്ചതിനെത്തുടര്‍ന്നുണ്ടായ കെടുതികളില്‍ കോട്ടയം ജില്ലയില്‍ വ്യാപകനാശനഷ്ടങ്ങള്‍. നിരവധി വീടുകള്‍ പൂര്‍ണമായും ഭാഗികമായും തകര്‍ന്നു. ഹെക്ടര്‍ കണക്കിന് കൃഷിയാണ് നശിച്ചത്. കൂടാതെ പൊതുമരാമത്ത് റോഡുകളും വൈദ്യുതി വിതരണ സംവിധാനങ്ങള്‍ക്കും നാശമുണ്ടായി. ക്ഷീരമേഖലയിലും വന്‍നാശനഷ്ടമുണ്ടായതായാണ് റിപോര്‍ട്ടുകള്‍. പ്രാഥമിക കണക്കുകള്‍ പ്രകാരം വിവിധ മേഖലകളിലായി 46.06 കോടിയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. വിശദമായ വിവരശേഖരണം കഴിയുമ്പോള്‍ നഷ്ടത്തിന്റെ കണക്ക് ഇനിയും ഉയരുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്.

ജില്ലയില്‍ രണ്ട് വീടുകള്‍ പൂര്‍ണമായും 107 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഇതുവഴി 1.15 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കിയത്. 1500.68 ഹെക്ടര്‍ കൃഷി നശിച്ചതുവഴി 35.51 കോടി നഷ്ടമുണ്ടായി. പലയിടത്തും വലിയതോതില്‍ മടവീഴ്ചയുണ്ടായി. കല്ലറ 110 പാടശേഖരത്തില്‍ വന്‍തോതില്‍ മടവീഴ്ചയുണ്ടായതിനെത്തുടര്‍ന്ന് താല്‍ക്കാലികമായി മണ്‍ചാക്ക് നിരത്തിയാണ് ജലം തടഞ്ഞുനിര്‍ത്തിയത്. ഇവിടെ മാത്രം 500 ഹെക്ടറിലെ 12- 45 ദിവസവളര്‍ച്ചയുള്ള നെല്‍ച്ചെടികള്‍ വെള്ളത്തില്‍ മുങ്ങി. കൊയ്യാന്‍ പാകത്തിനായിരുന്ന നെല്‍ച്ചെടികള്‍ പൂര്‍ണമായും വെള്ളത്തിലായി. വൈദ്യുതി വിതരണം സംവിധാനങ്ങള്‍ തകരാറിലായതിനെത്തുടര്‍ന്ന് 12.77 ലക്ഷത്തിന്റെ നാശമാണ് രേഖപ്പെടുത്തിയത്.

പൊതുമരാമത്ത് റോഡുകള്‍ തകരാറിലായതുമൂലം 5.31 കോടിയുടെ നഷ്ടമുണ്ടായി. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ചെറുകിട ജലസേചനത്തിലുണ്ടായ തകരാറുകള്‍ക്ക് 1.2 കോടിയുടെ പ്രാഥമിക നഷ്ടമാണ് കണക്കാക്കുന്നത്. 2.72 കോടിയുടെ ഗ്രാമീണറോഡുകള്‍ നശിച്ചു. കലുങ്കുകള്‍ക്കുള്ള നഷ്ടം 5.5 ലക്ഷമാണ്. മഴക്കെടുതിയില്‍ കോട്ടയം ജില്ലയിലെ ക്ഷീരമേഖലയില്‍ വന്‍നാശനഷ്ടമുണ്ടായതായാണ് റിപോര്‍ട്ടുകള്‍. വൈക്കം, പള്ളം, മാഞ്ഞൂര്‍, കടുത്തുരുത്തി, ഏറ്റുമാനൂര്‍ ക്ഷീരവികസന ബ്ലോക്കുകളിലാണ് കൂടുതല്‍ നഷ്ടമുണ്ടായത്.

കാറ്റില്‍ മരം വീണ് 40 കന്നുകാലി തൊഴുത്തുകള്‍ തകര്‍ന്നു. മൂന്ന് പശുക്കള്‍ വെള്ളത്തില്‍വീണ് ചത്തു. വെള്ളം കയറിയതു മൂലം അയ്മനം, വില്ലൂന്നി പ്രദേശങ്ങളിലെ നാല് ക്ഷീരസംഘങ്ങളുടെ പ്രവര്‍ത്തനം തടസപ്പെട്ടു. സംഘങ്ങളിലെ കാലിത്തീറ്റ ശേഖരവും നശിച്ചു. പല സ്ഥലങ്ങളിലും തൊഴുത്തുകളില്‍ വെള്ളം നിറഞ്ഞുകിടക്കുകയാണ്. എഴുമാംതുരുത്ത്, ആയാംകുടി, കപിക്കാട് പ്രദേശങ്ങളിലെ പുല്‍കൃഷി തോട്ടങ്ങളും വെള്ളത്തില്‍ മുങ്ങി. രണ്ടുദിവസമായി പാല്‍ ഉല്‍പാദനത്തിലും കുറവ് വന്നിട്ടുണ്ട്. 1200 ലിറ്റര്‍ വീതം കുറഞ്ഞതായാണ് കണക്ക്.

Next Story

RELATED STORIES

Share it