Kerala

ഗവർണറെ തിരിച്ചുവിളിക്കണം; പ്രമേയത്തിൽ പ്രതിപക്ഷം ഉറച്ചുനിൽക്കുന്നതായി ചെന്നിത്തല

റിപ്പബ്ലിക് ദിന പ്രസംഗത്തിൽ ഗവർണർ മുഖ്യമന്ത്രിയെ പുകഴ്ത്തിയതിൽ അസ്വാഭാവികതയുണ്ട്. മൈ ഗവൺമെന്റ് എന്ന് ഗവർണർ പറയുമ്പോൾ മൈ ഗവർണർ എന്ന സമീപനമാണ് മുഖ്യമന്ത്രിക്ക്.

ഗവർണറെ തിരിച്ചുവിളിക്കണം; പ്രമേയത്തിൽ പ്രതിപക്ഷം ഉറച്ചുനിൽക്കുന്നതായി ചെന്നിത്തല
X

തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിനെതിരെ നിയമസഭ ഏകകണ്ഠമായി പാസാക്കിയ പ്രമേയത്തെ അവഹേളിച്ച ഗവർണറെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം നിയമസഭ ചർച്ച ചെയ്ത് പാസാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ഇക്കാര്യത്തിൽ കുറ്റകരമായ മൗനമാണ് പുലർത്തുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ഗവർണറെ തിരിച്ചു വിളിക്കണമെന്ന പ്രമേയത്തിൽ പ്രതിപക്ഷം ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രമേയം പാസാക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

റിപ്പബ്ലിക് ദിന പ്രസംഗത്തിൽ ഗവർണർ മുഖ്യമന്ത്രിയെ പുകഴ്ത്തിയതിൽ അസ്വാഭാവികതയുണ്ട്. മൈ ഗവൺമെന്റ് എന്ന് ഗവർണർ പറയുമ്പോൾ മൈ ഗവർണർ എന്ന സമീപനമാണ് മുഖ്യമന്ത്രിക്ക്. കർണാടക തമിഴ്‌നാട് നിയമസഭകളിൽ മുൻപ് ഗവർണർക്കെതിരെ പ്രമേയം പാസാക്കിയിരുന്നു. കേരളത്തിൽ ഗവർണർ രാംദുലാരി സിൻഹയ്‌ക്കെതിരായ പ്രമേയം പാസാക്കിയപ്പോൾ ഗവർണറെ തിരിച്ചുവിളിക്കാൻ പ്രമേയം പാസാക്കാൻ സഭയ്ക്ക് അധികാരമുണ്ടെന്ന് വർക്കല രാധാകൃഷ്ണൻ റൂളിംഗ് നൽകിയ കാര്യം ചെന്നിത്തല ഓർമിപ്പിച്ചു.

താൻ കലക്കവെള്ളത്തിൽ മീൻപിടിക്കുകയാണെന്ന പാർലമെന്ററി കാര്യമന്ത്രി എ കെ ബാലന്റെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണെന്നും ചെന്നിത്തല പറഞ്ഞു. സർക്കാരിനെയും സഭയെയും നിരന്തരം അവഹേളിക്കുന്ന ഗവർണറുടെ നടപടിയെ ബഹുമതിയായാണ് മന്ത്രി ബാലൻ കാണുന്നത്. ഫെഡറലിസത്തിനെതിരായ മോദി അമിത്ഷാ കൂട്ടുകെട്ടിന്റെ പ്രതിനിധിയായാണ് ഗവർണർ പ്രവർത്തിക്കുന്നത്. നരേന്ദ്രമോദിയോട് പല കാര്യങ്ങളിലും മൃദുസമീപനം പുലർത്തുന്ന നയമാണ് പിണറായി കൈക്കൊള്ളുന്നത്. ഇത് അങ്ങേയറ്റം ആപൽക്കരമാണെന്നും ചെന്നിത്തല പറഞ്ഞു.

ഗവർണറെ പുറത്താക്കാൻ പ്രമേയാവതരണത്തിന് അനുമതി തേടിയതിനെതിരെ വലിയ വിമർശനമാണ് ഇടത് മുന്നണി കൺവീനറും നടത്തിയത്. വിസിലടിക്കും മുമ്പേ ഗോളടിക്കാൻ പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നു എന്ന ആരോപണം അതേ നിലപാടോടെ തള്ളിക്കളയുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. രാഷ്ട്രീയം കളിക്കുന്നത് ഇടത് മുന്നണിയും എ കെ ബാലനുമാണെന്നും രമേശ് ചെന്നിത്തല മറുപടി നൽകി.

കേരള നിയമസഭയുടെ അന്തസ് ഉയർത്തിപ്പിടിക്കാൻ വേണ്ടിയാണ് പുറത്താക്കൽ പ്രമേയത്തിന് നോട്ടീസ് നൽകിയത്. അത് മുഖ്യമന്ത്രിയായിരുന്നു കൊണ്ടുവരേണ്ടിയിരുന്നത്. സഭയുടെ അന്തസ് കാക്കാൻ സഭാ നേതാവിന് കഴിയാതിരുന്നപ്പോഴാണ് പ്രതിപക്ഷ നേതാവിന് പ്രമേയാനുമതി തേടേണ്ടി വന്നത്. സർക്കാർ പൂർണ്ണ മനസോടെ പ്രമേയത്തെ പിന്തുണക്കുമെന്നാണ് പ്രതീക്ഷയെന്നും ചെന്നിത്തല വ്യക്തമാക്കി.

Next Story

RELATED STORIES

Share it