Kerala

ബിനീഷ് കോടിയേരിയുടെ ഭാര്യ വീട്ടുതടങ്കലിലെന്ന് ബന്ധുക്കള്‍; വീടിന് മുന്നില്‍ പ്രതിഷേധം തുടരുന്നു

ബിനീഷിൻ്റെ രണ്ടര വയസുകാരിയായ മകളെ 24 മണിക്കൂർ ഭക്ഷണം പോലും നൽകാതെ തടഞ്ഞുവച്ചുവെന്ന പരാതി ലഭിച്ചതിനെ തുടർന്ന് ബാലാവകാശ കമ്മീഷനും സ്ഥലത്തെത്തി.

ബിനീഷ് കോടിയേരിയുടെ ഭാര്യ വീട്ടുതടങ്കലിലെന്ന് ബന്ധുക്കള്‍; വീടിന് മുന്നില്‍ പ്രതിഷേധം തുടരുന്നു
X

തിരുവനന്തപുരം: ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ വീടിന് മുന്നിൽ ബന്ധുക്കളുടെ പ്രതിഷേധം. റെയ്ഡ് നടക്കുന്ന വീടിനുള്ളിലുള്ള ബിനിഷിൻ്റെ ഭാര്യയേയും കുട്ടിയേയും കാണണമെന്നാവശ്യപ്പെട്ട് പോലിസ് ഉദ്യോഗസ്ഥരുമായി ബന്ധുക്കൾ വാക്കേറ്റമുണ്ടായി.

ഇഡിക്കൊപ്പം കർണാടക പോലിസും സിആർപിഎഫും ബിനീഷിന്റെ വീട്ടിലുണ്ട്. കഴിഞ്ഞ 23 മണിക്കൂറായി അന്വേഷണസംഘം ബിനീഷിന്റെ വീട്ടിൽ നടത്തുകയാണ്. ബന്ധുക്കളുടെ പ്രതിഷേധത്തെ തുടർന്ന് പൂജപ്പുരയിൽ നിന്നുള്ള പോലിസ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.


ബിനീഷിനെതിരെ കൃത്രിമ തെളിവുണ്ടാക്കാനുള്ള എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിന്റെ (ഇഡി) ശ്രമത്തിന് വഴങ്ങില്ലെന്ന് ബിനീഷിന്റെ ഭാര്യ പറഞ്ഞു. ലഹരി കടത്തുകേസ്‌ പ്രതി അനൂപ്‌ മുഹമ്മദിന്റെ പേരിലുള്ള ക്രെഡിറ്റ്‌‌ കാർഡ്‌ ഇഡി ഉദ്യോഗസ്ഥരുടെ കൈയിലുണ്ടായിരുന്നു. ഇത്‌ വീട്ടിൽനിന്ന്‌ ലഭിച്ചതായി രേഖപ്പെടുത്തി ഒപ്പിട്ട്‌ നൽകണമെന്ന ആവശ്യം ബിനീഷിന്റെ ഭാര്യ അംഗീകരിച്ചില്ല. ബിനീഷിൻ്റെ ഭാര്യയെ ഇഡി മുറിയിൽ പൂട്ടിയിട്ട് ഒപ്പിടാൻ ഭീഷണിപ്പെടുത്തുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു. ഇഡി ഉദ്യോഗസ്ഥർ പുറത്തു നിന്ന് രേഖകൾ കൊണ്ടുവന്നു. കൊന്നാലും അതിൽ ഒപ്പിടിലെന്ന് ഇഡിയുടെ കസ്റ്റഡിയിൽ നിന്ന് പുറത്തിറങ്ങിയ ബന്ധു പറഞ്ഞു. ബിനീഷിൻ്റെ രണ്ടര വയസുകാരിയായ മകളെ 24 മണിക്കൂർ ഭക്ഷണം പോലും നൽകാതെ തടഞ്ഞുവച്ചുവെന്ന പരാതി ലഭിച്ചതിനെ തുടർന്ന് ബാലാവകാശ കമ്മീഷനും സ്ഥലത്തെത്തി.

അതേസമയം, അകത്തേക്ക് പ്രവേശിക്കാൻ ഉദ്യോഗസ്ഥർ ബന്ധുക്കൾക്ക് അനുമതി നൽകിയില്ല. അകത്തുള്ളവരെ കാണാൻ ഇപ്പോ സാധിക്കില്ലെന്നാണ് ഉദ്യോഗസ്ഥർ ബന്ധുക്കളെ അറിയിച്ചത്. അനുമതി നൽകുന്നതുവരെ ഗേറ്റിന് പുറത്ത് കുത്തിയിരിക്കുമെന്ന് ബന്ധുക്കൾ പ്രതികരിച്ചു. വീടിന് മുന്നിൽ സിആർപിഎഫ് ഉദ്യോഗസ്ഥർ കാവൽ നിൽക്കുകയാണ്.

എന്നാൽ ബന്ധുക്കളെ ഇപ്പോൾ കാണേണ്ടെന്നാണ് ബിനീഷിന്റെ ഭാര്യ പറഞ്ഞതെന്ന് ഇഡി ഉദ്യോഗസ്ഥർ പോലിസിനെ അറിയിക്കുകയും അത് ബന്ധുക്കളെ അറിയിക്കുകയുമായിരുന്നു. ഇത് ഭീഷണിപ്പെടുത്തി പറയിച്ചതായാകാമെന്നും ബന്ധുക്കൾ പറയുന്നു. രാത്രിയോടെ റെയ്ഡ് അവസാനിച്ചെങ്കിലും കണ്ടെടുത്ത രേഖകളും മറ്റും രേഖപ്പെടുത്തി മഹസറിൽ ഒപ്പിടാൻ ബിനീഷിന്റെ ഭാര്യ വിസമ്മതിച്ചു. വീട്ടിൽ നിന്ന് ക്രെഡിറ്റ് കാർഡ് കണ്ടെടുത്തുവെന്നും ഇത് പ്രതി അനൂപ് മുഹമ്മദിന്റേതാണെന്നുമാണ് റിപ്പോർട്ട്.

വീട്ടിനുള്ളിൽ എന്താണ് നടക്കുന്നതെന്ന് ഞങ്ങൾക്കറിയണമെന്ന് ബന്ധുക്കൾ ആവശ്യപ്പെടുന്നു. രണ്ട് സ്ത്രീകളും രണ്ടര വയസ്സുള്ള കുട്ടി പോലും വീടിനുള്ളിലുണ്ട്. അവർക്ക് എന്ത് സംഭവിച്ചുവെന്ന് അറിയണം. വീട്ടുതടങ്കലിൽ വെച്ചത് പോലെയാണ് ഇപ്പോഴുള്ളത്. ഫോണിലൂടെ ബന്ധപ്പെടാൻ പോലും സാധിക്കുന്നില്ല. നിയമനടപടിയുമായി മുന്നോട്ടുപോവും. മനുഷ്യത്വത്തിന്റെ പേരിലെങ്കിലും ഉള്ളിലുള്ളവരെ കാണാൻ അനുവദിക്കണമെന്നും ബന്ധുക്കൾ പറഞ്ഞു. ക്രെഡിറ്റ് കാർഡ് അവർ കൊണ്ടുവച്ചതായിരിക്കും. കാർഡ് വീട്ടിൽ നിന്ന് കണ്ടെത്തിയതാണെന്ന് സമ്മതിക്കില്ലെന്ന് ബിനീഷിന്റെ അമ്മയുടെ സഹോദരി പറഞ്ഞത്.

Next Story

RELATED STORIES

Share it