Sub Lead

മതപരമായ വസ്ത്രങ്ങള്‍ മതേതര നിലപാടിന് തിരിച്ചടിയാകും;സ്റ്റുഡന്റ് പോലിസ് കേഡറ്റില്‍ ഹിജാബും ഫുള്‍ സ്ലീവും അനുവദിക്കില്ലെന്ന് സര്‍ക്കാര്‍

സ്റ്റുഡന്റ് പോലിസ് കേഡറ്റ് യൂണിഫോമില്‍ ഹിജാബും മുഴുനീളക്കൈയുള്ള ഉടുപ്പും അനുവദിക്കണമെന്ന് കാട്ടി കുറ്റിയാടി ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ഥിനി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് സംസ്ഥാന സര്‍ക്കാര്‍ നയം വ്യക്തമാക്കിയത്

മതപരമായ വസ്ത്രങ്ങള്‍ മതേതര നിലപാടിന് തിരിച്ചടിയാകും;സ്റ്റുഡന്റ് പോലിസ് കേഡറ്റില്‍ ഹിജാബും ഫുള്‍ സ്ലീവും അനുവദിക്കില്ലെന്ന് സര്‍ക്കാര്‍
X

തിരുവനന്തപുരം: കേരളാ പോലിസിന്റെ കീഴിലുള്ള സ്റ്റുഡന്റ് പോലിസ് കേഡറ്റ് പദ്ധതിയില്‍ മതപരമായ വേഷം അനുവദിക്കില്ലെന്ന് സംസ്ഥാനസര്‍ക്കാര്‍. ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമാണ് സ്റ്റുഡന്റ് പോലിസ് കേഡറ്റുകളുടെ വേഷമെന്നും, മതപരമായ ഒരു ചിഹ്നങ്ങളും ഈ യൂണിഫോമില്‍ അനുവദിക്കില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.

സ്റ്റുഡന്റ് പോലിസ് കേഡറ്റ് യൂണിഫോമില്‍ ഹിജാബും മുഴുനീളക്കൈയുള്ള ഉടുപ്പും അനുവദിക്കണമെന്ന് കാട്ടി കുറ്റിയാടി ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒരു വിദ്യാര്‍ഥിനി ഹൈക്കോടതിയെ സമീപിച്ചിരുന്നു.ഇക്കാര്യം പരിശോധിക്കണമെന്ന ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടതിന് മറുപടിയായാണ് ഹിജാബ് പോലുള്ള മതചിഹ്നങ്ങള്‍ ഉപയോഗിക്കാനാകില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിക്ക് മുമ്പാകെ അറിയിച്ചത്.

സ്റ്റുഡന്റ് കേഡറ്റ് യൂണിഫോം ധരിച്ച് നില്‍ക്കുന്ന ഫോട്ടോ സ്‌കൂള്‍ ഗ്രൂപ്പിലേക്ക് അയക്കാന്‍ കുട്ടിയോട് അധ്യാപകര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ യൂണിഫോമിനൊപ്പം ഹിജാബും മുഴുക്കൈനീളമുള്ള ഷര്‍ട്ടുമാണ് കുട്ടി ധരിച്ചിരുന്നത്. എന്നാലിത് സ്റ്റുഡന്റ് പോലിസ് കേഡറ്റ് യൂണിഫോമല്ലെന്നും, അനുവദിക്കാനാകില്ലെന്നും, നിഷ്‌കര്‍ഷിച്ച വസ്ത്രം തന്നെ ധരിക്കണമെന്നും കുട്ടിയോട് അധ്യാപകര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഭരണഘടനയുടെ 25(1) വകുപ്പ് പ്രകാരം ഇഷ്ടമുള്ള വസ്ത്രം ധരിക്കുകയെന്നത് തന്റെ അടിസ്ഥാനപരമായ അവകാശമാണെന്നും, മതപരമായ വസ്ത്രം താന്‍ ധരിക്കുന്നത് കൊണ്ട് സ്റ്റുഡന്റ് പോലിസ് കേഡറ്റിന്റെ അച്ചടക്കത്തെയോ മറ്റുള്ളവരുടെ അവകാശത്തെയോ താന്‍ ഹനിക്കുന്നില്ലെന്നും കുട്ടി ഹര്‍ജിയില്‍ പറയുന്നു.

സ്റ്റുഡന്റ് പോലിസ് കേഡറ്റ് പദ്ധതി കേരളാ പോലിസിന്റെ ഒരു ഉപവിഭാഗമായാണ് പ്രവര്‍ത്തിക്കുന്നതെന്നും കേരളാ പോലിസില്‍ മതഭേദമന്യേ എല്ലാ ഉദ്യോഗസ്ഥരും ഒരേ യൂണിഫോമാണ് ധരിക്കുന്നതെന്നും ആഭ്യന്തരവകുപ്പ് വ്യക്തമാക്കി. അതേ സംവിധാനം തന്നെയാണ് സ്റ്റുഡന്റ് പോലിസ് കേഡറ്റും പിന്തുടരുന്നത്. എന്‍സിസി, സ്‌കൗട്ട് കേഡറ്റ് സംവിധാനത്തിലും സമാനമായ രീതിയില്‍ ഒരേ യൂണിഫോമാണുള്ളത്. മതപരമായ ചിഹ്നങ്ങള്‍ അനുവദിക്കാറില്ല.

മുസ്‌ലിം സമുദായത്തില്‍ നിന്ന് സ്റ്റുഡന്റ് പോലിസ് കേഡറ്റില്‍ അംഗത്വമെടുക്കാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ക്ക് അതിനുള്ള അവസരമില്ലാതെ വരികയാണെന്ന് പെണ്‍കുട്ടി ഹര്‍ജിയില്‍ വാദിച്ചിരുന്നു. എന്നാല്‍ എസ്പിസി എന്നത് ഒരു നിര്‍ബന്ധിതസേവനമല്ലെന്ന് ആഭ്യന്തരവകുപ്പ് ചൂണ്ടിക്കാട്ടുന്നു. ഭരണഘടനയുടെ 19 (2) വകുപ്പ് പ്രകാരം കൃത്യമായ ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് തന്നെ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാനത്തിന് അധികാരമുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. കുട്ടികള്‍ക്കിടയില്‍ മത, ജാതി, വംശ, ലിംഗ ഭേദമന്യേ ഒരുമയുണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് സ്റ്റുഡന്റ് പോലിസ് കേഡറ്റ്. അതുകൊണ്ട് തന്നെ ഹര്‍ജിക്കാരിയുടെ ഈ ആവശ്യം അനുവദിക്കാനാകില്ലെന്നും സംസ്ഥാനസര്‍ക്കാര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it