Kerala

ശാഖാകുമാരിയുടെ കൊലപാതകം: ഭര്‍ത്താവ് അരുണിന്റെ അറസ്റ്റ് രേഖപ്പെടുത്തി

ശാഖാകുമാരിയെ ശ്വാസംമുട്ടിച്ച് ബോധം കെടുത്തിയ ശേഷം ഷോക്കടിപ്പിച്ച് കൊല്ലുകയായിരുന്നുവെന്ന് അരുണ്‍ പറഞ്ഞതായി പോലിസ് വ്യക്തമാക്കി. ശാഖാകുമാരിയുടെ മരണം ഷോക്കേറ്റുതന്നെയാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടും പുറത്തുവന്നിരുന്നു.

ശാഖാകുമാരിയുടെ കൊലപാതകം: ഭര്‍ത്താവ് അരുണിന്റെ അറസ്റ്റ് രേഖപ്പെടുത്തി
X

തിരുവനന്തപുരം: നിലമാമൂട് ത്രേസ്യാപുരത്ത് ശാഖാനിവാസില്‍ ശാഖാകുമാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് അരുണിന്റെ അറസ്റ്റ് പോലിസ് രേഖപ്പെടുത്തി. മക്കള്‍ വേണമെന്ന് ശാഖാകുമാരി ആവശ്യപ്പെട്ടിരുന്നതാണ് തര്‍ക്കത്തിലേക്കും പിന്നീട് കൊലപാതകത്തിലേക്കും നയിച്ചതെന്നാണ് പോലിസിന്റെ വിശദീകരണം. ശാഖാകുമാരിയെ ശ്വാസംമുട്ടിച്ച് ബോധം കെടുത്തിയ ശേഷം ഷോക്കടിപ്പിച്ച് കൊല്ലുകയായിരുന്നുവെന്ന് അരുണ്‍ പറഞ്ഞതായി പോലിസ് വ്യക്തമാക്കി. ശാഖാകുമാരിയുടെ മരണം ഷോക്കേറ്റുതന്നെയാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടും പുറത്തുവന്നിരുന്നു.
ശനിയാഴ്ച രാവിലെ ഷോക്കേറ്റ് അബോധാവസ്ഥയിലായെന്നു പറഞ്ഞ് ശാഖാകുമാരിയെ കാരക്കോണത്തെ സ്വകാര്യമെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. അരുണിനൊപ്പം സമീപവാസികള്‍ വീട്ടിനുള്ളില്‍ എത്തിയപ്പോള്‍ നിലത്ത് കമിഴ്ന്നുകിടക്കുന്ന അവസ്ഥയിലാണ് ശാഖാകുമാരിയെ കണ്ടത്. കൃത്യമായ ആസൂത്രണത്തിലൂടെ അരുണ്‍ നടത്തിയ കൊലപാതകമാണിതെന്നാണ് പോലിസിന്റെ കണ്ടെത്തല്‍. ശാഖാകുമാരി പുലര്‍ച്ചെ വീട്ടിനു പുറത്തേക്കിറങ്ങുമ്പോള്‍ വൈദ്യുതാഘാതമേല്‍ക്കാനായി വയര്‍ വലിച്ചിട്ടിരുന്നുവെന്നായിരുന്നു ആദ്യം അരുണ്‍ നല്‍കിയ മൊഴി.

എന്നാല്‍, ശ്വാസം മുട്ടിച്ച് അബോധാവസ്ഥയിലാക്കിയ ശേഷം ഷോക്കടിപ്പിച്ചെന്ന് പിന്നീട് മൊഴി നല്‍കി. കഴിഞ്ഞ ദിവസമാണ് കാരക്കോണത്തുള്ള വീടിന്റെ ഹാളില്‍ ശാഖാകുമാരി മരിച്ചുകിടക്കുന്ന വിവരം അരുണ്‍ നാട്ടുകാരെ അറിയിച്ചത്. ക്രിസ്മസ് ട്രീയില്‍ ദീപാലങ്കാരത്തിനായി വാങ്ങിയ വയറില്‍നിന്നും ഷോക്കേറ്റുവെന്നായിരുന്നു അരുണ്‍ നാട്ടുകാരോടും പോലിസിനോടും പറഞ്ഞത്. മൊഴിയില്‍ വൈരുധ്യം തോന്നിയ പോലിസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകം തെളിഞ്ഞത്.

പരിശോധനയില്‍ മുറിക്കുള്ളില്‍നിന്ന് രക്തക്കറയും ബലപ്രയോഗം നടന്നുവെന്ന വ്യക്തമായ തെളിവുകളും പോലിസിന് ലഭിച്ചിട്ടുണ്ട്. ശാഖയുടെ സ്വത്ത് തട്ടിയെടുക്കാന്‍ വേണ്ടിയാണ് കൊലപാതകമെന്നാണ് ബന്ധുക്കളുടെ ആരോപണം. എട്ടേക്കറോളം ഭൂമിയും മറ്റു കുടുംബസ്വത്തുക്കളുമുള്ള ശാഖാകുമാരിയെ (51) യെ ഒക്ടോബര്‍ 20നാണ് ബാലരാമപുരം പത്താംകല്ല് സ്വദേശി അരുണ്‍ (26) വിവാഹം ചെയ്തത്. ഒരു റബര്‍ തോട്ടം പാട്ടത്തിന് നല്‍കിയതിലൂടെ ലഭിച്ച നാലുലക്ഷം രൂപ കൊണ്ടാണ് ശാഖ വിവാഹം നടത്തിയത്.

Next Story

RELATED STORIES

Share it