Kerala

ശമ്പളം പിടിക്കുന്നതിൽ സമവായശ്രമം; സർക്കാർ ജീവനക്കാരുടെ സംഘടനകളുടെ യോ​ഗം വിളിച്ച് ധനമന്ത്രി

ആഗസ്ത് മാസത്തിൽ അവസാനിക്കുന്ന സാലറി കട്ടിനു ശേഷം സാവധാനം ജീവിതം ക്രമപ്പെടുത്താമെന്ന ചിന്തയിലായിരുന്ന ജീവനക്കാർക്ക് തിരിച്ചടിയാണ് വീണ്ടും സാലറി കട്ട് എന്ന തീരുമാനം.

ശമ്പളം പിടിക്കുന്നതിൽ സമവായശ്രമം; സർക്കാർ ജീവനക്കാരുടെ സംഘടനകളുടെ യോ​ഗം വിളിച്ച് ധനമന്ത്രി
X

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ശമ്പളം പിടിക്കുന്നതിൽ സർക്കാർ ജീവനക്കാർക്കിടയിൽ പ്രതിഷേധം ശക്തമായതോടെ സമവായശ്രമത്തിന് സർക്കാർ നീക്കം. പ്രതിഷേധം കണക്കിലെടുത്ത് ധനമന്ത്രി തോമസ് ഐസക് സർക്കാർ ജീവനക്കാരുടെ സംഘടനകളുടെ യോ​ഗം വിളിച്ചു. പ്രളയകാലത്തും കൊവിഡ് പ്രതിസന്ധിയിലും സാലറി പിടിച്ചതിന് പിന്നാലെ വീണ്ടും സാലറി പിടിക്കാനുള്ള നീക്കത്തിനെതിരേ ഭരണ പ്രതിപക്ഷ സർവീസ് സംഘടനകൾ പ്രതിഷേധത്തിലാണ്.

സർക്കാരിൻ്റെ സാമ്പത്തിക സ്ഥിതിയെ സംബന്ധിച്ച് ജീവനക്കാരുടെ സംഘടനകളുമായി ചർച്ച നടത്താതെയും സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് ബദൽ മാർഗങ്ങൾ തേടുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാതെയും ഒരു ഓർഡിനൻസിലൂടെ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള തീരുമാനം എൽഡിഎഫ് സർക്കാരിന് ഭൂഷണമല്ലായെന്നും തീരുമാനത്തിൽ നിന്ന് പിൻമാറണമെന്നും കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ് ബിജുവും പ്രസിഡൻ്റ് പി പ്രദീപ്കുമാറും ആവശ്യപ്പെട്ടു. പ്രളയ ദുരന്ത കാലത്തും കോവിഡ് മഹാമാരിയുടെ കാലത്തും തങ്ങളുടെ തുച്ഛമായ വരുമാനത്തിൽ നിന്നും സംഭാവന നൽകി സഹായം നൽകിയവരാണ് സർക്കാർ ജീവനക്കാർ. അതോടൊപ്പം, സർക്കാർ കൈക്കൊള്ളുന്ന തീരുമാനങ്ങളോടൊപ്പം ചേർന്നു നിന്നുകൊണ്ട് ആത്മാർത്ഥമായി പണിയെടുക്കുന്നവരാണ് അവർ. ആഗസ്ത് മാസത്തിൽ അവസാനിക്കുന്ന സാലറി കട്ടിനു ശേഷം സാവധാനം ജീവിതം ക്രമപ്പെടുത്താമെന്ന ചിന്തയിലായിരുന്ന ജീവനക്കാർക്ക് തിരിച്ചടിയാണ് വീണ്ടും സാലറി കട്ട് എന്ന തീരുമാനം.

ഈ സാമ്പത്തിക വർഷം ലഭിക്കേണ്ട ലീവ് സറണ്ടർ അടുത്ത വർഷത്തേക്ക് മാറ്റിയത് ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുന്ന തീരുമാനമാണ്. ഈ സാഹചര്യത്തിൽ , ജീവനക്കാർക്ക് ദോഷകരമാകുന്ന തീരുമാനത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും, സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് പെൻഷൻ പ്രായം വർദ്ധിപ്പിക്കുന്നതടക്കമുള്ള വിഷയം സർവീസ് സംഘടനകളുമായി ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാകണമെന്നും കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷൻ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it