Kerala

പണ്ഡിതനും ഗ്രന്ഥകാരനുമായ വി കെ ജലീല്‍ നിര്യാതനായി

ഐപിഎച്ച് ഡയറക്ടര്‍ ബോര്‍ഡ് അംഗം, ജമാഅത്തെ ഇസ്ലാമി പടിഞ്ഞാറ്റുംമുറി പ്രാദേശിക അമീര്‍, ജില്ല വൈസ് പ്രസിഡന്റ്, ജില്ല സെക്രട്ടറിയേറ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

പണ്ഡിതനും ഗ്രന്ഥകാരനുമായ വി കെ ജലീല്‍ നിര്യാതനായി
X

മലപ്പുറം: പണ്ഡിതനും പ്രഭാഷകനും എഴുത്തുകാരനുമായിരുന്ന വി കെ ജലീല്‍ നിര്യാതനായി. പണ്ഡിതനും പരിഷ്‌കര്‍ത്താവുമായിരുന്ന വി കെ എം ഇസുദ്ദീന്‍ മൗലവി -പി എന്‍ ഉമ്മാത്തകുട്ടി ദമ്പതികളുടെ മകനായി മലപ്പുറം ജില്ലയിലെ പടിഞ്ഞാറ്റുംമുറിയില്‍ 1951 മെയ് 12നാണ് ജനനം.

ആലിയ അറബിക് കോളേജിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം 1964 മുതല്‍1974 വരെ പത്തു വര്‍ഷം ശാന്തപുരം ഇസ്‌ലാമിയാ കോളജിലായിരുന്നു പഠനം.പഠന കാലത്ത് ഐഡിയല്‍ സ്റ്റുഡന്‍സ് ലീഗ് (ഐ.എസ്.എല്‍) മലപ്പുറം ജില്ലാ പ്രസിഡന്റ്, സംസ്ഥാന സമിതിയംഗം, ഐഎസ്എല്‍ ജേര്‍ണല്‍ പ്രസാധകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

പഠനം പൂര്‍ത്തിയായ ഉടനെ പ്രബോധനം പത്രാധിപസമിതില്‍ അംഗമായി. പ്രഭാഷണ വേദികളിലും സജീവമായി. മലര്‍വാടി ബാലമാസികയുടെ പ്രസിദ്ധീകരണത്തില്‍ സാരമായ പങ്ക് വഹിച്ചു. 1975ല്‍ അടിയന്തരാവസ്ഥാ പ്രഖ്യാപനത്തെ തുടര്‍ന്ന് പ്രബോധനത്തിന്റെ പ്രസിദ്ധീകരണം നിലച്ചപ്പോള്‍ ശാന്തപുരം ഇസ്‌ലാമിയാ കോളജില്‍ അധ്യാപകനായി. പുനപ്രസിദ്ധീകരണം ആരംഭിച്ചപ്പോള്‍ പ്രബോധനത്തില്‍ തിരിച്ചെത്തി.1982 മുതല്‍ 2004 വരെ സൗദി അറേബ്യയിലെ ജിദ്ദയില്‍ എബിടി ബിനെക്‌സ്, ബി സി കോര്‍പ്പറേഷന്‍, ശര്‍ഖാവി കമ്പനി തുടങ്ങിയ സ്ഥാപനങ്ങളില്‍ ജോലി ചെയ്തു.

കേരള ഇസ്‌ലാമിക് ഗ്രൂപ്പ് (കെഐജി) ജിദ്ദ സ്ഥാപക സമിതിയംഗം, പ്രസിഡന്റ്, അസംബ്ലി ഫോര്‍ എജ്യൂക്കേഷന്‍, ഗൈഡന്‍സ് ആന്റ് സര്‍വ്വീസസ് (ഏയ്ജസ്) സ്ഥാപക സമിതിയംഗം തുടങ്ങി സൗദി അറേബ്യയിലെ മത സാമൂഹിക ജനസേവന കലാരംഗങ്ങളില്‍ സജീവസാന്നിധ്യമായിരുന്നു. നാട്ടില്‍ തിരിച്ചെത്തിയ ശേഷം ഐപിഎച്ച് ഡയറക്ടര്‍ ബോര്‍ഡ് അംഗം, ജമാഅത്തെ ഇസ്ലാമി പടിഞ്ഞാറ്റുംമുറി പ്രാദേശിക അമീര്‍, ജില്ല വൈസ് പ്രസിഡന്റ്, ജില്ല സെക്രട്ടറിയേറ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

മുഹാജിര്‍, ഹസ്രത്ത് ഉമ്മു ഐമന്‍,ഖദീജാ ബീവി: തിരുനബിയുടെ പ്രഭാവലയത്തില്‍, ഇസ്സുദ്ദീന്‍ മൗലവിയുടെ നാടും വീടും എന്റെ ഓര്‍മ്മകളും എന്നീ സ്വതന്ത്ര കൃതികള്‍ക്കു പുറമെ സ്മരണകള്‍ സംഭവങ്ങള്‍, ഇസ്‌ലാം വാളിന്റെ തണലിലോ എന്നീ വിവര്‍ത്തനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഭാര്യ: കെ എം ഫാത്വിമ സുഹ്‌റ. മക്കള്‍: ശമീം ഇസ്സുദ്ദീന്‍, ശഫീഖ് ഇസ്സുദ്ദീന്‍, നസീം ഇസ്സുദ്ദീന്‍, നഈം ഇസ്സുദ്ദീന്‍, ഡോ.ജസീല.

Next Story

RELATED STORIES

Share it