Kerala

തിരഞ്ഞെടുപ്പ് ഫലം യഥാര്‍ത്ഥ ബദലിനുള്ള സന്ദേശം: എസ്ഡിപിഐ

തിരഞ്ഞെടുപ്പ് ഫലം യഥാര്‍ത്ഥ ബദലിനുള്ള സന്ദേശം: എസ്ഡിപിഐ
X

കോഴിക്കോട്: രാജ്യത്ത് യഥാര്‍ത്ഥ ബദലിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന തിരഞ്ഞെടുപ്പ് ഫലമാണ് പുറത്ത് വന്നിരിക്കുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി. രാജ്യത്ത് ബിജെപി നേട്ടമുണ്ടാക്കിയപ്പോഴും സംസ്ഥാനത്ത് എന്‍ഡിഎ മുന്നേറ്റത്തെ പ്രതിരോധിക്കാന്‍ സാധിച്ചു.

മോദിക്ക് ബദല്‍ രാഹുലും ബിജെപിക്ക് ബദല്‍ കോണ്‍ഗ്രസും അല്ലെന്നും മുഴുവന്‍ മതേതരജനാധിപത്യ വിശ്വാസികളും ഒന്നിക്കേണ്ടതിന്റെ ആവശ്യകതയുമാണ് തിരഞ്ഞെടുപ്പ് ഫലത്തിലൂടെ വ്യക്തമാവുന്നത്. ബിജെപി ഉയര്‍ത്തുന്ന വര്‍ഗീയ രാഷ്ട്രീയത്തിനെതിരെയുള്ള വികാരവും എല്‍ഡിഎഫ് സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന പിണറായി വിജയന്റെയും സിപിഎമ്മിന്റെയും ധാര്‍ഷ്ട്യ മനോഭാവത്തിനെതിരായ പ്രതിഷേധവുമാണ് യുഡിഎഫിന് അനുകൂലമായത്. രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം യുഡിഎഫിന് ഗുണം ചെയ്‌തെങ്കിലും വടക്കേ ഇന്ത്യയില്‍ ബിജെപിക്ക് നേട്ടമുണ്ടാക്കാന്‍ അത് കാരണമായി. ബിജെപിയുടെ തേരോട്ടത്തെ തടഞ്ഞ് നിര്‍ത്താന്‍ കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും സാധിക്കുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ ഭൂരിപക്ഷം വോട്ടര്‍മാര്‍ യുഡിഎഫിന് പിന്തുണ നല്‍കിയത്. എന്നാല്‍ നേതാവിന്റെ പ്രതിഛായക്കപ്പുറം കോണ്‍ഗ്രസ്സിന്റെ അടിത്തറ ദുര്‍ബലമാണെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു. വോട്ടിങ് മെഷീനില്‍ നടക്കുന്ന അട്ടിമറിയെ കുറിച്ചുള്ള ആശങ്കയോടൊപ്പം ഹിന്ദി ഹൃദയ ഭൂമിയെ ബിജെപിയുടെ ദുസ്സ്വാധീനത്തില്‍ നിന്ന് മോചിപ്പിക്കുന്നതില്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ പരാജയപ്പെട്ടിരിക്കുന്നുവെന്നതിലേക്കുള്ള സൂചനയാണിത്.

ആസൂത്രിതമായ ബിജെപി വിരുദ്ധ രാഷ്ട്രീയ സംവിധാനം കെട്ടിപ്പെടുക്കുന്നതില്‍ മതേതര കക്ഷികള്‍ പരാജയപ്പെട്ടതാണ് എന്‍ഡിഎ മുന്നേറ്റത്തിന് കളമൊരുക്കിയത്. ആശയാടിത്തറയുള്ള രാഷ്ട്രീയ മുന്നേറ്റത്തിനു മാത്രമേ ഫാഷിസ്റ്റ് രാഷ്ട്രീയത്തെ പ്രതിരോധിക്കാനാവുകയുള്ളൂ.

നിലനില്‍പ് ഭീഷണിയിലായ ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങള്‍ സ്വന്തം നിലക്ക് സംഘടിച്ച് രാഷ്ട്രീയ ശക്തി പ്രാപിക്കുക മാത്രമാണ് രക്ഷാമാര്‍ഗ്ഗമെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി. കലുഷിതമായ രാഷ്ട്രീയാന്തരീക്ഷത്തിലും എസ്ഡിപിഐ മുന്നോട്ടുവച്ച യഥാര്‍ത്ഥ ബദലിനൊപ്പം നിന്ന വോട്ടര്‍മാര്‍ക്ക് സെക്രട്ടറിയേറ്റ് നന്ദി അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി അബ്ദുല്‍ ഹമീദ്, റോയ് അറയ്ക്കല്‍, സംസ്ഥാന സെക്രട്ടറിമാരായ മുസ്തഫ കൊമ്മേരി, പി ആര്‍ സിയാദ്, സംസ്ഥാന സെക്രട്ടറിയേറ്റംഗം പി കെ ഉസ്മാന്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it