Kerala

പോലിസിന് അമിതാധികാരം നല്‍കുന്ന കമ്മീഷണറേറ്റ് തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കണം: എസ്ഡിപിഐ

പോലിസിന് അമിതാധികാരം നല്‍കുന്ന കമ്മീഷണറേറ്റ് തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കണം: എസ്ഡിപിഐ
X

കോഴിക്കോട്: തിരുവനന്തപുരം, കൊച്ചി കമ്മീഷണറേറ്റ് രൂപീകരിച്ച തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ജില്ലാ കലക്ടര്‍മാര്‍ക്കുള്ള പല ജുഡീഷ്യല്‍ അധികാരങ്ങളും പോലിസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കാനുള്ള തീരുമാനം കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഇടയാക്കുമെന്ന് സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

മുന്നണിയില്‍ പോലും ചര്‍ച്ച ചെയ്യാതെ തിടുക്കത്തില്‍ തീരുമാനമെടുക്കുന്നതിന്റെ താല്‍പ്പര്യം മുഖ്യമന്ത്രി വ്യക്തമാക്കണം. രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരേ പോലിസിനെ ഉപയോഗിക്കാനുള്ള ഗൂഢതന്ത്രമാണെന്ന വിമര്‍ശനം ശരിവക്കുന്ന തരത്തിലാണ് മുഖ്യമന്ത്രിയുടെ നടപടി. പോലിസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കുന്നതിനെതിരേ സുപ്രിം കോടതിയില്‍ നല്‍കിയിട്ടുള്ള പൊതുതാല്‍പ്പര്യ ഹരജി നിലവിലിരിക്കെയാണ് സര്‍ക്കാര്‍ ഇത് ധൃതിപിടിച്ച് നടപ്പാക്കുന്നത്.

പൊതുശല്യ നിവാരണത്തിന്റെ പേരില്‍ ഏതൊരു പൗരനെയും കസ്റ്റഡിയിലെടുക്കാനുള്ള അധികാരം പോലിസിന്റെ കൈകളിലെത്തുന്നത് ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കും. പോലിസുകാര്‍ പ്രതികളായ കേസില്‍ അവര്‍ക്ക് നിഷ്പക്ഷമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കാനാവില്ല. സ്വന്തം കേസില്‍ വിധി പറയുന്ന ന്യായാധിപന്മാരായി പോലിസ് മാറുന്നത് അപകടകരമാണ്. നിരവധി കസ്റ്റഡി പീഡനങ്ങളിലും കസ്റ്റഡി കൊലപാതകങ്ങളിലും മറ്റു കുറ്റകൃത്യങ്ങളിലും സംസ്ഥാനത്തെ ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ തന്നെ പങ്കാളികളാണെന്ന ആരോപണങ്ങള്‍ വ്യാപകമായ സാഹചര്യത്തില്‍ സമൂഹത്തില്‍ കടുത്ത പ്രത്യാഘാതമുണ്ടാക്കുന്ന നടപടികളില്‍ നിന്ന് പിന്മാറാന്‍ ഒരു ജനാധിപത്യ സര്‍ക്കാര്‍ തയ്യാറാവണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു. ദേശീയ വൈസ് പ്രസിഡന്റ് ദഹ് ലാന്‍ ബാഖവി മുഖ്യാതിഥിയായിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി അബ്ദുല്‍ ഹമീദ്, റോയ് അറയ്ക്കല്‍, വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അശ്‌റഫ് മൗലവി, സെക്രട്ടറിമാരായ പി ആര്‍ സിയാദ്, കെ കെ അബ്ദുല്‍ ജബ്ബാര്‍, കെ എസ് ഷാന്‍, ട്രഷറര്‍ അജ്മല്‍ ഇസ്മായില്‍, പി കെ ഉസ്മാന്‍, ഇ എസ് ഖ്വാജാ ഹുസൈന്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it