Kerala

ധ്രുവീകരണത്തിനെതിരേ ശക്തമായ നിലപാടുള്ള ഏക പാര്‍ട്ടി എസ്ഡിപിഐ: ദഹലാന്‍ ബാഖവി

ധ്രുവീകരണത്തിനെതിരേ ശക്തമായ നിലപാടുള്ള ഏക പാര്‍ട്ടി എസ്ഡിപിഐ: ദഹലാന്‍ ബാഖവി
X

കോഴിക്കോട്: സംസ്ഥാനത്ത് ധ്രുവീകരണ രാഷ്ട്രീയം ശക്തമായിരിക്കുകയാണെന്നും അതിനെതിരേ ആര്‍ജവമുള്ള നിലപാട് സ്വീകരിക്കുന്ന ഏക പാര്‍ട്ടി എസ്ഡിപിഐ മാത്രമാണെന്നും ദേശീയ വൈസ് പ്രസിഡന്റ് ദഹലാന്‍ ബാഖവി. പാര്‍ട്ടി സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ വര്‍ഗീയതയും സാമുദായിക ധ്രുവീകരണവും നാള്‍ക്കു നാള്‍ വര്‍ധിച്ചുവരികയാണ്. മുമ്പ് ആര്‍എസ്എസ്സില്‍ മാത്രമുണ്ടായിരുന്ന വര്‍ഗീയത ഇപ്പോള്‍ സിപിഎമ്മിലുള്‍പ്പെടെ ശക്തമായിരിക്കുന്നു. മതവിദ്വേഷമുണ്ടാക്കുന്ന തരത്തില്‍ പാലാ ബിഷപ്പ് നടത്തിയ പ്രസ്താവന വടക്കേ ഇന്ത്യയിലുള്‍പ്പെടെ രാജ്യത്തിന്റെ ഇതര സംസ്ഥാനങ്ങളില്‍ പോലും വലിയ ചര്‍ച്ചയായിരിക്കുകയാണ്.

തൊട്ടടുത്ത സംസ്ഥാനമായ തമിഴ്‌നാട്ടില്‍ ഒരു ബിഷപ്പ് ഇത്തരത്തില്‍ പ്രസ്താവന നടത്തിയപ്പോള്‍ അതിനെതിരേ കോണ്‍ഗ്രസുള്‍പ്പെടെയുള്ള കക്ഷികള്‍ ശക്തമായ സമരവുമായി മുമ്പോട്ടുവന്നതിനെത്തുടര്‍ന്ന് ബിഷപ്പിനെ അറസ്റ്റുചെയ്യുകയുണ്ടായി. എന്നാല്‍, കേരളത്തില്‍ മതേതര കക്ഷികള്‍ എന്നവകാശപ്പെടുന്നവര്‍ പച്ചയായ വര്‍ഗീയത പറഞ്ഞ ബിഷപ്പിന് പിന്തുണയുമായി അരമനയിലെത്തുന്ന കാഴ്ചയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആര്‍എസ്എസ്സിനെതിരേ സമരം ചെയ്യാന്‍ എസ്ഡിപിഐ മാത്രമേ ഉള്ളൂ എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നു. വരും നാളുകളില്‍ പാര്‍ട്ടി സംസ്ഥാനത്ത് ശക്തമായ മുന്നേറ്റം നടത്തുമെന്നും ദഹലാന്‍ ബാഖവി കൂട്ടിച്ചേര്‍ത്തു.

എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി ഇല്യാസ് തുംബെ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, കെ കെ റൈഹാനത്ത്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി അബ്ദുല്‍ ഹമീദ്, റോയി അറയ്ക്കല്‍, സെക്രട്ടറിമാരായ കെ കെ അബ്ദുല്‍ ജബ്ബാര്‍, കെ എസ് ഷാന്‍, മുസ്തഫ കൊമ്മേരി, ട്രഷറര്‍ അജ്മല്‍ ഇസ്മായീല്‍, സെക്രട്ടേറിയറ്റംഗങ്ങളായ പി പി മൊയ്തീന്‍ കുഞ്ഞ്, ഇ എസ് കാജാ ഹുസൈന്‍, സംസ്ഥാന സമിതി അംഗങ്ങള്‍, ജില്ലാ പ്രസിഡന്റുമാര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it