Kerala

വിവാദങ്ങള്‍ക്കിടെ സിപിഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

ഇന്ന് സെക്രട്ടേറിയറ്റും നാളെ സംസ്ഥാന സമിതി യോഗവും ചേരാനാണ് തീരുമാനം. ലോക്‌സഭാ തിരഞ്ഞെടുപ്പ് അവലോകനമാവും പ്രധാന ചര്‍ച്ചയെങ്കിലും പാര്‍ട്ടിയെ കുരുക്കിലാക്കുന്ന വിഷയങ്ങള്‍ യോഗങ്ങളില്‍ ഉയര്‍ന്നേക്കും.

വിവാദങ്ങള്‍ക്കിടെ സിപിഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം
X

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയ്ക്ക് പിന്നാലെ ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസും ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ പശ്ചാത്തലത്തില്‍ സിപിഎം സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന് ചേരും. ഇന്ന് സെക്രട്ടേറിയറ്റും നാളെ സംസ്ഥാന സമിതി യോഗവും ചേരാനാണ് തീരുമാനം. ലോക്‌സഭാ തിരഞ്ഞെടുപ്പ് അവലോകനമാവും പ്രധാന ചര്‍ച്ചയെങ്കിലും പാര്‍ട്ടിയെ കുരുക്കിലാക്കുന്ന വിഷയങ്ങള്‍ യോഗങ്ങളില്‍ ഉയര്‍ന്നേക്കും.

ബിനോയിക്കെതിരേ മുംബൈ പോലിസിന്റെ കുരുക്ക് മുറുകുമ്പോള്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് കോടിയേരി ബാലകൃഷ്ണന്‍ മാറിനില്‍ക്കുമെന്ന ചര്‍ച്ചകളും സജീവമാണ്. എന്നാല്‍, മറ്റ് സെക്രട്ടേറിയറ്റ് അംഗങ്ങള്‍ ഇക്കാര്യത്തില്‍ വിയോജിപ്പ് പ്രകടപ്പിച്ചതായാണ് സൂചന. എങ്കിലും പാര്‍ട്ടി സെക്രട്ടറിയുടെ മകനെതിരേ ഗുരുതരമായ ആരോപണമുയര്‍ന്നുവന്നതിനെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്യും. ബിനോയിക്കെതിരായ ആരോപണങ്ങള്‍ വ്യക്തിപരമായി നേരിടട്ടെയെന്നാണ് പാര്‍ട്ടി നിലപാട്.

ബിനോയ് കോടിയേരിക്കെതിരായ കേസില്‍ പാര്‍ട്ടിയില്‍ ആരും ഇടപെടില്ലെന്നും തെറ്റുചെയ്തവര്‍ ശിക്ഷ അനുഭവിക്കുമെന്നുമാണ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പ്രതികരിച്ചത്. അതുകൊണ്ടുതന്നെ പാര്‍ട്ടിയില്‍ ഇക്കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായമുണ്ടെന്ന കാര്യം വ്യക്തമാണ്. പ്രവാസി വ്യവസായിയുടെ ആത്മഹത്യയില്‍ സിപിഎം കണ്ണൂര്‍ ഘടകത്തില്‍ ഉടലെടുത്ത രൂക്ഷമായ അഭിപ്രായഭിന്നതയും ചര്‍ച്ചയാവും. ആരോപണവിധേയയായ എം വി ഗോവിന്ദന്റെ ഭാര്യയും ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണുമായ പി കെ ശ്യാമളയ്‌ക്കെതിരേ സിപിഎം ഏരിയാ കമ്മിറ്റി യോഗത്തില്‍ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്.

യോഗത്തില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗം പേരും ശ്യാമളയുടെ നടപടികളെ തള്ളിപ്പറയുകയായിരുന്നു. ഇതോടെ കണ്ണൂരില്‍ സിപിഎം രണ്ടുതട്ടിലാണ് ഇപ്പോള്‍ നില്‍ക്കുന്നത്. പിണറായി- കോടിയേരി അകല്‍ച്ചയും കണ്ണൂരിലെ പാര്‍ട്ടി നേതാക്കളുടെ അനൈക്യത്തില്‍നിന്ന് പ്രകടമാണ്. ബിഹാര്‍ സ്വദേശിനിയുടെ പരാതിയില്‍ ബിനോയ് കോടിയേരിയെ മുംബൈ പോലിസ് അറസ്റ്റുചെയ്താല്‍ സിപിഎമ്മും കോടിയേരിയും കൂടുതല്‍ പ്രതിരോധത്തിലാവും.

Next Story

RELATED STORIES

Share it