Kerala

ശബരിമലയിലെ പരിശോധന; വാര്‍ത്തകള്‍ തെറ്റിദ്ധാരണ മൂലമെന്ന് ദേവസ്വം പ്രസിഡന്റ്

ശബരിമലയിലെ പരിശോധന; വാര്‍ത്തകള്‍ തെറ്റിദ്ധാരണ മൂലമെന്ന് ദേവസ്വം പ്രസിഡന്റ്
X

തിരുവനന്തപുരം: ശബരിമലയില്‍ ദേവസ്വം ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം നാളെ നടത്തുന്ന പരിശോധനയെപ്പറ്റി വരുന്ന മാധ്യമവാര്‍ത്തകള്‍ തെറ്റിദ്ധാരണ മൂലമെന്ന് ദേവസ്വം പ്രസിഡന്റ് എ പത്മകുമാര്‍. ഹൈക്കോടതിയില്‍ നടക്കുന്ന കേസുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡിന്റെ തന്നെ ആവശ്യപ്രകാരമാണ് പരിശോധനയെന്നും പത്മകുമാര്‍ പറഞ്ഞു. ആറന്‍മുളയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ദേവസ്വം പ്രസിഡന്റ്.

കാണിക്കയായി ലഭിക്കുന്ന സ്വര്‍ണത്തിന്റെ കാര്യത്തില്‍ അവ്യക്തത എന്നാണ് ചില മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നത്. എന്നാല്‍ സ്വര്‍ണം സൂക്ഷിക്കുന്നതില്‍ അവ്യക്തതയുണ്ടെന്ന് മനസ്സിലാക്കിയ ഇപ്പോഴത്തെ ബോര്‍ഡ് നേതൃത്വം ഇതിന് ക്രമീകൃതമായ ഇടപെടല്‍ നടത്തണമെന്ന് തീരുമാനിക്കുകയായിരുന്നു. ഇതനുസരിച്ച് ബോര്‍ഡിന് ബാധ്യത വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുവാനും പെന്‍ഷന്‍ തടയാനും തീരുമാനിക്കുകയായിരുന്നു. ഇത്തരത്തില്‍ പെന്‍ഷന്‍ ലഭിക്കാതെ ആറ് വര്‍ഷം മുന്‍പ് പെന്‍ഷന്‍ ആയ ഒരു ട്രേഡ് വണ്‍ അകൗണ്ടന്റ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

ഇത് സംബന്ധിച്ച് കോടതി കാരണം ആരാഞ്ഞപ്പോള്‍ ബാദ്ധ്യത നിര്‍ണ്ണയിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ബോര്‍ഡ് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗവും തിരുവാഭരണ കമ്മീഷണറും ഇത് സംബന്ധിച്ച് പരിശോധിക്കാന്‍ തീരുമാനിച്ചത്. തിരുവാഭരണ കമ്മീഷണര്‍ നടത്തിവരുന്ന പരിശോധന 80 ശതമാനവും പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍ അതില്‍ മറ്റ് ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടില്ല. ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും. 6 വര്‍ഷം മുമ്പ് ഉണ്ടായ സംഭവത്തിന് വ്യക്തത വരുത്താനുള്ള ശ്രമമാണ് നടക്കുന്നത്. അത് ഇപ്പോഴത്തെ ബോര്‍ഡിന് കീഴില്‍ നടന്നതായി തെറ്റിദ്ധരിക്കുകയാണെന്നും ലോക്കല്‍ ഫണ്ട് വിഭാഗത്തിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് കിട്ടിക്കഴിഞ്ഞാല്‍ അത് സംബന്ധിച്ച നിലപാട് വ്യക്തമാക്കുമെന്നും പത്മകുമാര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it