Kerala

ശാഹീന്‍ ബാഗ് ഒഴിപ്പിച്ചത് പൗരത്വ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍: വെല്‍ഫെയര്‍ പാര്‍ട്ടി

സമര പന്തലുകള്‍ പൊളിച്ചതില്‍ പ്രതിഷേധിച്ച് മാര്‍ച്ച് 25 ബുധനാഴ്ച വൈകീട്ട് അഞ്ചിനു കേരളമെമ്പാടും വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകരും പൗരസമൂഹവും അവരവരുടെ വീടുകളില്‍ പ്രതീകാത്മക ശാഹീന്‍ ബാഗുകള്‍ സൃഷ്ടിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

ശാഹീന്‍ ബാഗ് ഒഴിപ്പിച്ചത് പൗരത്വ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍: വെല്‍ഫെയര്‍ പാര്‍ട്ടി
X

തിരുവനന്തപുരം: ശാഹീന്‍ ബാഗ് ഒഴിപ്പിച്ച സംഘപരിവാര്‍ സര്‍ക്കാറിന്റെ നടപടി രാജ്യത്തെ വംശീയമായി വെട്ടിമുറിക്കുന്ന സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ എന്നിവക്കെതിരേ ഉയര്‍ന്ന പൗരത്വ പ്രക്ഷോഭങ്ങളെ സമ്പൂര്‍ണമായി അടിച്ചമര്‍ത്താനാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. സുപ്രിം കോടതിയുടെ പരിഗണനയിലിരിക്കുന്ന പ്രശ്‌നമാണ് ശാഹീന്‍ ബാഗ് സമരം. സുപ്രിംകോടതി അടിച്ചിട്ട ഈ സമയത്ത് തന്നെ സമരപ്പന്തല്‍ ഒഴിപ്പിച്ചത് കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാര നടപടിയാണെന്ന് വ്യക്തമാണ്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വളരെ വ്യക്തമായ സുരക്ഷാ പ്രോട്ടോകോളുകള്‍ പാലിച്ചാണ് സമരം നടന്നിരുന്നത്. കൊറോണ പ്രതിരോധ നടപടിയുടെ ഭാഗമായി ആളുകള്‍ കൂടിച്ചേരുന്നത് തടയാനാണ് സമരക്കാരെ ഒഴിപ്പിച്ചതെങ്കില്‍ സമരക്കാരെ മാത്രം ഒഴിപ്പിച്ചാല്‍ മതിയായിരുന്നു. സമരപ്പന്തല്‍ പൊളിച്ച് മാറ്റേണ്ടതില്ലായിരുന്നു. രാജ്യമെമ്പാടും ജില്ലാ അതിര്‍ത്തികളടക്കം അടച്ചിടുമ്പോള്‍ ഡല്‍ഹി, യുപി അതിര്‍ത്തിയിലുള്ള ഹൈവേ തുറന്ന് കൊടുക്കുക കൂടിയാണ് സമരപ്പന്തല്‍ ഒഴിപ്പിച്ചത് വഴി സംഭവിച്ചത്.

രാജ്യത്തെ പൗരത്വ പ്രക്ഷോഭ സമരങ്ങളുടെ പ്രഭവകേന്ദ്രമാണ് ശാഹീന്‍ ബാഗ്. ശാഹിന്‍ ബാഗ് സമര പന്തലുകള്‍ പൊളിച്ചതില്‍ പ്രതിഷേധിച്ച് മാര്‍ച്ച് 25 ബുധനാഴ്ച വൈകീട്ട് അഞ്ചിനു കേരളമെമ്പാടും വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകരും പൗരസമൂഹവും അവരവരുടെ വീടുകളില്‍ പ്രതീകാത്മക ശാഹീന്‍ ബാഗുകള്‍ സൃഷ്ടിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.




Next Story

RELATED STORIES

Share it