Kerala

ഷോളയാര്‍, കക്കി ഡാമുകള്‍ തുറന്നു; ചാലക്കുടി, പമ്പ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

ഷോളയാര്‍, കക്കി ഡാമുകള്‍ തുറന്നു; ചാലക്കുടി, പമ്പ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
X

കോഴിക്കോട്: ജലനിരപ്പ് ഉയര്‍ന്നതോടെ ഷോളയാര്‍ ഡാം തുറന്നു. മൂന്നാം സ്പില്‍വേ ഗേറ്റ് ഒരടിയാണ് തുറന്നത്. 24.47 ക്യുമെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുന്നത്. ചാലക്കുടി പുഴയുടെ തീരപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രതപാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. കേരള ഷോളയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി 100 ക്യു മെക്‌സ് വെള്ളം പുറത്തേക്ക് ഒഴുക്കിയത്. 6 മണിക്കൂറുകൊണ്ട് വെള്ളം ചാലക്കുടി പുഴയിലെത്തും. പുഴയുടെ തീരത്തെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറും. പറമ്പിക്കുളത്തുനിന്നും നിലവില്‍ ചാലക്കുടി പുഴയില്‍ വെള്ളം എത്തുന്നുണ്ട്. ഇതും പുഴയിലെ ജലനിരപ്പ് ഉയര്‍ത്തും. വാല്‍പ്പാറ, പെരിങ്ങല്‍കുത്ത്, ഷോളയാര്‍ മേഖലകളില്‍ ഇന്നലെ രാത്രി ശക്തമായ മഴ ലഭിച്ചിരുന്നു.

പത്തനംതിട്ട ജില്ലയിലെ കക്കി ആനത്തോട് അണക്കെട്ട് തുറന്നു. അണക്കെട്ടിന്റെ രണ്ടുഷട്ടറുകള്‍ 60 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. ആദ്യ മണിക്കൂറുകളില്‍ പുറന്തള്ളുക 100- 200 കുബിക്‌സ് ജലമാണ്. പമ്പ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം പിന്നീടുള്ള കാര്യങ്ങള്‍ തീരുമാനിക്കും. അപകടസാധ്യതാ മേഖലയിലുള്ളവരെ നേരത്തെ തന്നെ ക്യാംപുകളിലേക്ക് മാറ്റിയിട്ടുണ്ട്. കക്കി ഡാം തുറക്കുന്ന പശ്ചാത്തലത്തില്‍ ചെങ്ങന്നൂരിലും ജാഗ്രതാനിര്‍ദേശമുണ്ട്. നദീതീരത്ത് താമസിക്കുന്നവര്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.

അടിയന്തര സാഹചര്യം നേരിടുന്നതിന് ചെങ്ങന്നൂരില്‍ മല്‍സ്യബന്ധന ബോട്ടുകളും സജ്ജമാക്കിയിട്ടുണ്ട്. പമ്പാനദിയിലെ ജലനിരപ്പ് ജലസേചന വകുപ്പ് തുടര്‍ച്ചയായി വീക്ഷിക്കണമെന്നും അപകട സാധ്യതയുള്ളപക്ഷം ജില്ലാ അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രത്തില്‍ അറിയിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. പമ്പകക്കാട്ട് ആറുകളുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. പമ്പയില്‍ 10 മുതല്‍ 15 സെന്റീമീറ്റര്‍ വരെ ജലനിരപ്പ് ഉയരാനാണ് സാധ്യത.

വടശേരിക്കര പെരിനാട് മേഖലയില്‍ മൂന്നുമണിക്കൂറിനകവും റാന്നിയില്‍ അഞ്ച് മണിക്കൂറിനകവും ജലനിരപ്പ് ഉയരാനാണ് സാധ്യതയെന്നും അധികൃതര്‍ അറിയിച്ചു. ഡാം തുറക്കുന്നതിനെ തുടര്‍ന്ന് കുട്ടനാട്, ചെങ്ങന്നൂര്‍, മാവേലിക്കര, കാര്‍ത്തികപ്പള്ളി താലൂക്കുകളിലെ നദികളില്‍ ജലനിരപ്പ് ഗണ്യമായി വര്‍ധിക്കാന്‍ സാധ്യതയുണ്ട്. എല്ലാ മേഖലകളിലും ജാഗ്രതാ സംവിധാനം ശക്തമാക്കാന്‍ ജില്ലാ ഭരണകൂടം താഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

Next Story

RELATED STORIES

Share it