Kerala

കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക നിയമഭേദഗതി തള്ളാന്‍ ബുധനാഴ്ച പ്രത്യേക നിയമസഭാ സമ്മേളനം

സ്പീക്കറും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കക്ഷിനേതാക്കളും മാത്രമാണ് നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ സംസാരിക്കുക.

കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക നിയമഭേദഗതി തള്ളാന്‍ ബുധനാഴ്ച പ്രത്യേക നിയമസഭാ സമ്മേളനം
X

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമഭേദഗതികള്‍ തള്ളിക്കളയാനായി കേരളം പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കുന്നു. ബുധനാഴ്ചയാണ് സഭചേരാന്‍ നിശ്ചയിച്ചിരിക്കുന്നത്. ഒരുമണിക്കൂറാകും സഭ സമ്മേളിക്കുക. സ്പീക്കറും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കക്ഷിനേതാക്കളും മാത്രമാണ് നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ സംസാരിക്കുക. കേരളത്തില്‍ നിയമഭേദഗതി നടപ്പാക്കാതിരിക്കാനുള്ള നിരാകരണപ്രമേയത്തിന്റെ സാധ്യതകളും അതിന്റെ നിയമവശവും കൂടി ആലോചനയിലുണ്ടെന്നാണ് വിവരം. കാര്‍ഷിക നിയമഭേദഗതിക്കെതിരേ ശക്തമായ പ്രതിഷേധമാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഉയരുന്നത്. പ്രത്യേകിച്ച് രാജ്യതലസ്ഥാനത്ത് ഒരുമാസത്തോളമായി ശക്തമായ പ്രതിഷേധവുമായി കര്‍ഷകര്‍ നിലയുറപ്പിച്ചിരിക്കുകയാണ്.

പ്രതിപക്ഷ പാര്‍ട്ടികളെല്ലാം നിയമഭേദഗതിക്കെതിരേ രംഗത്തെത്തിയിരുന്നു. കേരളത്തിലെ ഭരണ- പ്രതിപക്ഷ കക്ഷികളും പുതിയ കാര്‍ഷിക നിയമങ്ങളെ എതിര്‍ക്കുകയാണ് ചെയ്യുന്നത്. ഈ പശ്ചാത്തലത്തിലാണ് പ്രത്യേക സമ്മേളനം ചേര്‍ന്ന് കേരള നിയമസഭ ഭേദഗതി തള്ളാനൊരുങ്ങുന്നത്. ബിജെപിയുടെ ഏക അംഗത്തിന്റെ എതിര്‍പ്പോടെ നിയമഭേദഗതികള്‍ തള്ളിക്കളയുന്ന പ്രമേയം പ്രത്യേക സമ്മേളനം പാസാക്കും. മറ്റൊരു വിഷയവും പരിഗണനയ്‌ക്കെടുക്കില്ലെന്നാണ് വിവരം. തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭായോഗം പ്രത്യേക സമ്മേളനം ചേരാന്‍ അനുമതി നല്‍കണമെന്ന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും.

Next Story

RELATED STORIES

Share it