Kerala

സ്പ്രിന്‍ക്ലര്‍: അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് കൈമാറാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന് ; ഹരജിയുമായി രമേശ് ചെന്നിത്തല

അജ്ഞാതമാക്കി വെച്ചിട്ടുള്ള വ്യക്തികളുടെ വിശദാംശങ്ങള്‍ കോടതിയില്‍ ഹാജരാക്കിയാല്‍ മാത്രമേ നഷ്ടപരിഹാരം നല്‍കേണ്ട വ്യക്തികളെ സംബന്ധിച്ചു മനസിലാക്കാനാവൂവെന്നും രമേശ് ചെന്നിത്തല ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു

സ്പ്രിന്‍ക്ലര്‍: അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് കൈമാറാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന് ; ഹരജിയുമായി രമേശ് ചെന്നിത്തല
X

കൊച്ചി: സ്പ്രിന്‍ക്ലര്‍ കരാറിനെക്കുറിച്ചുള്ള അന്വേഷണ കമ്മറ്റി റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് കൈമാറണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു.മുതിര്‍ന്ന അഭിഭാഷകന്‍ ടി ആസഫലി മുഖേനയാണ് ഹരജി സമര്‍പ്പിച്ചത്.സ്പ്രിന്‍ക്ലര്‍ കമ്പനി ശേഖരിച്ച ഡേറ്റയുള്‍പ്പെടെയുള്ള റിപ്പോര്‍ട്ട് ഹൈക്കോടതിയ്ക്ക് കൈമാറണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നും രമേശ് ചെന്നിത്തല ഹരജിയില്‍ ആവശ്യപ്പെട്ടു.

സ്പ്രിന്‍ക്ലര്‍ ഇടപാടിന്റെ പേരില്‍ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നത് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കുന്നതിന് വിദഗ്ധ സമിതി സമര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ട് കോടതി വിളിച്ചുവരുത്തി പരിശോധിക്കണമെന്നു ഹരജിയില്‍ ആവശ്യപ്പെട്ടു. വ്യക്തികളുടെ വിശദാംശങ്ങള്‍ നിയമവിരുദ്ധമായി പുറത്തു വിട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നു കോടതി മുന്‍പ് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ അജ്ഞാതമാക്കി വെച്ചിട്ടുള്ള വ്യക്തികളുടെ വിശദാംശങ്ങള്‍ കോടതിയില്‍ ഹാജരാക്കിയാല്‍ മാത്രമേ നഷ്ടപരിഹാരം നല്‍കേണ്ട വ്യക്തികളെ സംബന്ധിച്ചു മനസിലാക്കാനാവൂവെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

സര്‍ക്കാര്‍ അനധികൃതമായി സ്വകാര്യവിവരങ്ങള്‍ കൈമാറിയ സംഭവത്തില്‍ രോഗികള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നു ഹരജിയില്‍ആവശ്യപ്പെട്ടിരുന്നു. മുന്‍പു സമര്‍പ്പിച്ച ഹരജിയിലെ ഉപഹരജിയാണ് പുതിയ ഹരജി ഫയല്‍ ചെയ്തത്. സ്പ്രിന്‍ക്ലര്‍ ഇടപാടിനെക്കുറിച്ച് അന്വേഷണം നടത്തിയ കമ്മിറ്റിയുടെ കണ്ടെത്തലുകളില്‍ പലതും സര്‍ക്കാറിനു അനുകൂലമല്ലെന്നും അനുമതിയില്ലാതെ വിവരങ്ങള്‍ കൈറിയതിലൂടെ വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് നടത്തിയതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

Next Story

RELATED STORIES

Share it