Kerala

മാധ്യമമേഖലയിലെ തൊഴില്‍പീഡനം അവസാനിപ്പിക്കണം: കെയുഡബ്ല്യുജെ

കൊവിഡ് വൈറസ് ബാധ്യതമൂലം വരുമാനം കുറഞ്ഞതാണ് ശമ്പളം നല്‍കാത്തതിന് കാരണമെന്ന ചില മാനേജ്മെന്റുകളുടെ വാദം അംഗീകരിക്കാന്‍ കഴിയില്ല.

മാധ്യമമേഖലയിലെ തൊഴില്‍പീഡനം അവസാനിപ്പിക്കണം: കെയുഡബ്ല്യുജെ
X

തിരുവനന്തപുരം: കൊവിഡ്- 19 വൈറസ് വ്യാപനത്തിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകരുടെയും ജീവനക്കാരുടെയും ശമ്പളം നല്‍കാത്ത ചില പത്ര-ദൃശ്യ മാനേജ്മെന്റുകളുടെ നടപടി അംഗകരിക്കാനാവില്ലെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ (കെയുഡബ്യൂജെ). കൊവിഡ് വൈറസിനെതിരായി നാടാകെ നടക്കുന്ന പ്രതിരോധപ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണവും ജനങ്ങളിലെത്തിക്കുന്നതിന് മാധ്യമപ്രവര്‍ത്തകരും ജീവന്‍മരണപ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. അപ്രതീക്ഷിതമായുണ്ടായ വൈറസ് ബാധ മനുഷ്യജീവിതത്തിന്റെ സമസ്തമേഖലകളെയും ബാധിച്ചിരിക്കെയാണെന്ന് എല്ലാവര്‍ക്കും അറിവുള്ളതാണ്. മാധ്യമമേഖല ഇതില്‍നിന്നും വ്യത്യസ്തമല്ലെന്നതും വസ്തുതയാണ്.

എന്നാല്‍, ഇതിന്റെ പേരില്‍ ഒരു മേഖലയിലും ശമ്പളം നല്‍കാതിരിക്കുകയോ വെട്ടിക്കുറയ്ക്കുകയോ ചെയ്തതായി അറിവില്ല. പകരം ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ തൊഴില്‍ മേഖലയിലുളളവര്‍ക്കും സാമ്പത്തികസഹായം അതാത് സ്ഥാപനങ്ങള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇത്തരം കാര്യങ്ങളില്‍ മാതൃകപരമായി പ്രവര്‍ത്തിക്കേണ്ട മാധ്യമസ്ഥാപനങ്ങള്‍ തികച്ചും നിരുത്തരവാദപരമായ സമീപനമാണെടുത്തത്. മാര്‍ച്ച് മാസത്തെ ശമ്പളം ഇതുവരെ തീരെ നല്‍കാത്ത മാനേജ്മെന്റുകളുണ്ട്. ചില തുച്ഛമായ തുക മാത്രമെ നല്‍കിയിട്ടുള്ളൂ. കൊവിഡ് വൈറസ് ബാധ്യതമൂലം വരുമാനം കുറഞ്ഞതാണ് ശമ്പളം നല്‍കാത്തതിന് കാരണമെന്ന ചില മാനേജ്മെന്റുകളുടെ വാദം അംഗീകരിക്കാന്‍ കഴിയില്ല.

കൊവിഡ് വരുന്നതിന് മുമ്പുള്ള മാസങ്ങളിലെ ശമ്പളം പോലും നല്‍കാത്തവര്‍ ഇപ്പോള്‍ കൊവിഡിനെ മറയാക്കി ജീവനക്കാരെ വഞ്ചിക്കുകയാണ്. രോഗത്തിന്റെ ഗൗരവവും സുരക്ഷയും കണക്കിലെടുത്ത് മാധ്യമസ്ഥാപനങ്ങളിലും വര്‍ക്ക് അറ്റ് ഹോം നടപ്പാക്കിയിരുന്നു. എന്നാല്‍, രണ്ടാംഘട്ടത്തില്‍ വര്‍ക്ക് അറ്റ് ഹോം വേണ്ടെന്നും എല്ലാവരും ജോലിക്ക് ഹാജരാവണമെന്നും ചില പത്ര-ദൃശ്യ മാധ്യമമാനേജ്മെന്റുകള്‍ ആവശ്യപ്പെട്ടതായി യൂനിയന് പരാതി ലഭിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷയെ പൊലും കണക്കാക്കാതെയുള്ള മാനേജ്മെന്റുകളുടെ ഈ നടപടി തിരുത്തണം.

പത്ര-ദൃശ്യ മാധ്യമരംഗത്തെ ചില മാനേജ്മെന്റുകള്‍ നടത്തുന്ന ഇത്തരം ജനാധിപത്യ- തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരേ മുഖ്യമന്ത്രി തൊഴില്‍മന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കും. മാധ്യമപ്രവര്‍ത്തകര്‍ക്കും ജീവനക്കാര്‍ക്കും നല്‍കാനുളള ശമ്പളം അടിയന്തരമായി നല്‍കിയില്ലെങ്കില്‍ പ്രത്യക്ഷ സമരപരിപാടികള്‍ക്ക് മുന്നിട്ടിറങ്ങുമെന്ന് യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് കെ പി റെജിയും ജനറല്‍ സെക്രട്ടറി ഇ എസ് സുഭാഷും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it