Kerala

കൊവിഡ്: ഓണത്തിരക്ക് നിയന്ത്രിക്കുന്നതിന് കർശന നടപടിയുമായി പോലിസ്

ഓണസദ്യയുടേയും മറ്റും പേരില്‍ കൂട്ടം കൂടാനോ പൊതുപരിപാടികള്‍ നടത്താനോ അനുവദിക്കില്ല. പായസം, മത്സ്യം എന്നിവ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോള്‍ നിർബന്ധമായും പാലിക്കണം.

കൊവിഡ്: ഓണത്തിരക്ക് നിയന്ത്രിക്കുന്നതിന് കർശന നടപടിയുമായി പോലിസ്
X

തിരുവനന്തപുരം: കൊവിഡ് ബാധ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഓണത്തിരക്ക് നിയന്ത്രിക്കുന്നതിന് കര്‍ശനനടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി സംസ്ഥാന പോലിസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.

എല്ലാവിധ കൊവിഡ് സുരക്ഷാമാനദണ്ഡങ്ങളും പാലിച്ച് കടകള്‍ രാവിലെ ഏഴു മുതല്‍ വൈകിട്ട് ഒന്‍പത് വരെ തുറക്കാവുന്നതാണ്. കടയുടെ വലിപ്പം അനുസരിച്ചുവേണം ഉപഭോക്താക്കളെ ഉള്ളില്‍ പ്രവേശിപ്പിക്കേണ്ടത്. കടകളില്‍ പ്രവേശിപ്പിക്കാവുന്ന ആള്‍ക്കാരുടെ എണ്ണം സംബന്ധിച്ച വിവരങ്ങള്‍ കടയുടെ പുറത്ത് പ്രദര്‍ശിപ്പിക്കേണ്ടതാണ്. ഉപഭോക്താക്കള്‍ക്ക് കാത്തുനില്‍ക്കാന്‍ വേണ്ടി കടയുടെ പുറത്ത് വട്ടം വരയ്ക്കുകയോ ലൈന്‍ മാര്‍ക്ക് ചെയ്യുകയോ വേണം. കടകളിൽ എല്ലാത്തരം സാമൂഹിക സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണം. പോലിസ് ഇക്കാര്യം ഉറപ്പാക്കും.

മാളുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ തുറക്കുന്നതിന് അനുമതി ഉണ്ടെങ്കിലും അവര്‍ ഹോം ഡെലിവറി സംവിധാനം പ്രോത്സാഹിപ്പിക്കുന്നതാണ് ഉചിതം. പൊതുസ്ഥലങ്ങളില്‍ ഓണാഘോഷം അനുവദിക്കുന്നതല്ല. ഓണസദ്യയുടേയും മറ്റും പേരില്‍ കൂട്ടം കൂടാനോ പൊതുപരിപാടികള്‍ നടത്താനോ അനുവദിക്കില്ല. പായസം, മത്സ്യം എന്നിവ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോള്‍ നിർബന്ധമായും പാലിക്കണം. അത്യാവശ്യമില്ലാത്ത യാത്രകൾ ഓണക്കാലത്ത് ഒഴിവാക്കണം. കണ്ടെയ്ന്‍മെന്‍റ് മേഖലയിലെ നിയന്ത്രണങ്ങള്‍ തുടരുമെന്നും സംസ്ഥാന പോലിസ് മേധാവി അറിയിച്ചു.

Next Story

RELATED STORIES

Share it