Kerala

പൊന്നാനി നഗരസഭാ പരിധിയില്‍ കടുത്ത നിയന്ത്രണം; പുറത്തിറങ്ങാന്‍ റേഷന്‍കാര്‍ഡ് നിര്‍ബന്ധം, ഞായറാഴ്ച സമ്പൂര്‍ണ ലോക്ക് ഡൗണ്‍

മെഡിക്കല്‍ എമര്‍ജന്‍സി, വിവാഹം, മരണം എന്നീ അടിയന്തരസാഹചര്യങ്ങളിലല്ലാതെയുള്ള യാത്രകള്‍ക്ക് നിരോധനമുണ്ട്. വിവാഹം, മരണാന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 ആളുകള്‍ക്കേ ഒത്തുകൂടാന്‍ അനുമതിയുള്ളൂ.

പൊന്നാനി നഗരസഭാ പരിധിയില്‍ കടുത്ത നിയന്ത്രണം; പുറത്തിറങ്ങാന്‍ റേഷന്‍കാര്‍ഡ് നിര്‍ബന്ധം, ഞായറാഴ്ച സമ്പൂര്‍ണ ലോക്ക് ഡൗണ്‍
X

മലപ്പുറം: സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനം കൂടുതലായ പൊന്നാനി നഗരസഭാ പരിധിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. നിയമലംഘനം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. ഇതിനായി പ്രത്യേക സ്‌ക്വാഡിനെ നിയോഗിക്കും. മെഡിക്കല്‍ എമര്‍ജന്‍സി, വിവാഹം, മരണം എന്നീ അടിയന്തരസാഹചര്യങ്ങളിലല്ലാതെയുള്ള യാത്രകള്‍ക്ക് നിരോധനമുണ്ട്. വിവാഹം, മരണാന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 ആളുകള്‍ക്കേ ഒത്തുകൂടാന്‍ അനുമതിയുള്ളൂ.

പാല്‍, പത്രം, മീഡിയ, മെഡിക്കല്‍ ലാബ് എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം. ഹൈവേയിലൂടെ കടന്നുപോവുന്ന ദീര്‍ഘദൂരയാത്രാവാഹനങ്ങള്‍ 30 മിനിറ്റില്‍ കൂടുതല്‍ സമയം ഈ പ്രദേശപരിധിയിലുണ്ടാവാന്‍ പാടുള്ളതല്ല. അവശ്യവസ്തുക്കള്‍ കൊണ്ടുപോവുന്നതിനുള്ള വാഹനങ്ങളുടെ (ചരക്കു വാഹനങ്ങള്‍) ഗതാഗതം അനുവദിക്കും. നഗരസഭാ പരിധിയില്‍ റേഷന്‍കടകള്‍ക്ക് പുറമെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമേ തുറന്നുപ്രവര്‍ത്തിക്കാവൂ. രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് 12 വരെ മാത്രമേ ഈ കടകളും പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. കടയില്‍ ഒരേസമയം സാമൂഹിക അകലം പാലിച്ച് അഞ്ച് ഉപഭോക്താക്കളില്‍ കൂടുതല്‍ പാടില്ല.

കടയിലും പരിസരത്തും സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. സ്ഥാപനങ്ങളുടെ പുറത്ത് സാമൂഹികാ അകലം പാലിക്കുന്നതിലേക്കായി പ്രത്യേകം അടയാളങ്ങള്‍ (45 സെ.മി ഡയാമീറ്റര്‍ സര്‍ക്കിള്‍) രേഖപ്പെടുത്തണം. സാനിറ്റെസര്‍/ സോപ്പുപയോഗിച്ച് കൈ കഴുകാനുളള സൗകര്യം ക്രമീകരിക്കണം. എല്ലാവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ ഉടന്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കും. ലംഘനം കണ്ടെത്തുന്നതിന് പ്രത്യേകമായി നിയോഗിച്ച സ്‌ക്വാഡുകള്‍ക്ക് ഇതിനുള്ള പ്രത്യേക അധികാരം നല്‍കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.

അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ നിലവിലെ സ്‌ക്വാഡിന് പുറമേ രണ്ട് സ്‌ക്വാഡുകള്‍കൂടി നിയോഗിച്ചിട്ടുണ്ട്. സ്ഥാപനങ്ങളില്‍ പണമിടപാട് പരമാവധി ഒഴിവാക്കി ഓണ്‍ലൈന്‍ പേയ്മെന്റ് നടത്തണം. ഈ മേഖലകളില്‍ ഫുട്ബോള്‍ ഉള്‍പ്പടെയുള്ള കായിക വിനോദങ്ങള്‍, പൊതുസ്ഥലങ്ങളിലൂടെയുള്ള വ്യായാമത്തിനായുള്ള നടത്തം, ടറഫിലെ കളികള്‍ എന്നിവ നിരോധിച്ചു. മല്‍സ്യ, മാംസാദികളുടെ വില്‍പന, വിതരണം എന്നിവ നിരോധിച്ചു. ഹോട്ടലുകളില്‍ രാവിലെ ഏഴ് മുതല്‍ രാത്രി എട്ടുവരെ ഭക്ഷണം പാഴ്സലായി നല്‍കാം. ഇരുന്ന് കഴിക്കാന്‍ പാടില്ല.

കൊവിഡ് 19 രോഗനിര്‍വ്യാപന പ്രതിരോധപ്രവര്‍ത്തനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട സര്‍ക്കാര്‍ ഓഫിസുകള്‍, അവശ്യസേവനം നല്‍കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ മാത്രമേ പ്രവര്‍ത്തിപ്പിക്കാന്‍ പാടുളളു. അവശ്യസര്‍വീസില്‍ ഉള്‍പ്പെടാത്ത സര്‍ക്കാര്‍ ജീവനക്കാരും പൊന്നാനി നഗരസഭാ പരിധില്‍ നിന്ന് മറ്റ് പ്രദേശങ്ങളിലേക്ക് ജോലിക്ക് പോവേണ്ടവരും വീടുകളിലിരുന്നാണ് ജോലിചെയ്യേണ്ടത്. ബാങ്ക്, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, അക്ഷയ എന്നിവ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല. പെട്രോള്‍ പമ്പുകള്‍ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ച് രാവിലെ ഏഴ് മുതല്‍ രാത്രി 10 വരെ പ്രവര്‍ത്തിക്കാം.

യാത്രക്കാര്‍ക്ക് പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള പെട്രോള്‍ പമ്പുകള്‍ക്ക് ഈ നിയന്ത്രണം ബാധകമല്ല. ആരാധനാലയങ്ങള്‍ തുറക്കാന്‍ പാടില്ല. രാഷ്ട്രീയമോ സാംസ്‌കാരികമോ ആയ പ്രകടനങ്ങളോ കൂടിച്ചേരലുകളോ യാതൊരു കാരണവശാലും അനുവദിക്കില്ല. നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന നിര്‍മാണപ്രവൃത്തികള്‍ തുടരാന്‍ അനുവദിക്കും. മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍, ശുചീകരണപ്രവര്‍ത്തനങ്ങള്‍, ജലാശയങ്ങളിലെ മാലിന്യങ്ങള്‍ നീക്കംചെയ്യുന്ന പ്രവൃത്തികള്‍ എന്നിവയും അനുവദിക്കും.

പുറത്തിറങ്ങാന്‍ റേഷന്‍കാര്‍ഡ് നിര്‍ബന്ധം

പൊന്നാനി നഗരസഭാ പരിധിയില്‍ അവശ്യവസ്തുക്കള്‍ വാങ്ങുന്നതുള്‍പ്പടെയുള്ള അത്യാവശ്യകാര്യങ്ങള്‍ക്ക് പുറത്തിറങ്ങുന്ന ആളുകള്‍ നിര്‍ബന്ധമായും റേഷന്‍കാര്‍ഡ് കൈവശം വെക്കണം. റേഷന്‍ കാര്‍ഡില്ലാത്ത ആളുകള്‍ നഗരസഭ ഓഫിസില്‍നിന്ന് പ്രത്യേക അനുമതി പത്രം വാങ്ങി കൈവശംവയ്ക്കണം. കുട്ടികളും 65 വയസിന് മുകളില്‍ പ്രായമുള്ളവരുമല്ലാത്ത റേഷന്‍ കാര്‍ഡില്‍ പേരുള്ള ആളുകള്‍ മാത്രമേ പുറത്തിറങ്ങാവൂ.

തിങ്കള്‍, ബുധന്‍, വെള്ളി എന്നീ ദിവസങ്ങളില്‍ റേഷന്‍കാര്‍ഡ് നമ്പറിന്റെ അവസാന അക്കം ഒറ്റ അക്കത്തില്‍ വരുന്ന കാര്‍ഡുടമകള്‍ക്കും ചൊവ്വ, വ്യാഴം , ശനി എന്നീ ദിവസങ്ങളില്‍ റേഷന്‍ കാര്‍ഡ് നമ്പറിന്റെ അവസാന അക്കം ഇരട്ട അക്കത്തില്‍ വരുന്ന കാര്‍ഡുടമകള്‍ക്കും അവശ്യവസ്തുക്കള്‍ വാങ്ങുന്നതിലേക്കായി മാത്രം യാത്ര അനുവദിക്കും. റേഷന്‍ കാര്‍ഡ് യാതൊരു കാരണവശാലും ദുരുപയോഗം ചെയ്യാന്‍ പാടുള്ളതല്ല.

ഞായാറാഴ്ച സമ്പൂര്‍ണ ലോക്ക് ഡൗണ്‍

പൊന്നാനി നഗരസഭാ പരിധിയില്‍ ഞായാറാഴ്ച സമ്പൂര്‍ണ ലോക്ക് ഡൗണായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. നഗരസഭാ പരിധിയില്‍ രോഗവ്യാപനം കൂടിയ സാഹചര്യത്തിലാണ് തീരുമാനം. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും മറ്റ് അത്യാവശ്യ കാര്യങ്ങള്‍ക്കുമല്ലാതെ ആളുകള്‍ പുറത്തിറങ്ങരുത്. നിയമലംഘകര്‍ക്കെതിരേ നടപടി സ്വീകരിക്കും.

യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍, ജില്ലാ പോലിസ് മേധാവി യു അബ്ദുല്‍ കരിം, എഡിഎം എന്‍ എം മെഹറലി, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ സക്കീന, ജില്ലാ സപ്ലൈ ഓഫിസര്‍ കെ രാജീവ്, ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ പി ടി ഗീത, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ പി റഷീദ് ബാബു, ജില്ലാ ഫയര്‍ ഓഫിസര്‍ മൂസ വടക്കേതില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it