Kerala

നിര്‍ത്തലാക്കിയ ഗോതമ്പിന് പകരം 1000 മെട്രിക്ക് ടണ്‍ റാഗി കേന്ദ്രത്തോട് ആവശ്യപ്പെട്ടു: മന്ത്രി ജി ആര്‍ അനില്‍

ജീവിതശൈലി രോഗങ്ങളുള്ള നിരവധിപേര്‍ അരിക്ക് പകരം ഗോതമ്പ് ഉപയോഗിക്കുന്നവരാണ്. ഇവരെ ബുദ്ധിമുട്ടിലാക്കിയ നടപടിയാണ് ഒരു വര്‍ഷത്തേക്ക് ഗോതമ്പ് വിഹിതം നിര്‍ത്തലാക്കിയത്.

നിര്‍ത്തലാക്കിയ ഗോതമ്പിന് പകരം 1000 മെട്രിക്ക് ടണ്‍ റാഗി കേന്ദ്രത്തോട് ആവശ്യപ്പെട്ടു: മന്ത്രി ജി ആര്‍ അനില്‍
X

കൊച്ചി: സംസ്ഥാനത്തെ മുന്‍ഗണനേതര വിഭാഗത്തിലുള്ള 57 ശതമാനം കാര്‍ഡ് ഉടമകള്‍ക്ക് ഗോതമ്പ് വിഹിതം നിര്‍ത്തലാക്കിയതിനു പകരമായി ഗോതമ്പിന്റെ വിലയ്ക്ക് റാഗി നല്‍കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷയില്‍ കേന്ദ്രത്തില്‍ നിന്നും അനുകൂല സമീപനം പ്രതീക്ഷിക്കുന്നതായി മന്ത്രി അഡ്വ.ജി ആര്‍ അനില്‍.ജീവിതശൈലി രോഗങ്ങളുള്ള നിരവധിപേര്‍ അരിക്ക് പകരം ഗോതമ്പ് ഉപയോഗിക്കുന്നവരാണ്. ഇവരെ ബുദ്ധിമുട്ടിലാക്കിയ നടപടിയാണ് ഒരു വര്‍ഷത്തേക്ക് ഗോതമ്പ് വിഹിതം നിര്‍ത്തലാക്കിയത്.

അത് കണക്കിലെടുത്താണ് ആദ്യഘട്ടമായി 1000 മെട്രിക്ക് ടണ്‍ റാഗി സംസ്ഥാനം ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ 1000 മെട്രിക്ക് ടണ്‍ വെള്ളക്കടലയും(കാബൂളിക്കടല) ആവശ്യപ്പെട്ടിട്ടുണ്ടെന്നും അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി പറഞ്ഞതായും മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. ഭക്ഷ്യപൊതുവിതരണവുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങള്‍ കേന്ദ്രമന്ത്രിയുടെ ശ്രദ്ധിയില്‍പ്പെടുത്തിയിട്ടുണ്ട്.

സാമൂഹ്യക്ഷേമ വകുപ്പിന്റെ അംഗീകാരമുള്ള അഗതിമന്ദിരങ്ങള്‍, അനാഥാലയങ്ങള്‍, പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ ഹോസ്റ്റലുകള്‍ തുടങ്ങിയവ ഉള്‍പ്പെടെ 36,000 പേര്‍ താമസിക്കുന്ന 900ല്‍ അധികം സ്ഥാപനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ സബ്‌സിഡി അരിവിഹിതം കുറച്ചുമാസമായി ലഭിക്കുന്നില്ല. ഇക്കാര്യം കേന്ദ്ര മന്ത്രിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ സ്ഥാപനങ്ങള്‍ക്ക് മുന്‍പ് നല്‍കിയിരുന്ന സബ്‌സിഡി നിരക്കില്‍ അരി അടുത്ത മാസം മുതല്‍ നല്‍കാമെന്ന് കേന്ദ്രമന്ത്രി സമ്മതിച്ചതായി മന്ത്രി പറഞ്ഞു. കൈകാര്യ ചെലവ് ഉള്‍പ്പെടെ സബ്‌സിഡി ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്തതിന്റെ 136 കോടി രൂപ കുടിശിഖയും ആഗസ്റ്റില്‍ സംസ്ഥാനത്തിന് ലഭിക്കും.

ഓണത്തോട് അനുബന്ധിച്ച് സ്‌പെഷലായി സബ്‌സിഡി നിരക്കില്‍ കാര്‍ഡൊന്നിന് 10 കിലോ വീതം അരിയും ഒരു കിലോ വീതം പഞ്ചസാരയും അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രായോഗികമായി ബുദ്ധിമുട്ട് ഉണ്ടെങ്കിലും ഇക്കാര്യം പരിശോധിക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനല്‍കി. 16.5 ലക്ഷം മെട്രിക് ടണ്‍ അരിയാണ് ഭക്ഷ്യസുരക്ഷാ നിയമം(എന്‍എഫ്എസ്എ) നടപ്പിലാക്കുന്നതിന് മുന്‍പ് കേരളത്തിന് ലഭിച്ചത്. എല്ലാ കുടുംബങ്ങള്‍ക്കും ആവശ്യമായ അരി സബ്‌സിഡി നിരക്കില്‍ നല്‍കാന്‍ കഴിഞ്ഞിരുന്നു. ഭക്ഷ്യസുരക്ഷാ നിയമ പ്രകാരം കേരളത്തിന് ഇപ്പോള്‍ ലഭിക്കുന്നത് 14 ലക്ഷം മെട്രിക് ടണ്‍ അരി മാത്രമാണ്. ഇത് അപര്യാപ്തമാണ്. ഓണക്കാലമായതിനാല്‍ സബ്‌സിഡി നിരക്കില്‍ കൂടുതല്‍ അരി നല്‍കമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യപ്പെട്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.22,000 കിലോ ലിറ്റര്‍ സബ്‌സിഡി രഹിത മണ്ണെണ്ണ നല്‍കുവാന്‍ കേന്ദ്ര പെട്രോളിയം മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ തീരുമാനമായതായും മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it