Kerala

ദേവാലയങ്ങളില്‍ നിര്‍ബന്ധിത പണപ്പിരിവ് നടത്തരുത്; വൈദികരും കൃഷിചെയ്യണം: മാര്‍ ജോര്‍ജ് ആലഞ്ചേരി

സഭാ ദിനമായ ജൂലൈ മൂന്നിന് മുന്നോടിയായിട്ടുള്ള സര്‍ക്കുലറിലാണ് മാര്‍ ജോര്‍ജ് ആലഞ്ചേരി ഇക്കാര്യ ചൂണ്ടിക്കാട്ടുന്നത്.സഭാശുശ്രൂഷകളുടെയും ധ്യാന പ്രസംഗങ്ങളുടെയും തിരുനാളുകളുടെയും ലക്ഷ്യം ധനസമ്പാദനമാണ് എന്ന തെറ്റിദ്ധാരണ ജനിപ്പിക്കുന്ന പരസ്യങ്ങളും ആഘോഷങ്ങളും നിറുത്തലാക്കണം. വ്യക്തിപരമായ നേട്ടങ്ങള്‍ക്കും പ്രശസ്തിക്കും വേണ്ടി നിര്‍മ്മാണങ്ങളും പരിപാടികളും ആസൂത്രണം ചെയ്യുന്നത് ഉചിതമല്ല.വ്യക്തികളും സഭാ സംവിധാനങ്ങളും ആവശ്യത്തില്‍കവിഞ്ഞ സമ്പത്ത് സ്വരുക്കൂട്ടിവയ്ക്കുന്ന പ്രവണത ഉപേക്ഷിക്കണം

ദേവാലയങ്ങളില്‍ നിര്‍ബന്ധിത പണപ്പിരിവ് നടത്തരുത്; വൈദികരും കൃഷിചെയ്യണം: മാര്‍ ജോര്‍ജ് ആലഞ്ചേരി
X

കൊച്ചി: ദേവാലയങ്ങളില്‍ നിര്‍ബന്ധിത പണപ്പിരിവ് നടത്തരുതെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി.സഭാ ദിനമായ ജൂലൈ മൂന്നിന് മുന്നോടിയായിട്ടുള്ള സര്‍ക്കുലറിലാണ് മാര്‍ ജോര്‍ജ് ആലഞ്ചേരി ഇക്കാര്യ ചൂണ്ടിക്കാട്ടുന്നത്.കാലങ്ങളായി സഭ ചിന്തിച്ചുകൊണ്ടിരുന്നതും പലതലങ്ങളില്‍ നിന്നും ഉന്നയിക്കപ്പെട്ടിരുന്നതുമായ ജീവിതലാളിത്യം സ്വീകരിക്കുവാനുള്ള ആവശ്യബോധം ഇന്ന് നമുക്കുണ്ടാകുന്നു. ഈ വര്‍ഷവും അടുത്ത വര്‍ഷങ്ങളും എല്ലാ തലങ്ങളിലും ചെലവു ചുരുക്കലിന്റെ കാലമായിരിക്കണം. ധൂര്‍ത്തും ആര്‍ഭാടവും ജീവിതശൈലിയില്‍ നിന്ന് അകലണം. ഉടനേ പുതിയ നിര്‍മ്മാണപദ്ധതികള്‍ ആസൂത്രണം ചെയ്യാതിരിക്കണം. ഇടവകകളും സ്ഥാപനങ്ങളും തുടങ്ങിവച്ചിട്ടുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ സാവകാശം പൂര്‍ത്തിയാക്കിയാല്‍ മതി.നിര്‍ബന്ധിത പണപ്പിരിവുകള്‍ നടത്തേണ്ടതില്ല. ഒരുവിധ സമ്മര്‍ദ്ദവുമില്ലാതെ ജനങ്ങള്‍ സ്വമേധയാ നല്‍കുന്ന നേര്‍ച്ചകളും സംഭാവനകളും മാത്രം വിനിയോഗിച്ചുകൊണ്ട് സഭാ കൂട്ടായ്മയുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കാമെന്നും മാര്‍ ജോര്‍ജാ ആലഞ്ചേരി വ്യക്തമാക്കുന്നു.

സഭാശുശ്രൂഷകളുടെയും ധ്യാന പ്രസംഗങ്ങളുടെയും തിരുനാളുകളുടെയും ലക്ഷ്യം ധനസമ്പാദനമാണ് എന്ന തെറ്റിദ്ധാരണ ജനിപ്പിക്കുന്ന പരസ്യങ്ങളും ആഘോഷങ്ങളും നിറുത്തലാക്കണം. വ്യക്തിപരമായ നേട്ടങ്ങള്‍ക്കും പ്രശസ്തിക്കും വേണ്ടി നിര്‍മ്മാണങ്ങളും പരിപാടികളും ആസൂത്രണം ചെയ്യുന്നത് ഉചിതമല്ലെന്നും വ്യക്തികളും സഭാ സംവിധാനങ്ങളും ആവശ്യത്തില്‍കവിഞ്ഞ സമ്പത്ത് സ്വരുക്കൂട്ടിവയ്ക്കുന്ന പ്രവണത ഉപേക്ഷിക്കണമെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി ചൂണ്ടിക്കാട്ടുന്നു.ഈ വര്‍ഷാവസാനംവരെയെങ്കിലും കൊറോണ വൈറസിന്റെ ആക്രമണം ലോകജനതയ്ക്കു നേരിടേണ്ടിവരും.രോഗത്തിന്റെ സമൂഹവ്യാപനം ഏതുവിധേനയും തടയേണ്ടത് മനുഷ്യവംശത്തിന്റെ നിലനില്‍പ്പിന് ആവശ്യമാണ്.ജൂണ്‍ 09 മുതല്‍ ആരാധനാലയങ്ങള്‍ തുറന്ന് പ്രാര്‍ത്ഥനാശുശ്രൂഷകള്‍ നടത്തുന്നതിന് അനുമതി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇളവുകളെല്ലാം അനുവദിക്കുമ്പോഴും രോഗവ്യാപനം തടയുന്നതിനുള്ള കര്‍ശനമായ നിബന്ധനകളും സര്‍ക്കാരുകള്‍ നല്‍കുന്നുണ്ട്. അവയെല്ലാം കണിശമായി പാലിച്ച് രാജ്യത്തിന്റെ പൊതുനന്മയ്ക്കായി പ്രവര്‍ത്തിക്കുവാന്‍ പ്രതിജ്ഞാബദ്ധരാകണം.

ദൈവാലയത്തിലെ കര്‍മ്മങ്ങള്‍ക്ക് അനുമതി ലഭിച്ചുവെന്നതിന്റെ പേരില്‍ എല്ലാവരും എപ്പോഴും ആരാധനാ കര്‍മ്മങ്ങളില്‍ സംബന്ധിക്കുവാന്‍ തിടുക്കം കൂട്ടുന്നത് ഈ സാഹചര്യത്തില്‍ ശരിയാകില്ല.ഇപ്പോള്‍ തുറന്നുപ്രവര്‍ത്തിക്കുന്ന ദൈവാലയങ്ങള്‍ക്ക് നിബന്ധനകള്‍ പാലിച്ചുകൊണ്ട് അതേ രീതി തുടരാം.ഇതുവരെയും ആരാധനാശുശ്രൂഷകള്‍ പുനരാരംഭിക്കാത്ത ദൈവാലയങ്ങളില്‍ അവ തുടങ്ങുമ്പോഴും രോഗ വ്യാപനനിയന്ത്രണത്തിനുവേണ്ട മുന്‍കരുതലുകള്‍ എടുത്തേ തീരൂ. ഈ വിഷയത്തില്‍ യാതൊരുവിധ ഉദാസീനതയും ഉണ്ടാകരുത്. രോഗവ്യാപനത്തിന്റെ പുതിയ സാധ്യതകള്‍ എവിടെയെങ്കിലുമുണ്ടെന്നറിഞ്ഞാല്‍, ആരാധനാലയങ്ങള്‍ വീണ്ടും അടച്ചുകൊണ്ട് വൈദികരും ജനങ്ങളും ഉത്തരവാദിത്വബോധത്തോടെ പ്രതികരിക്കണമെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി ചൂണ്ടിക്കാട്ടി.

ഐക്യരാഷ്ട്രസംഘടനയുടെ മുന്നറിയിപ്പു പ്രകാരം കഴിഞ്ഞ 50 വര്‍ഷങ്ങളില്‍ അനുഭവപ്പെട്ടതിലും വലിയ ഒരു ക്ഷാമം ലോകം നേരിടാന്‍ പോവുകയാണ്. വ്യക്തികളുടെയോ ഇടവകകളുടെയോ സ്ഥാപനങ്ങളുടെയോ രൂപതകളുടെയോ കൈവശമുള്ള എല്ലാ സ്ഥലങ്ങളിലും കൃഷിചെയ്യണം. ഒരിഞ്ചു കൃഷിഭൂമി പോലും തരിശായി കിടക്കാന്‍ ഇടയാകരുത്. വൈദികര്‍ ഉള്‍പ്പെടെ എല്ലാവരും കൃഷിപ്പണികള്‍ക്കായി സമയം കണ്ടെത്തണം. കേരളത്തില്‍ ഉല്‍പദിപ്പിക്കുന്നവ കൊണ്ടുതന്നെ നമുക്ക് ഭക്ഷിക്കാന്‍വേണ്ടവ ലഭിക്കുമെന്നാണ് വിദഗ്ദ്ധാഭിപ്രായം. ഫ്‌ളാറ്റുകളിലും മറ്റും താമസിക്കുന്നവര്‍ക്കുപോലും ഗ്രോബാഗുകളിലും ടെറസുകളിലും കൃഷി ചെയ്യാന്‍ കഴിയുമെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി വ്യക്തമാക്കി.

Next Story

RELATED STORIES

Share it