Kerala

എതിര്‍പ്പ് തള്ളി;കുര്‍ബ്ബാന അര്‍പ്പണം ഏകീകൃത രീതിയില്‍ വേണമെന്ന് സീറോ മലബാര്‍ സഭ സിനഡ്; മാര്‍പാപ്പയ്ക്ക് പരാതി നല്‍കുമെന്ന് എറണാകുളം-അങ്കമാലി അതിരൂപത സംരക്ഷണ സമിതി

ഏകീകൃത കുര്‍ബ്ബാന അര്‍പ്പണ രീതി നവംബര്‍ 28 മുതല്‍ സഭയില്‍ നടപ്പിലാക്കാനാണ് സിനഡ് തീരുമാനിച്ചിരിക്കുന്നത്.ജനാഭിമുഖ കുര്‍ബാന തുടര്‍ന്നുകൊണ്ടു പോകാനുള്ള വഴികള്‍ തങ്ങള്‍ സ്വീകരിക്കുമെന്ന് അതിരൂപതാ സംരക്ഷണ സമിതി

എതിര്‍പ്പ് തള്ളി;കുര്‍ബ്ബാന അര്‍പ്പണം ഏകീകൃത രീതിയില്‍ വേണമെന്ന് സീറോ മലബാര്‍ സഭ സിനഡ്;  മാര്‍പാപ്പയ്ക്ക് പരാതി നല്‍കുമെന്ന് എറണാകുളം-അങ്കമാലി അതിരൂപത സംരക്ഷണ സമിതി
X

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ വിശ്വാസികളുടെയും വൈദികരുടെയും എതിര്‍പ്പ് തള്ളി സീറോ മലബാര്‍ സഭയില്‍ ഏകീകൃമാതയ രീതിയില്‍ കുര്‍ബ്ബാന അര്‍പ്പിക്കാന്‍ സീറോ മലബാര്‍ സഭ സിനഡ് തീരുമാനിച്ചു.ഈ മാസം 16 മുതല്‍ ഇന്നുവരെ ഓണ്‍ലൈനായി നടന്ന സിനഡിലാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്.ഏകീകൃത കുര്‍ബ്ബാന അര്‍പ്പണ രീതി നവംബര്‍ 28 മുതല്‍ സഭയില്‍ നടപ്പിലാക്കാനാണ് സിനഡ് തീരുമാനിച്ചിരിക്കുന്നത്. തീരുമാനത്തിനെതിരെ മാര്‍പാപ്പയ്ക്ക് പരാതി നല്‍കുമെന്ന് എറണാകുളം-അങ്കമാലി അതിരൂപത സംരക്ഷണ സമിതി. കുര്‍ബ്ബാനയുടെ അര്‍പ്പണ രീതി ഏകീകരിക്കുവാനായി 1999ലെ സഭാ സിനഡ് എടുത്തതും തുടര്‍ന്നുള്ള സിനഡുകളില്‍ ആവര്‍ത്തിച്ച് അംഗീകരിച്ചതുമായ തീരുമാനം താമസംവിനാ നടപ്പിലാക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഫ്രാന്‍സീസ് മാര്‍പാപ്പാ സീറോമലബാര്‍ സഭയിലെ മെത്രാന്മാര്‍ക്കും വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും അല്‍മായര്‍ക്കുമായി എഴുതിയ കത്തിനെ സീറോ മലബാര്‍ സഭയിലെ സിനഡിലെ മെത്രാന്മാര്‍ ഏക കണ്‌ഠേന അംഗീകരിക്കുകയായിരുന്നുവെന്ന് അധികൃതര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

വൈദികന്‍ ആമുഖശുശ്രൂഷയും വചനശുശ്രൂഷയും വചനവേദി (ബേമ്മ)യില്‍ വച്ചു ജനാഭിമുഖമായും അനാഫൊറാ ഭാഗം അള്‍ത്താരയ്ക്ക് അഭിമുഖമായും കുര്‍ബ്ബാന സ്വീകരണത്തിനുശേഷമുള്ള സമാപനശുശ്രൂഷ ജനാഭിമുഖമായും നിര്‍വഹിക്കുക എന്നതാണ് ഏകീകരിച്ച കുര്‍ബ്ബാന അര്‍പ്പണരീതി. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ മാറ്റിവച്ചു സഭയുടെ പൊതുനന്മയെ ലക്ഷ്യമാക്കി ഒരുമനസ്സോടെ ഈ തീരുമാനം നടപ്പിലാക്കണമെന്നും സിനഡിലെ മെത്രാന്മാര്‍ വിശ്വാസികളോട് ആവശ്യപ്പെട്ടു.ഏകീകരിച്ച കുര്‍ബ്ബായര്‍പ്പണരീതി രൂപത മുഴുവനും ഒരുമിച്ചു നടപ്പിലാക്കാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന രൂപതകളില്‍ മേല്‍പറഞ്ഞ തീരുമാനം അംഗീകരിച്ചുകൊണ്ട്, ആദ്യഘട്ടമായി കത്തീഡ്രല്‍ പള്ളികളിലും തീര്‍ത്ഥാടന കേന്ദ്രങ്ങളിലും സന്ന്യാസഭവനങ്ങളിലും മൈനര്‍ സെമിനാരികളിലും സാധ്യമായ ഇടവകകളിലും നവംബര്‍ 28നു തന്നെ ആരംഭിക്കണം. സഭയിലെ എല്ലാ മെത്രാന്മാരുംനവംബര്‍ 28 മുതല്‍ ഏകീകരിച്ച ക്രമത്തിലുള്ള കുര്‍ബ്ബാന അര്‍പ്പിക്കുവാന്‍ തീരുമാനിച്ചു. ഏകീകരിച്ച ബലിയര്‍പ്പണ രീതി ഫലപ്രദമായ ആരാധനക്രമ ബോധവത്ക്കരണത്തിലൂടെ 2022ലെ ഈസ്റ്റര്‍ ഞായറാഴ്ചയോടെയെങ്കിലും രൂപത മുഴുവനിലും നടപ്പിലാക്കണമന്നും സിനഡ് നിര്‍ദ്ദേശിച്ചു.

ഡല്‍ഹിയിലെ ഫരീദാബാദ് സീറോമലബാര്‍ സഭയുടെ അന്ധേരി മോഡിലുള്ള ലിറ്റില്‍ ഫ്ളവര്‍ ദേവാലയം ഇടിച്ചു നിരത്തിയ സംഭവം തികച്ചും ഖേദകരമാണെന്ന് സിനഡ് വിലയിരുത്തി. വിശുദ്ധ കുര്‍ബാനയും ആരാധനാ വസ്തുക്കളും മറ്റും ദേവാലയത്തില്‍ സൂക്ഷിച്ചിരുന്ന സാഹചര്യത്തിലാണ് പ്രസ്തുത സംഭവം നടന്നത് എന്നതും ഏറെ ദുഃഖമുളവാക്കുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അധികാരികള്‍ ശ്രദ്ധിക്കണമെന്ന് സിനഡ് ആവശ്യപ്പെട്ടു.

അതേ സമയം കുര്‍ബാനയര്‍പ്പണ രീതിയെക്കുറിച്ചുള്ള സീറോമലബാര്‍ സിനഡിന്റെ തീരുമാനം ദൗര്‍ഭാഗ്യകരമെന്നും സിനഡ് കൂടും മുമ്പ് തീരുമാനം വിളംബരം ചെയ്ത ഏതാനും മെത്രാന്മാരുടെ മുഖം രക്ഷിക്കാന്‍ മാത്രമാണ് സീറോമലബാര്‍ സിനഡ് ചരിത്രത്തിലെ ഏറ്റവും കളങ്കപ്പെട്ട തീരൂമാനം എടുത്തിരിക്കുന്നതെന്നും അതിരൂപതാ സംരക്ഷണ സമിതി കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ തളിയന്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഇതാദ്യമായാണ് സീറോമലബാര്‍ സിനഡ് മെത്രാന്മാരുടെ അടിസ്ഥാനപരമായ ഐക്യത്തിനു വിരുദ്ധമായി ഏതാനും ചില മെത്രാന്മാരുടെ അഭിപ്രായങ്ങള്‍ അടിച്ചേല്‍പിക്കുന്നത്. സിനഡിലെ മൂന്നിലൊന്നു മെത്രാന്മാര്‍ ജനാഭിമുഖ കുര്‍ബാനയ്ക്കു വേണ്ടി ശക്തമായി നിലപാടെടുത്തെങ്കിലും ചിലരുടെ വാശിയും വൈരാഗ്യവും തീര്‍ക്കാനെന്ന പോലെ എതിര്‍ അഭിപ്രായം പറഞ്ഞ മെത്രാന്മാരെ തീര്‍ത്തും അവഗണിച്ചാണ് ഇപ്പോഴത്തെ തീരുമാനം വന്നിരിക്കുന്നത്.

2021 ജൂലൈ 3 ന് മാര്‍പാപ്പ നല്കിയ കത്തില്‍ 1999ലെ ഏകകണ്‌ഠേന എടുത്ത തീരുമാനത്തെയാണ് സൂചിപ്പിച്ചതെങ്കില്‍ ഇപ്പോഴത്തെ സിനഡില്‍ ഏകകണ്‌ഠേനയല്ല തീരുമാനം എടുത്തിരിക്കുന്നതെന്നത് ചരിത്രപരമായ വൈരുദ്ധ്യമാണ്. ഈ സിനഡിലെ ആമുഖ പ്രസംഗത്തില്‍ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ചുബിഷപ്പ് ലെയൊപോള്‍ഡ് ജിറെല്ലി സഭയില്‍ വിഭാഗിയത സൃഷ്ടിക്കുന്ന തരത്തില്‍ ഐകരൂപ്യം അടിച്ചേല്പിക്കരുതെന്ന് പറഞ്ഞതിനു കടകവിരുദ്ധമായ തീരുമാനം സഭയില്‍ വീണ്ടും വിഭാഗിയതയും പ്രശ്‌നങ്ങളും സൃഷ്ടിക്കാനേ ഉപകരിക്കു. ജനാഭിമുഖ കുര്‍ബാനയ്ക്കു വേണ്ടി വാദിച്ച മെത്രാന്മാര്‍ പ്രതിനിധാനം ചെയ്യുന്നത് ആയിരക്കണക്കിന് വൈദികരെയും ലക്ഷക്കണക്കിനു വിശ്വാസികളെയുമാണ്. അവരെ കേള്‍ക്കാത്തതും മാര്‍പാപ്പയുടെയും വത്തിക്കാന്‍ പ്രതിനിധിയുടെയും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാത്തതുമായ സിനഡ് എടുത്ത തീരുമാനം വിശ്വാസികള്‍ തള്ളിക്കളയും. അത്തരം ഒരു തീരുമാനത്തില്‍ നിന്ന് സഭയുടെ കാനോനിക നിയമമനുസരിച്ച് ഒഴിവ് ലഭിക്കാന്‍ ജനാഭിമുഖ കുര്‍ബാനയെ പിന്തുണയ്ക്കുന്ന മെത്രാന്മാരും വൈദികരും വിശ്വാസികളും ഒത്തൊരുമിച്ച് മാര്‍പാപ്പയ്ക്ക് പരാതി നല്കും.

ഐകരുപ്യം അടിച്ചേല്‍പിച്ച് ഐക്യം തകര്‍ക്കുന്നതിനെ ഒരിക്കലും പിന്തുണയ്ക്കാത്ത ഫ്രാന്‍സിസ് മാര്‍പാപ്പ എറണാകുളം-അങ്കമാലി അതിരൂപതയുടെയും ജനാഭിമുഖ കുര്‍ബാന ചൊല്ലുന്ന മറ്റു രൂപതകളുടെയും പരാതി സ്വീകരിച്ച് തക്കതായ പരിഹാരം കാണുമെന്നു തന്നെയാണ് തങ്ങളുടെ വിശ്വാസമെന്നും അതിരൂപതാ സംരക്ഷണ സമിതി കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ തളിയന്‍ വ്യക്തമാക്കി.ഇതിനകം എറണാകുളംഅങ്കമാലി അതിരൂപതയിലെ 16 ഫെറൊനകളിലെ മിക്ക പാരീഷ് കൗണ്‍സിലുകളും പൂര്‍ണമായ ജനാഭിമുഖ കുര്‍ബാനയ്ക്കു വിരുദ്ധമായത് അടിച്ചേല്‍പിച്ചാല്‍ അത് സ്വീകരിക്കുകയില്ല എന്ന് പ്രമേയം പാസ്സാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ എറണാകുളം അതിരൂപതയില്‍ രണ്ടുവിഭാഗങ്ങളില്ല. അതിനായി നിവേദനത്തില്‍ ഒപ്പിട്ട 466 വൈദികരെയും ലക്ഷക്കണക്കിനു വിശ്വാസികളെയും ഉള്‍പ്പെടുത്തി ജനാഭിമുഖ കുര്‍ബാന തുടര്‍ന്നുകൊണ്ടു പോകാനുള്ള വഴികള്‍ തങ്ങള്‍ സ്വീകരിക്കുമെന്നും അതിരൂപതാ സംരക്ഷണ സമിതി തീരുമാനിച്ചതായിഅതിരൂപത സംരക്ഷണ സമിതി അറിയിച്ചു.

Next Story

RELATED STORIES

Share it