Kerala

സീറോമലബാര്‍ സഭാ സിനഡ്: തീരുമാനങ്ങളെക്കുറിച്ച് ചില വ്യക്തികളും ഗ്രൂപ്പുകളും തെറ്റിദ്ധാരണ പരത്തുന്നു: സീറോ മലബാര്‍ മാധ്യമ കമ്മീഷന്‍

സിനഡിലെ മൂന്നിലൊന്ന് മെത്രാന്മാര്‍ എതിര്‍ത്തിട്ടും ഭൂരിപക്ഷ തീരുമാനം നിര്‍ബന്ധിതമായി നടപ്പിലാക്കി എന്ന അര്‍ത്ഥത്തിലുള്ള ചിലരുടെ പ്രസ്താവന തികച്ചും വാസ്തവ വിരുദ്ധമാണ്

സീറോമലബാര്‍ സഭാ സിനഡ്: തീരുമാനങ്ങളെക്കുറിച്ച് ചില വ്യക്തികളും ഗ്രൂപ്പുകളും തെറ്റിദ്ധാരണ പരത്തുന്നു: സീറോ മലബാര്‍ മാധ്യമ കമ്മീഷന്‍
X

കൊച്ചി:സീറോ മലബാര്‍ സഭ സിനഡിന്റെ തീരുമാനങ്ങളെക്കുറിച്ച് ചില വ്യക്തികളും ഗ്രൂപ്പുകളും തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും സീറോ മലബാര്‍ സഭ മാധ്യമ കമ്മീഷന്‍. സിനഡിന്റെ തീരുമാനങ്ങള്‍ അര്‍ഥശങ്കയ്ക്ക് ഇടനല്‍കാത്ത വിധം അറിയിച്ചിരുന്നു. സിനഡാനന്തര ഇടയലേഖനവും പ്രസ്താവനയും ഏവര്‍ക്കും ലഭ്യമാക്കിയിട്ടുണ്ട്.എന്നാല്‍, ചില വ്യക്തികളും ഗ്രൂപ്പുകളും സിനഡിന്റെ തീരുമാനങ്ങളെക്കുറിച്ചു തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്. സിനഡിലെ മൂന്നിലൊന്ന് മെത്രാന്മാര്‍ എതിര്‍ത്തിട്ടും ഭൂരിപക്ഷ തീരുമാനം നിര്‍ബന്ധിതമായി നടപ്പിലാക്കി എന്ന അര്‍ത്ഥത്തിലുള്ള ചിലരുടെ പ്രസ്താവന തികച്ചും വാസ്തവ വിരുദ്ധമാണ്. നിലവില്‍ ജനാഭിമുഖ കുര്‍ബാന അര്‍പ്പിക്കുന്ന രൂപതകളിലെ മെത്രാന്മാര്‍ സിനഡല്‍ തീരുമാനം നടപ്പിലാക്കുമ്പോള്‍ ഉണ്ടാകാനിടയുള്ള പ്രതിസന്ധികളെക്കുറിച്ച് സിനഡില്‍ പങ്കുവച്ചു എന്നുള്ളത് സത്യമാണ്. എന്നാല്‍ മാര്‍പാപ്പയുടെ തീരുമാനത്തിനു വിരുദ്ധമായൊരു തീരുമാനമെടുക്കാന്‍ സിനഡിനു കഴിയില്ല എന്നത് സിനഡിന്റെ ഐക്യകണ്‌ഠേനയുള്ള നിലപാടാണെന്ന് മാധ്യമ കമ്മീഷന്‍ വ്യക്തമാക്കി.

1999ല്‍ സിനഡ് ഐക്യകണ്‌ഠേന എടുത്തതും 2020ല്‍ ആവര്‍ത്തിച്ച് അംഗീകരിച്ചതുമായ വിശുദ്ധ കുര്‍ബാനയര്‍പ്പണ രീതിയുടെ ഏകീകരണത്തെക്കുറിച്ചുള്ള തീരുമാനം ഉടനടി നടപ്പിലാക്കാനാണ് മാര്‍പാപ്പ ആവശ്യപ്പെട്ടത്. തീരുമാനം നടപ്പിലാക്കാനുള്ള പ്രായോഗിക മാര്‍ഗ്ഗങ്ങളും അതിനുള്ള തിയതിയും നിശ്ചയിക്കുക എന്നതു മാത്രമായിരുന്നു ഈ സിനഡിന്റെ ചര്‍ച്ചാ വിഷയം. സഭയിലെ ഒറ്റപ്പെട്ട ചില സ്ഥലങ്ങളില്‍ തീരുമാനം നടപ്പിലാക്കുമ്പോഴുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ സിനഡ് ചര്‍ച്ച ചെയ്തിരുന്നു. ഏകീകരിച്ച കുര്‍ബ്ബാന അര്‍പ്പണ രീതി നടപ്പിലാക്കുന്നതിലൂടെ സഭയില്‍ കൈവരുന്ന ഐക്യവുമായി താരതമ്യം ചെയ്യുമ്പോള്‍ ചില പ്രദേശങ്ങളില്‍ നിന്ന് തുടക്കത്തില്‍ ഉണ്ടാകാനിടയുള്ള എതിര്‍പ്പുകള്‍ക്ക് അമിത പ്രാധാന്യം നല്‍കേണ്ടതില്ല എന്ന കാര്യത്തിലും സിനഡില്‍ പൊതുധാരണയിലെത്തിയിരുന്നു.

സിനഡല്‍ തീരുമാനത്തോട് വിയോജിപ്പുള്ളവര്‍ക്ക് അത് പ്രകടമാക്കാന്‍ കാനോനിക മാര്‍ഗങ്ങള്‍ അവലംബിക്കാന്‍ അവകാശവും അവസരവും ഉണ്ട്. എന്നാല്‍ അടിസ്ഥാനരഹിതവും തെറ്റിദ്ധാരണ ജനിപ്പിക്കുന്നതുമായ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നത് സഭയുടെ അച്ചടക്കത്തിനും കെട്ടുറപ്പിനും ചേര്‍ന്നതല്ല. സഭാ ഗാത്രത്തില്‍ ഭിന്നതയും അസ്വസ്ഥതയും പടര്‍ത്തുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ആരുടെയും ഭാഗഗത്തുനിന്നും ഉണ്ടാകരുതെന്നും സിനഡല്‍ തീരുമാനത്തെ അനുകൂലിച്ചോ, പ്രതികൂലിച്ചോ അനാവശ്യ അഭിപ്രായപ്രകടനങ്ങള്‍ സാമൂഹികമാധ്യമങ്ങള്‍ വഴി നടത്താതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും മീഡിയ കമ്മീഷന്‍ ആവശ്യപ്പെട്ടു.വിശുദ്ധ കുര്‍ബാനയര്‍പ്പണവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും സഭയുടെ തികച്ചും ആഭ്യന്തര ആത്മീയ കാര്യങ്ങളാണ്. അവയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സഭാതലത്തില്‍ ഒതുക്കി നിര്‍ത്തേണ്ടതുമാണ്. അത് മാധ്യമ വിശകലനത്തിന് വിധേയമാക്കേണ്ട വിഷയമല്ലെന്നും മീഡിയ കമ്മീഷന്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it