Kerala

താനൂര്‍ കസ്റ്റഡി മരണം; മലപ്പുറം എസ്.പിയെ മാറ്റിനിര്‍ത്തി ജുഡീഷ്യല്‍ അന്വേഷണം നടത്തുക; എസ്.ഡി.പി.ഐ

കലക്ടറുടെ സാന്നിദ്ധ്യത്തില്‍ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞതായി സഹോദരന്‍ വെളിപെടുത്തിയത് ഗൗരവമുള്ള സംഭവമാണ്.

താനൂര്‍ കസ്റ്റഡി മരണം; മലപ്പുറം എസ്.പിയെ മാറ്റിനിര്‍ത്തി ജുഡീഷ്യല്‍ അന്വേഷണം നടത്തുക; എസ്.ഡി.പി.ഐ
X

താനൂര്‍: പോലിസ് സ്റ്റേഷനില്‍ യുവാവ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ മലപ്പുറം എസ്.പി.യെ മാറ്റി നിറുത്തി ജുഡീഷ്യല്‍ അന്വേഷണത്തിനും നഷ്ടപരിഹാരം പ്രഖ്യാപിക്കാനും സര്‍ക്കാര്‍ തയ്യാറാവണമെന്ന് എസ്.ഡി.പി.ഐ മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് തുടക്കം മുതല്‍ മലപ്പുറം എസ്.പി നേരിട്ട് തെറ്റായ വിവരങ്ങള്‍ സമൂഹത്തിന് നല്‍കി തന്റെ കീഴിലുള്ള പോലിസ് ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചത് സംഭവത്തിന്റെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുണ്ട്.

മമ്പുറം സ്വദേശി താമിര്‍ ജിഫ്രിയെ ചേളാരി ആലുങ്ങലിലെ താമസ സ്ഥലത്തു നിന്ന് മരണം നടന്നതിന്റെ തലേദിവസം വൈകീട്ട് പിടിച്ച് കൊണ്ടുപോയി നിയമവിരുദ്ധ കസ്റ്റഡിയില്‍ വെച്ച് മര്‍ദ്ദിച്ച് കൊലപെടുത്തിയതാണന്ന സംശയം ബലപ്പെടുന്നു. പുലര്‍ച്ചെ 1.45 ന് പിടിച്ചെന്നും, 4 മണിയോടെ കുഴഞ്ഞ് വീണെന്നുമുള്ള കള്ളക്കഥ പ്രചരിപ്പിച്ച് കസ്റ്റഡി മരണത്തെ വെള്ളപൂശാനുള്ള ശ്രമത്തിന് മലപ്പുറം എസ്.പി തന്നെ നേരിട്ട് ചുക്കാന്‍ പിടിച്ചതു മൂലമാണ്. മാത്രവുമല്ല ജിഫ്രി സ്ഥിരം ക്രിമിനലാണന്നും നിരവധി കേസുകളില്‍ പ്രതിയാണെന്നും വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചത് ജില്ലയിലെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ തന്നെയാണന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതാണ്.

എന്നാല്‍ മരിച്ച യുവാവിന്റെ ബന്ധുക്കള്‍ പറയുന്നത് പോലിസ് പറയുന്ന തരത്തിലുള്ള യാതൊരു കേസും ഇതുവരെ ജിഫ്രിക്കെതിരെ ഇല്ലെന്നാണ്. ഉള്ള കേസ് തന്നെ രര/1017/2015 എന്ന നമ്പറിലുള്ള മമ്പുറത്ത് നടന്ന രാഷ്ട്രീയ അടിപിടി കേസാണ്. മറ്റൊന്ന് ആക്‌സിഡന്റ് കേസുമാണ്. മരണം പുലര്‍ച്ചെ 4.30 ഓടെ സംഭവിച്ചിരുന്നു. ബന്ധുക്കളെ വിവരം അറിയിക്കുന്നത് കാലത്ത് 10 മണിയോടടുത്താണ്. സഹോദരന്‍ ആശുപത്രിയില്‍ ചെല്ലുമ്പോള്‍ മൃതദേഹത്തില്‍ അടിവസ്ത്രം മാത്രമാണ് ഉണ്ടായിരുന്നതെന്നും, സ്വകാര്യ കാറിലാണ് ആശുപത്രിയില്‍ കൊണ്ട് വന്നതെന്നും, ആശുപത്രിയില്‍ എത്തും മുമ്പേ മരണം സംഭവിച്ചിരുന്നെന്നും സബ് കലക്ടറുടെ സാന്നിദ്ധ്യത്തില്‍ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞതായി സഹോദരന്‍ വെളിപെടുത്തിയത് ഗൗരവമുള്ള സംഭവമാണ്.

മരണ വാര്‍ത്ത പുറം ലോകം അറിഞ്ഞപ്പോള്‍ മുതല്‍ യുവാവിന്റെ മൃതദേഹം കാണിക്കാനോ , ബന്ധുക്കളെ വിവരമറിയിക്കാനൊ അതിരാവിലെ തന്നെ എത്തിയ എസ്പിയടക്കം തയ്യാറാവാത്തത് ചോദ്യം ചെയ്ത് നാട്ടുകാരും മറ്റും പ്രതിഷേധിച്ചിരുന്നു.കസ്റ്റഡി മരണത്തിന് ശേഷം നടന്ന പോസ്റ്റ്‌മോര്‍ട്ടം പ്രാഥമികറിപ്പോര്‍ട്ടില്‍ ക്രൂര മര്‍ദ്ദനത്തിന്റെ പാടുകളുണ്ട്. ഇത് വിരല്‍ ചൂണ്ടുന്നത് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാണന്ന് തന്നെയാണ്.അതിനാല്‍ ഉത്തരവാദികളായ എസ്പിയടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലകുറ്റത്തിന് കേസ്സെടുക്കണമെന്നും, ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.






Next Story

RELATED STORIES

Share it