Kerala

ഹരിദാസന്റെ കൊലപാതകം ബിജെപി- ആര്‍എസ്എസ് നേതൃത്വം ആസൂത്രണം ചെയ്തത്: കോടിയേരി

ഹരിദാസന്റെ കൊലപാതകം ബിജെപി- ആര്‍എസ്എസ് നേതൃത്വം ആസൂത്രണം ചെയ്തത്: കോടിയേരി
X

തിരുവനന്തപുരം: കണ്ണൂരിലെ ഹരിദാസന്റെ കൊലപാതകം ബിജെപി- ആര്‍എസ്എസ് നേതൃത്വത്തിന്റെ അറിവോടെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പരിശീലനം ലഭിച്ച ആര്‍എസ്എസ്- ബിജെപി സംഘം ആസൂത്രിതമായാണ് കൊല നടത്തിയത്. ബിജെപി നേതൃത്വമാണ് കൊലപാതകം ആസൂത്രണം ചെയ്തത്. പ്രദേശത്തെ രണ്ടുപേരെ കൊല്ലുമെന്ന് ബിജെപി നേതാവ് തലേദിവസം പ്രഖ്യാപിച്ചു. പിറ്റേദിവസം കൊലപാതകം നടന്നുവെന്നും കോടിയേരി പറഞ്ഞു. സംസ്ഥാനത്തിന്റെ പലയിടത്തും ആക്രമണം നടത്താനുള്ള ആസൂത്രണമാണ് ബിജെപി നടത്തുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി.

ആലപ്പുഴയിലും തിരുവല്ലയിലും കഴിഞ്ഞ ദിവസങ്ങളില്‍ സമാനമായി സംഭവങ്ങള്‍ നടന്നു. കേരളത്തെ കലാപഭൂമിയാക്കാനാണ് ആര്‍എസ്എസ്- ബിജെപി സംഘം ശ്രമിക്കുന്നത്. ഇതിന് വേണ്ടി ഇവര്‍ക്ക് ഒരാഴ്ചത്തെ പരിശീലനം ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നുള്ള 3000ലേറെ പേരാണ് ആ പരിശീലന പരിപാടിയില്‍ പങ്കെടുത്തത്. തലശ്ശേരിയില്‍ നിന്ന് ഈ പരിശീലനത്തിന് പങ്കെടുത്ത സംഘമാണ് കൊല നടത്തിയത്. ഈ സംഭവം അന്വേഷിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. കൊലപാതകത്തില്‍ സിപിഎം ശക്തമായി പ്രതിഷേധിക്കുന്നു. ആര്‍എസ്എസ്- ബിജെപി സംഘം കൊലക്കത്തി താഴെ വയ്ക്കാന്‍ തയ്യാറല്ലെന്നാണ് ആവര്‍ത്തിക്കപ്പെടുന്ന കൊലപാതകങ്ങളില്‍നിന്നും മനസ്സിലാവുന്നത്.

പ്രകോപനങ്ങളില്‍ സിപിഎം പ്രവര്‍ത്തകര്‍ പെട്ടുപോവരുത്. കൊലപാതകം നടത്തിയിടിട്ട് സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന രീതിയാണ് നടക്കുന്നത്. ഇത്തരം ആക്രമണങ്ങളിലൂടെ സിപിഎമ്മിനെ വിറപ്പിക്കാമെന്ന് ആര്‍എസ്എസ്- ബിജെപി സംഘങ്ങള്‍ കരുതേണ്ട. കണ്ണൂര്‍ ജില്ലയിലടക്കം ഇതെല്ലാം അതിജീവിച്ചാണ് സിപിഎം വന്നതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

ആര്‍എസ്എസ്- ബിജെപി കാപാലികര്‍ അഭയ കേന്ദ്രമായ വീട്ടകങ്ങളില്‍ കയറിയും കൊലപാതകം നടത്തുമെന്നാണ് പ്രഖ്യാപിക്കുന്നത്. ജനങ്ങളുടെ സുരക്ഷിതത്വവും സമാധാനവും ഇല്ലാതാക്കാനുള്ള നിര്‍ദേശമാണ് ക്രിമിനലുകള്‍ നടപ്പാക്കുന്നതെന്ന് കോടിയേരി കുറ്റപ്പെടുത്തി. കൊലപാതകത്തിന് പിന്നിലുള്ള ഗൂഢാലോചനയില്‍ പങ്കാളികളായവരെയെല്ലാം കണ്ടെത്തണം. അരുംകൊല നടത്തിയ പ്രതികള്‍ക്കെതിരേ കര്‍ശന നടപടി ഉണ്ടാവണമെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ കോടിയേരി ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it