Kerala

സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതില്‍ പ്രതിഷേധം; ഹരിതയുടെ രണ്ട് ജില്ലാ പ്രസിഡന്റുമാര്‍ രാജിവച്ചു

സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതില്‍ പ്രതിഷേധം; ഹരിതയുടെ രണ്ട് ജില്ലാ പ്രസിഡന്റുമാര്‍ രാജിവച്ചു
X

കോഴിക്കോട്: ഹരിതയുടെ പുതിയ സംസ്ഥാന കമ്മിറ്റി പ്രഖ്യാപനത്തിന് പിന്നാലെ രണ്ട് ജില്ലാ കമ്മിറ്റി പ്രസിഡന്റുമാര്‍ രാജിവച്ചു. ഹരിത വയനാട് ജില്ലാ പ്രസിഡന്റ് ഫാത്തിമ ഷാദിനും കാസര്‍കോട് ജില്ലാ പ്രസിഡന്റ് സലിസ അബ്ദുല്ലയുമാണ് രാജിവച്ചത്. ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതിലും എംഎസ്എഫ് നേതാക്കളുടെ അധിക്ഷേപങ്ങള്‍ക്കെതിരേ പരാതിപ്പെട്ടവര്‍ക്ക് നീതി ലഭിക്കാത്തതിലും പ്രതിഷേധിച്ചാണ് രാജിവച്ചത്. സഹനേതാക്കളില്‍ നിന്നുണ്ടായ അധിക്ഷേപങ്ങള്‍ക്കെതിരേ പരാതിപ്പെടുകയും നിതീക്ക് വേണ്ടി ശബ്ദിച്ച ഹരിത സംസ്ഥാന കമ്മിറ്റിയെ മരവിപ്പിക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ച് തികഞ്ഞ ബോധ്യത്തോടെ ഹരിത കാസര്‍കോട് ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുകയാണെന്ന് സാലിസ ജില്ലാ എംഎസ്എഫ് പ്രസിഡന്റിന് നല്‍കിയ കത്തില്‍ പറയുന്നു.

സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് ഫാത്തിമ ഷാദിനും പ്രതികരിച്ചു. ജനാധിപത്യവിരുദ്ധ നടപടി അംഗീകരിക്കാനാവില്ലെന്നും ഷാദിന്‍ വ്യക്തമാക്കി. ഞായറാഴ്ച വൈകീട്ടാണ് ഹരിതയുടെ പുതിയ സംസ്ഥാന കമ്മിറ്റിയെ മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഖ്യാപിച്ചത്. പിരിച്ചുവിട്ട കമ്മിറ്റിയിലെ ട്രഷററായിരുന്ന പി എച്ച് ആയിശ ബാനുവാണ് പുതിയ പ്രസിഡന്റ്. റുമൈസ റഫീഖ് ജനറല്‍ സെക്രട്ടറിയും നയന സുരേഷ് ട്രഷററുമാണ്. എംഎസ്എഫിന്റെ വനിതാവിഭാഗമായ ഹരിതയുടേത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് വിലയിരുത്തിയായിരുന്നു കഴിഞ്ഞ ദിവസം ചേര്‍ന്ന മുസ്‌ലിം ലീഗ് നിര്‍വാഹകസമിതിയോഗം ഹരിതയുടെ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടത്.

വിവിധ ജില്ലാ മുസ്‌ലിം ലീഗ് കമ്മിറ്റികളുമായി കൂടിയാലോചന നടത്തിയ ശേഷമാണ് കമ്മിറ്റി പുനസ്സംഘടിപ്പിച്ചത്. എംഎസ്എഫ് നേതാക്കളുടെ അധിക്ഷേപത്തിനെതിരേ വനിതാ കമ്മീഷനെ സമീപിച്ചതാണ് ലീഗ് നേതൃത്വത്തെ ചൊടിപ്പിച്ചത്. വനിതാകമ്മീഷനില്‍ പരാതി നല്‍കിയ പത്തുപേരേയും കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കിയിരുന്നു. അതേസമയം, പുതിയ കമ്മിറ്റി പ്രഖ്യാപിച്ച രീതിയില്‍ അതൃപ്തിയുണ്ടെന്ന് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ പറഞ്ഞു. ഏകപക്ഷീയമായാണ് കമ്മിറ്റി പ്രഖ്യാപിച്ചതെന്നായിരുന്നു പിരിച്ചുവിട്ട കമ്മിറ്റിയിലെ പ്രസിഡന്റായിരുന്ന മുഫീദ തസ്‌നിയുടെ പ്രതികരണം.

Next Story

RELATED STORIES

Share it